121

Powered By Blogger

Tuesday, 9 December 2014

പക്ഷിപ്പനി; അധികൃതരുടെ ആധി ഒഴിഞ്ഞു; കര്‍ഷകരുടെ അശങ്ക തുടരുന്നു











Story Dated: Wednesday, December 10, 2014 01:58


കോട്ടയം: പക്ഷിപ്പനിയില്‍ ജീവിതം തകര്‍ന്ന്‌ ജില്ലയിലെ നിരവധി കുടുംബങ്ങള്‍. പക്ഷിപ്പനി നിയന്ത്രണവിധേയമെന്ന്‌ അധികൃതര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും സാധാരണക്കാരന്റെ ജീവിതത്തിലേയ്‌ക്ക്‌ ഇവരാരും തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപം. തിരുവാര്‍പ്പ്‌ പഞ്ചായത്തിലെ 13-ാംവാര്‍ഡിലെ കുരുത്തോലക്കടവ്‌ പ്രദേശത്തെ മുപ്പതിലേറെ കുടുംബങ്ങളുടെ ദുരിതം നേരിട്ടറിഞ്ഞാല്‍ മനസിലാകും ഇതിന്റെ പൊരുള്‍. ഇവരുടെ ജീവിതഭാരം ഇരട്ടിയാക്കിയാണു പക്ഷിപ്പനി എത്തിയത്‌. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്നും അവകാശപ്പെടുന്ന അധികൃതരുടെ വാദങ്ങള്‍ പൊള്ളയാണെന്നു തെളിയിക്കുന്നതാണ്‌ ഇവിടുത്തെ ദുരവസ്‌ഥ.


പക്ഷിപ്പനി ബാധിച്ച്‌ പള്ളം വിളക്കുമരം കൊടൂരാറ്റിന്റെ ഓരത്ത്‌ വളര്‍ത്തിയ 6500 താറാവുകളെ ജീവനോടെയും അല്ലാതെയും കത്തിച്ചുകൊന്ന സ്‌ഥലത്തുനിന്നും ഇവിടേക്കുള്ള ദൂരം വെറും 200മീറ്റര്‍. പക്ഷിപ്പനി സ്‌ഥിരീകരിച്ച പ്രദേശത്തിന്‌ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജീവനുള്ളതും അല്ലാത്തതുമായ മുഴുവന്‍ പക്ഷികളെയും കൊന്നൊടുക്കണമെന്നായിരുന്നു നിര്‍ദേശം. ഇതും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. രോഗലക്ഷണമുള്ളതും അല്ലാത്തതുമായ നൂറുകണക്കിനു താറാവുകളാണ്‌ ഇപ്പോഴും കൊടൂരാറ്റില്‍ ഒഴുകി നടക്കുന്നത്‌. പിടികൂടുന്ന വേളയില്‍ കായലിലൂടെ രക്ഷപ്പെട്ട ഒട്ടേറെ താറാവുകള്‍ വിളക്കുമരം കായലിലെ പുല്ലുകള്‍ക്കിടയില്‍ ചത്തുകിടപ്പുണ്ട്‌. ഇതോടെ, ജലത്തിനു നിറവ്യത്യാസവും പുളിപ്പും അനുഭവപ്പെടുന്നുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.


കുടിവെള്ളംപോലും കിട്ടാന്‍ ബുദ്ധിമുട്ടുന്ന നിവാസികള്‍ പണം നല്‍കി കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ്‌. മറ്റ്‌ ആവശ്യങ്ങള്‍ക്കു കായലിലെ ജലമാണ്‌ ഇവര്‍ ഉപയോഗിക്കുന്നത്‌. ചുമ, ജലദോഷം, വയറിളക്കം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും പ്രദേശത്തേക്ക്‌ ഒരു വകുപ്പും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്‌. പ്രദേശത്തെ ഒരുപക്ഷികളെയും പിടികൂടി കൊല്ലാനും ആരും വന്നിട്ടില്ല. ഈ പ്രദേശത്തിലൂടെ കടന്നുപോകുന്ന വഴിയിലൂടെ ഗതാഗതവും സഞ്ചാരവും നിയന്ത്രിച്ചുവെന്നു കാണിക്കുന്ന ബോര്‍ഡ്‌ മാത്രമാണ്‌ അധികൃതര്‍ സ്‌ഥാപിച്ചത്‌. ആയിരക്കണക്കിനു താറാവുകള്‍ ചത്തുവീണ പ്രദേശത്തേക്കു കുടിവെള്ളംപോലും എത്തിക്കാന്‍ സംവിധാനം ഒരുക്കിയിട്ടില്ല. വിലകൊടുത്തു വാങ്ങിയാലും പ്രദേശത്തേക്ക്‌ അതിസാഹസികമായാണു കുടിവെള്ളം വള്ളത്തില്‍ എത്തിക്കുന്നത്‌.


പുല്ലുനിറഞ്ഞ വിളക്കുമരം കായലിലൂടെ യാത്ര അതികഠിനമാണ്‌. ചീഞ്ഞഴുകിയ താറാവുകളില്‍നിന്ന്‌ ഉയരുന്ന ദുര്‍ഗന്ധം സഹിക്കാവുന്നതിലപ്പുറമാണെന്ന്‌ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. നീരൊഴുക്കില്ലാതെ കെട്ടികിടക്കുന്ന ജലത്തിലൂടെയുള്ള യാത്ര പക്ഷിപ്പനി ഭീതി പരത്തും. പുഞ്ചകൃഷി ആരംഭിച്ച ആറോളം പാടശേഖരത്തെ നെല്‍കൃഷിയും അവതാളത്തിലാകുമെന്ന ഭീതിയുണ്ട്‌.


അപ്പര്‍കുട്ടനാടന്‍ മേഖലയായ തിരുവായിക്കരി, 9000 ഏക്കര്‍, 3500 ഏക്കര്‍, 6000 ഏക്കര്‍, പള്ളംപാടം, കുട്ടനാടിന്റെ ഭാഗമായ 24,000 ഏക്കറിന്റെ ഒരുഭാഗം എന്നിവിടങ്ങളില്‍ രണ്ടാംകൃഷി ആരംഭിച്ചിട്ടുണ്ട്‌. കൃഷികളുടെ കാര്യത്തിലും കര്‍ഷകര്‍ ആകുലരാണ്‌. അതേ സമയം എല്ലാം നിയന്ത്രണാവിധേയമെന്നും ജനം സാധാരണ ജീവിതത്തിലേയ്‌ക്ക്‌ മടങ്ങിവരുന്നതുമായുള്ള വാദം എന്തടിസ്‌ഥാനത്തിലാണെന്ന്‌ വ്യക്‌തമല്ലെന്നും നാട്ടുകാരും കര്‍ഷകരും പറയുന്നു.










from kerala news edited

via IFTTT