121

Powered By Blogger

Tuesday, 30 December 2014

മലയാളസിനിമയുടെ കുലപതി







മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള പ്രമുഖരായ അപൂര്‍വം നിര്‍മാതാക്കളില്‍ ഒരാളാണ് ടി.ഇ. വാസുദേവന്‍. മലയാള സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയോടൊപ്പം കടന്നുവന്ന വ്യക്തി. അപൂര്‍വമായി സിനിമാരംഗത്ത് കാണപ്പെടുന്ന വ്യക്തിത്വം. സ്വഭാവമഹിമയിലും സത്യസന്ധതയിലും ഉന്നതനുമാണ് ഇദ്ദേഹം. ഇപ്പോള്‍ സജീവമായി ചലച്ചിത്രരംഗത്തില്ലെങ്കിലും മറ്റുള്ള പ്രവര്‍ത്തകര്‍ക്ക് ഉപദേശകനും മാര്‍ഗദര്‍ശിയുമായി വിശ്രമജീവിതം നയിക്കുന്നു.

എറണാകുളത്തിനടുത്ത് തൃപ്പുണിത്തുറയിലാണ് ടി.ഇ. വാസുദേവന്‍ ജനിച്ചത്. പിതാവ് ശങ്കരമേനോനും അമ്മ യശോദയും. സാമാന്യ വിദ്യാഭ്യാസം നേടുന്നതിനേ ടി.ഇ.യ്ക്ക് കഴിഞ്ഞുള്ളൂ. എസ്.എസ്.എല്‍.സി. പാസ്സായതിന് ശേഷം ഒരു ജോലി കണ്ടെത്തുന്നതിനുള്ള ശ്രമമായിരുന്നു. ആദ്യം ഒരു ക്ലാര്‍ക്കിന്റെ ജോലി ലഭിച്ചെങ്കിലും സിനിമയായിരുന്നു ടി.ഇ.യുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. വരും കാലങ്ങളില്‍ ഇതൊരു നല്ല വ്യവസായവും കൂടിയാണെന്ന് മനസ്സിലാക്കിയപ്പോള്‍, ആ വഴിക്ക് പോകാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു വിതരണക്കമ്പനി സ്വന്തമായി തുടങ്ങാന്‍ തീരുമാനിച്ചു.


ടി.ഇ. ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന കാലത്ത് വളരെക്കുറച്ച് ചിത്രങ്ങള്‍ മാത്രമേ നിര്‍മിച്ചിരുന്നുള്ളൂ. അന്ന് കൂടുതലും തമിഴ്-ഹിന്ദി ചിത്രങ്ങളായിരുന്നു മലയാളക്കരയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ആദ്യകാലങ്ങളില്‍ വളരെയധികം ത്യാഗങ്ങള്‍ സഹിച്ചാണ് ടി.ഇ. മുന്നോട്ട് വന്നത്.

സ്വന്തമായി പണം മുടക്കാനുള്ള സാമ്പത്തികശേഷി ടി.ഇ.യ്ക്ക് ഇല്ലായിരുന്നു. ഹിന്ദിയിലും തമിഴിലുമുള്ള ചിത്രങ്ങള്‍ വിലയ്‌ക്കെടുത്ത് കേരളത്തിന്റെ പല ഭാഗങ്ങളിലുമുള്ള തിയേറ്ററുകളില്‍ ഒറ്റയ്ക്ക് പോകേണ്ടിവന്നിട്ടുണ്ട്.


1941-ലാണ് 'അസോസിയേറ്റഡ് പിക്‌ചേഴ്‌സ്' എന്ന പേരില്‍ ഒരു വിതരണക്കമ്പനിക്ക് രൂപം നല്‍കിയത്. ആദ്യം തമിഴ്, ഹിന്ദി ചിത്രങ്ങള്‍ വിതരണത്തിനുവേണ്ടി വിലയ്ക്കുവാങ്ങി. പല തിയേറ്ററുകളിലും കൊണ്ടുനടന്ന് പ്രദര്‍ശിപ്പിച്ചു.


