26
അബുദാബി: പ്രതിരോധമേഖല ശക്തിപ്പെടുത്താനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ ശരിയായ ദിശയിലാണെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്. അബുദാബിയില്‍ അന്താരാഷ്ട്ര പ്രതിരോധപ്രദര്‍ശനം 'ഐഡക്‌സി'ന്റെ പശ്ചാത്തലത്തില്‍ നല്‍കിയ അഭിമുഖത്തിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
രാജ്യംകൈവരിച്ച നേട്ടങ്ങള്‍ എല്ലാമേഖലകളിലും പ്രകടമാണ്. പ്രതിരോധമേഖലയിലെ ചലനങ്ങള്‍ വെളിപ്പെടുത്തുന്ന ഐഡക്‌സ് പ്രദര്‍ശനം ഏറെമികച്ചരീതിയിലാണ് സംഘടിപ്പിക്കപ്പെട്ടത്. ആഗോളതലത്തില്‍ത്തന്നെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന പ്രതിരോധപ്രദര്‍ശനങ്ങളിലൊന്നായി ഐഡക്‌സ് മാറിയിട്ടുണ്ട്. മേഖലയില്‍ ഭീകരവാദം വലിയ ഭീഷണിയായി ഉയര്‍ന്നസാഹചര്യത്തില്‍ ഇത്തരം പ്രതിരോധ പ്രദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ഭീകരവാദംപോലുള്ള ഭീഷണികളെ നേരിടാനും പിഴുതെറിയാനുമുള്ള തങ്ങളുടെസന്നദ്ധതയും പ്രാപ്തിയും വെളിപ്പെടുത്താന്‍ ഇത് സഹായകമാകും.
ഭാവിയിലെ ആവശ്യങ്ങള്‍മുന്‍നിര്‍ത്തി പ്രതിരോധനിര്‍മാണ രംഗത്ത് ശരിയായദിശയിലാണ് രാജ്യം മുന്നേറുന്നതെന്നും ശൈഖ് മുഹമ്മദ് ആത്മവിശ്വാസംപ്രകടിപ്പിച്ചു. പ്രതിരോധ വ്യവസായത്തിന് അടിത്തറ വികസിപ്പിച്ചെടുക്കുന്നതില്‍ രാജ്യത്തിന് വിജയംവരിക്കാനായിട്ടുണ്ട്. ആധുനിക സംവിധാനങ്ങളിലൂന്നിക്കൊണ്ട് പ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഇതുവഴിസാധിച്ചു.
വെടിക്കോപ്പുകളുടെ കാര്യത്തിലായാലും ഉപകരണങ്ങളുടെ കാര്യത്തിലായാലും പ്രതിരോധവ്യവസായം സമീപഭാവിയില്‍ കൂടുതല്‍വളര്‍ച്ചകാഴ്ചവെക്കും. തങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദൗത്യങ്ങള്‍ ഏറ്റെടുക്കാനും ഇത് രാജ്യത്തെ സായുധസേനയ്ക്ക് സഹായകമാകും-ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
ആഗോളതലത്തില്‍ യു.എ.ഇ.ക്ക് പല രംഗങ്ങളിലും സവിശേഷമായ സ്ഥാനമുണ്ട്. പ്രത്യേകിച്ചും നിശ്ചിത മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍. നിരവധി പ്രമുഖപ്രദര്‍ശനങ്ങള്‍ക്ക് രാജ്യം സാക്ഷ്യംവഹിക്കുന്നുണ്ട്. ചരക്ക് കടത്ത് മേഖലയില്‍ രാജ്യം കൈവരിച്ചനേട്ടങ്ങളും ഭൂമിശാസ്ത്രപരമായ സവിശേഷതകളും ദീര്‍ഘകാലത്തെ സംഘാടനാ പരിചയവുമാണ് പ്രദര്‍ശനവ്യവസായം രാജ്യത്ത് വിജയിക്കാന്‍ കാരണമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
from kerala news edited
via IFTTT