ഫോട്ടോ: മധുരാജ് |
എന്റെ സുഹൃത്ത് മധു ഒരു നീണ്ട യാത്രയിലാണ്. ഞാന്‍ തമിഴ്‌നാട്ടിലേയ്ക്കുള്ള ഒരു ഹ്രസ്വയാത്രയില്‍ ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ട ഒരു ട്രെയിനിന്റെ പഴയ കംപാര്‍ട്ട്‌മെന്റിലും. യാത്രയിലുടനീളം വരുന്ന ഫോണ്‍കോളുകള്‍ എല്ലാം മധുവിന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ വാര്‍ത്തയുടെ നടുക്കത്തില്‍ നിന്നുള്ളവ. അധികവും പയ്യന്നൂരിലെ പഴയസുഹൃത്തുക്കള്‍... മധുവുമായി അടുപ്പമുള്ള ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ അങ്ങനെ... ഇത്രയുംകാലം അവന്‍ നമുക്കിടയില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ നിരന്തരം വിളിക്കാറോ സ്‌നേഹം പങ്കിടാറോ ഉണ്ടായിരുന്നില്ല. വല്ലപ്പോഴും മാത്രം. മാസങ്ങള്‍ കൂടുമ്പോള്‍ ഒരിക്കല്‍. ചിലപ്പോള്‍ വര്‍ഷത്തില്‍ ഒരിക്കല്‍. പക്ഷേ ആ ഫോണ്‍കോള്‍ ഏറെ നീളും. ഒരുപാടുകാലത്തുള്ള വിശേഷങ്ങള്‍ ആ നേരം കെട്ടഴിക്കും. ചെയ്ത സിനിമയെക്കുറിച്ച്. ചെയ്യാനാഗ്രഹമുള്ളവയെക്കുറിച്ച്. ഇന്ന് മധുവിന്റെ വിയോഗമറിഞ്ഞ് പരസ്പരം വിളിച്ച് ഞങ്ങള്‍ സുഹൃത്തുക്കള്‍ പറഞ്ഞതും ഇതുതന്നെയായിരുന്നു. വല്ലപ്പോഴും വിളിക്കുന്ന മധുവിനെക്കുറിച്ചും ആ വിളിയില്‍ അവന്‍ കൈമാറിയിരുന്ന ഹൃദയവായ്പിനെയും കുറിച്ച്.
ഞാനെപ്പോഴും ഓര്‍ക്കുന്നത് മധു സ്വന്തം സിനിമകളെക്കുറിച്ച് പറയുമ്പോഴുള്ള നിര്‍മ്മലതയെക്കുറിച്ചാണ്. 'ഓ അതിലത്ര കാര്യമില്ല' എന്ന രീതിയിലാവും അവന്റെ പ്രതികരണം. കേള്‍ക്കുമ്പോള്‍ തോന്നും അവന്‍ ചെയ്ത സിനിമകളെക്കുറിച്ച് ഏറ്റവും തൃപ്തിയില്ലാത്തത് അവനു തന്നെയാണെന്ന്. അതൊരു തോന്നല്‍ മാത്രമല്ല. അത് അങ്ങനെത്തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. ഇതാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കുള്ള വലിയ സങ്കടവും. പൂര്‍ത്തീകരിക്കാനാവാതെ പോയ കുറെ സ്വപ്‌നങ്ങളുമായിട്ടാണ് അവന്‍ കടന്നുപോയത് എന്നോര്‍ക്കുമ്പോള്‍.
നമുക്കറിയാം മലയാളത്തിലെ മുഖ്യധാരാ സംവിധായകരുടെ മുന്‍നിരയില്‍ കത്തിനിന്നിരുന്ന ജയരാജിന്റെ ശിക്ഷണത്തിലാണ് മധു സിനിമയിലേക്ക് കടന്നുവന്നത്. ജയരാജ് തന്റെ സിനിമയുടെ ശൈലിയില്‍ ഒരു ചുവടുമാറ്റം നടത്തിയ 'ദേശാടന'ത്തില്‍ മാത്രമല്ല, അതിനു മുന്‍പും പിന്‍പുമുള്ള പല സിനിമകളിലും മധു സഹസംവിധായകരില്‍ ഒരാളായിരുന്നു. പുരോഗമനപക്ഷത്തു നിന്നും വിമര്‍ശനവിധേയമായ, അതേസമയം വാണിജ്യവിജയം നേടിയ 'പൈതൃകം', ദേശീയ അവാര്‍ഡുനേടിയ 'ശാന്തം' എന്നീ ചിത്രങ്ങളിലും മധു ജയരാജിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. 2006-ല്‍ ഇറങ്ങിയ മധുവിന്റെ കന്നിച്ചിത്രമായ 'ഏകാന്ത'ത്തില്‍ ഉള്ള പാരമ്പര്യത്തോടുള്ള മമതയും ആര്‍ദ്രമായ ബന്ധങ്ങളോടുള്ള അഭിനിവേശവുമൊക്കെ ചിലപ്പോള്‍ ഇതിന്റെ തുടര്‍ച്ചയാകാം. സംവിധാനമികവിന് മികച്ച നവാഗതസംവിധായകനുള്ള അവാര്‍ഡ് ഈ ചിത്രം നേടുകയുണ്ടായി. നാടും സുഹൃത്തുക്കളും അഭിമാനപൂര്‍വ്വം ഓര്‍ക്കുന്ന നിമിഷങ്ങളായിരുന്നു അതെല്ലാം. തന്റെ രണ്ടാമത്തെ ചിത്രമായ 'മധ്യവേനലില്‍' പാരമ്പര്യങ്ങളോടു കലഹിക്കാന്‍ ശ്രമിക്കുന്ന ഒരു സംവിധായകനായിട്ടാണ് മധു കൈതപ്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. വേണ്ടവിധത്തിലുള്ള വാണിജ്യവിജയമോ, നിരൂപണ ശ്രദ്ധയോ അതിന് പിടിച്ചുപറ്റാനായില്ല. തുടര്‍ന്നുള്ള രണ്ടു സിനിമകളിലും മധു മുഖ്യധാരയില്‍ നിന്നുമാറി തന്റേതായ വഴിയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്നതായി കാണാം. പക്ഷേ പലകാരണങ്ങളാല്‍ വേണ്ടയിടത്ത് തന്നെയും തന്റെ സിനിമകളെയും പ്ലേസ് ചെയ്യാന്‍ മധു പരാജയപ്പെട്ടുപോയി. ഏതാനും ദിവസം മാത്രം മിന്നിമറഞ്ഞ 'വെള്ളിവെളിച്ചത്തില്‍' എന്ന സിനിമ കാണാന്‍ പറ്റാത്തതിന്റെ സങ്കടം പറയാനായി ഫോണ്‍ വിളിച്ചപ്പോള്‍ മധുവിന് യാതൊരു പരിഭവവുമില്ല.
സ്‌നഹം, സൗഹൃദം ഇതെല്ലാം നഷ്ടപ്പെട്ട് മരുഭൂമിയായി മാറുന്ന മനുഷ്യന്റെ മനസ്സുകളെക്കുറിച്ച് അവന്‍ എപ്പോഴും ആകുലപ്പെട്ടു. പെട്ടെന്ന് ആരോടും ഒന്നും പറയാതെ അവന്‍ കടന്നു പോകുമ്പോള്‍, അവനെ സ്‌നേഹിക്കുന്ന മനസ്സുകളില്‍ വല്ലാത്തൊരു ശൂന്യത നിറയുന്നു.
from kerala news edited
via IFTTT