1951-ലെ 'അമ്മ' എന്ന ചിത്രമായിരുന്നു ടി.ഇ. നിര്‍മിച്ച ആദ്യചിത്രം. 'അമ്മ'യുടെ കഥയും സംഭാഷണവുമെഴുതിയത് പ്രശസ്ത സാഹിത്യകാരനായ നാഗവള്ളി ആര്‍.എസ്. കുറുപ്പായിരുന്നു. നാഗവള്ളി സിനിമാരംഗത്ത് പുതുമുഖമായിരുന്നില്ല. ഇതിനുമുന്‍പ് 'ചന്ദ്രിക' എന്ന ചിത്രത്തിനുവേണ്ടി സംഭാഷണം എഴുതുകയും ഒരു റോള്‍ അഭിനയിക്കുകയും ചെയ്തിരുന്നു.


'ആശാദീപം' എന്ന പേരില്‍ ടി.ഇ. നിര്‍മിച്ച രണ്ടാമത്തെ ചിത്രത്തിന്റെ കഥയും സംഭാഷണവും രചിച്ചത് പൊന്‍കുന്നം വര്‍ക്കിയായിരുന്നു. തൊട്ടടുത്ത വര്‍ഷംതന്നെ 'സ്‌നേഹസീമ'യും പുറത്തുവന്നു. ഇതില്‍ സത്യന്‍, പത്മിനി, കൊട്ടാരക്കര, എസ്.പി. പിള്ള, മുതുകുളം എന്നിവരെ കൂടാതെ ഇപ്പോഴും രംഗത്തുള്ള ജി.കെ. പിള്ള എന്ന നടന്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത് ഈ ചിത്രത്തിലായിരുന്നു.

ടി.ഇ. നിര്‍മിച്ച മറ്റൊരു ചിത്രമായിരുന്നു 'ജ്ഞാനസുന്ദരി'. മലയാളത്തിലെ അതിപ്രശസ്തനായി മാറിയ കെ.എസ്. സേതുമാധവനെ ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തിച്ചു.


നിര്‍മാണരംഗത്ത് മേല്‍വിലാസം നേടിയ ടി.ഇ. 'ജയമാരുതി' എന്ന പേരില്‍ സ്വന്തമായി ചിത്രനിര്‍മാണം തുടങ്ങാന്‍ തീരുമാനിച്ചു. ഈ സ്ഥാപനത്തിന്റെ ആദ്യചിത്രം 'വിയര്‍പ്പിന്റെ വില'യായിരുന്നു. കഥ ടി.ഇ. തന്നെ രചിച്ചു; സംഭാഷണം പൊന്‍കുന്നം വര്‍ക്കിയും. വിനോദചിത്രങ്ങള്‍ക്ക് പ്രാമുഖ്യം നല്കിക്കൊണ്ട് മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ എന്ന് ബോധ്യം വന്നപ്പോള്‍, വി. ദേവന്‍ എന്ന പേരിലാണ് കഥകള്‍ക്ക് രൂപം നല്‍കിയത്. ഇതിനകം പല ചിത്രങ്ങളും മലയാളത്തില്‍ പുറത്തുവന്നുകഴിഞ്ഞു. പല സംവിധായകരും നിര്‍മാതാക്കളും രംഗത്തേക്ക് പ്രവേശിച്ചു. മെരിലാന്റില്‍നിന്ന് പരിശീലനം ലഭിച്ച് പുറത്തുവന്ന എം. കൃഷ്ണന്‍നായര്‍ എന്ന സംവിധായകനെ ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കാന്‍ ക്ഷണിച്ചു. ടി.ഇ.യുടെ കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ളത് എം. കൃഷ്ണന്‍നായരാണ്. തുടര്‍ന്ന് തോപ്പില്‍ ഭാസിയുടെ 'പുതിയ ആകാശം പുതിയ ഭൂമി', 'സത്യഭാമ' എന്നീ ചിത്രങ്ങള്‍ ഒരുക്കി.


'വിയര്‍പ്പിന്റെ വില' എന്നൊരു കഥ എഴുതി എം. കൃഷ്ണന്‍നായരെ സംവിധാനചുമതല ഏല്പിച്ചു. അടുത്തുതന്നെ രണ്ടു ചിത്രങ്ങള്‍ നിര്‍മിക്കുവാന്‍ ഉറച്ചു. 'ഭര്‍ത്താവ്' എന്ന പേരിലുള്ള കഥ വി. ദേവന്‍തന്നെ എഴുതി. മറ്റൊന്ന് മൊയ്തു പടിയത്ത് എന്ന സാഹിത്യകാരന്റെ പ്രത്യേകതയുള്ള ഒരു പ്രമേയമായിരുന്നു ചിത്രമാക്കാന്‍ തുനിഞ്ഞത്. രണ്ടിന്റേയും സംവിധായകന്‍ എം. കൃഷ്ണന്‍നായരായിരുന്നു. 'കുട്ടിക്കുപ്പായം' എന്ന നോവലിനെ ആസ്പദമാക്കിയുള്ള കഥയില്‍ പ്രേംനസീര്‍, മധു, അടൂര്‍ ഭാസി, അംബിക, ഷീല തുടങ്ങിയ വലിയ താരനിര തന്നെയുണ്ടായിരുന്നു. 'കുട്ടിക്കുപ്പായം' വളരെ സാമ്പത്തിക നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു. ആദ്യം 'കുട്ടിക്കുപ്പായ'മാണ് തിയേറ്ററിലെത്തിച്ചത്. എങ്കിലും ഈ ചിത്രത്തിന്റെ വിജയത്തോടെ ശക്തനാകാന്‍ കഴിഞ്ഞു എന്ന സംതൃപ്തി നിര്‍മാതാവിനുണ്ടായി. 'ഭര്‍ത്താവ്' ശ്രദ്ധ നേടിയതുമില്ല.


പ്രേക്ഷകരെ ഏറെ വശീകരിച്ചിട്ടുള്ള ടി.ഇ.യുടെ മറ്റൊരു ചിത്രമായിരുന്നു 'കാവ്യമേള'. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ ജയമാരുതിയുടെ ബാനറില്‍ ടി.ഇ. നിര്‍മിക്കുകയുണ്ടായി. അക്കൂട്ടത്തില്‍ 'സ്ഥാനാര്‍ഥി സാറാമ്മ' എടുത്തുകാട്ടാവുന്ന ഒരു ചിത്രമാണ്. അടൂര്‍ ഭാസി എന്ന അതുല്യ ഹാസ്യനടന്റെ അഭിനയചാതുരികൊണ്ടും ഗാനാലാപനംകൊണ്ടും ചിത്രം ആസ്വാദ്യപ്രദമായിരുന്നു. പ്രശസ്തരായ താരങ്ങളായിരുന്നു ഇതിലും അഭിനയിച്ചത്.


നിര്‍മാതാക്കളുടെ സംഘടനയില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന ടി.ഇ. മലയാള ചലച്ചിത്ര പരിഷത്തിന് തുടക്കം കുറിച്ചവരില്‍ ഒരാളായിരുന്നു. നീണ്ട പതിമ്മൂന്ന് വര്‍ഷക്കാലം ഈ സംഘടനയുടെ പ്രസിഡന്റായി ഇദ്ദേഹം സേവനം അനുഷ്ഠിച്ചു.


സംവിധായകരെക്കൂടാതെ തിരക്കഥാകൃത്തുക്കളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. എസ്.എല്‍. പുരം സദാനന്ദനാണ് ടി.ഇ.യ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ളത്. മൊയ്തു പടിയത്ത്, പൊന്‍കുന്നം വര്‍ക്കി, മുട്ടത്തു വര്‍ക്കി, നാഗവള്ളി, ഉറൂബ്, തോപ്പില്‍ ഭാസി, ചെമ്പില്‍ ജോണ്‍, ജി. വിവേകാനന്ദന്‍, കെ. സുരേന്ദ്രന്‍, ഡോക്ടര്‍ ബാലകൃഷ്ണന്‍, കാനം ഇ.ജെ., സി.എന്‍. ശ്രീകണ്ഠന്‍നായര്‍, പി.ആര്‍. ചന്ദ്രന്‍, മുഹമ്മദ് മാനി, ജഗതി എന്‍.കെ. ആചാരി തുടങ്ങിയവരെല്ലാം അദ്ദേഹത്തിനുവേണ്ടി കഥകളും തിരക്കഥകളുമെഴുതിയിട്ടുണ്ട്.


ഭാര്യ വള്ളംകുളത്ത് കൊച്ചുകുഞ്ഞ് പണിക്കരുടെ പുത്രി എം.കെ. രാധമ്മ. ഏക മകള്‍ വത്സല.











from kerala news edited

via IFTTT