121

Powered By Blogger

Tuesday, 24 February 2015

ക്രമക്കേടിന്റെ കൂത്തരങ്ങായി മണങ്ങല്ലൂര്‍ കുടിവെള്ള പദ്ധതി











Story Dated: Wednesday, February 25, 2015 03:02


കാഞ്ഞിരപ്പള്ളി: കുടിവെള്ളത്തിനായി ഒരു കുഴല്‍ കിണര്‍ കുഴിച്ചതിനു പഞ്ചായത്തില്‍ പദ്ധതികള്‍ രണ്ട്‌. പിന്നാക്ക വിഭാഗങ്ങളുടെ ഫണ്ടില്‍ നിന്നും രണ്ട്‌ പദ്ധതികള്‍ക്കായി അനുവദിച്ചത്‌ നാലു ലക്ഷത്തോളം രൂപ, എന്നിട്ടും കുടിവെളളം കിട്ടാക്കനിയെന്ന്‌ ഗുണഭോക്‌താക്കള്‍.


വീട്ടിലേക്ക്‌ പൈപ്പ്‌ ലൈന്‍ വലിക്കുന്നതിനു പണം നല്‍കിയതായി നാട്ടുകാര്‍, പദ്ധതിയുടെ പേരില്‍ പണം വാങ്ങാന്‍ പറഞ്ഞിട്ടില്ലെന്നു പഞ്ചായത്ത്‌, ക്രമക്കേടുകളുടെ കൂത്തരങ്ങായി മാറിയ പദ്ധതികള്‍ക്കൊപ്പം വാര്‍ഡിലെ ഗ്രാമസഭയും വിവാദത്തില്‍. പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ജനുവരി 17നു കൂവപ്പള്ളി ഹൈസ്‌കൂളില്‍ നടത്തിയ ഗ്രാമസഭയ്‌ക്ക്‌ ക്വോറം തികഞ്ഞിരുന്നില്ലെന്നും പഞ്ചായത്തില്‍ നിന്നും ലഭിച്ച മറുപടിയില്‍ വ്യക്‌തം. എന്നാല്‍, മാസമൊന്നു കഴിഞ്ഞിട്ടും പകരം ഗ്രാമസഭ പോലും വിളിച്ച്‌ ചേര്‍ക്കാഞ്ഞതു വിവാദമായി.


കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡിലാണു കുഴല്‍ കിണറിനായി രണ്ട്‌ പദ്ധതികള്‍ക്കു പഞ്ചായത്ത്‌ പണം നല്‍കിയത്‌. 2011ല്‍ ആരംഭിച്ച്‌ 2014ല്‍ പണി പൂര്‍ത്തീകരിച്ച കൂവപ്പള്ളി വേട്ടോന്‍കുന്ന്‌ കുടിവെള്ള പദ്ധതിക്കായി ചിലവഴിച്ചത്‌ 1,40,000 രൂപ.


ഇതേ കുഴല്‍ കിണറിന്റെ പേരില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചത്‌ 2,50,000 രൂപ, പദ്ധതിയുടെ പേര്‌ മാറി മണങ്ങല്ലൂര്‍ വേട്ടോന്‍കുന്ന്‌ കുടിവെള്ള പദ്ധതി എന്നായി. പട്ടിക ജാതി വിഭാഗങ്ങള്‍ക്കായുള്ള പ്രത്യേക ഫണ്ടില്‍ നിന്നും ചിലവഴിച്ച തുക ഉപയോഗിച്ച്‌ കുഴല്‍ കിണര്‍ കുത്തിയെങ്കിലും പ്രദേശത്തെ ജലക്ഷാമം പരിഗണിച്ച്‌ ജനറല്‍ വിഭാഗത്തിലെ ഗുണഭോക്‌താക്കളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജലവിതരണം നടത്തുന്നതില്‍ നിന്നും ഒരു പ്രദേശത്തെ ആളുകളെ ഒഴിവാക്കിയതായും ആരോപണമുണ്ട്‌.


പുതിയ കുഴല്‍ കിണറില്‍ നിന്നും ആവശ്യത്തിന്‌ ജലം ലഭ്യമാകാഞ്ഞതോടെ 15 വര്‍ഷം മുന്‍പ്‌ കുഴിച്ച മറ്റൊരു കുഴല്‍ കിണറ്റില്‍ നിന്നുമാണു വെള്ളം പമ്പ്‌ ചെയ്യുന്നത്‌. വൈദ്യുതി കണക്‌ഷന്‍ ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാത്തതോടെ ഇടക്കാലത്ത്‌ സ്വകാര്യ വ്യക്‌തിയുടെ വൈദ്യുതി ഉപയോഗിച്ചാണ്‌ ജലം പമ്പ്‌ ചെയ്‌തിരുന്നത്‌. എന്നാല്‍ വിഷയം വൈദ്യുതി മോഷണത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ വ്യക്‌തി പിന്‍മാറിയതോടെ കുടിവെള്ള വിതരണം വീണ്ടും അവതാളത്തിലായി. പദ്ധതി പൂര്‍ത്തീകരിച്ച്‌ ഏറെ നാളായിട്ടും വൈദ്യുതി കണക്ഷന്‍ ലഭ്യമാകാത്ത സാഹചര്യമാണുള്ളത്‌. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പ്‌ ജീവനക്കാര്‍ എത്തി ലൈന്‍ വലിച്ചിട്ടെങ്കിലും കണക്‌ഷന്‍ ലഭ്യമാക്കിയിട്ടില്ല. പദ്ധതിക്കായി സ്‌ഥാപിച്ച ടാങ്കില്‍ നിന്നും കുന്നിന്‍ചെരിവിലേക്ക്‌ വലിച്ച പൈപ്പിലൂടെയാണ്‌ താഴ്‌വാരത്തുള്ളവര്‍ക്ക്‌ വെള്ളം ലഭിക്കുന്നത്‌.


ജലവിതരണം പാളിയതോടെ പൈപ്പില്‍ വെള്ളം എത്തുന്നതും കാത്ത്‌ നില്‍ക്കേണ്ട ഗതികേടിലാണ്‌ പ്രദേശവാസികള്‍. പദ്ധതിയുടെ ഗുണഭോക്‌താക്കളായവരില്‍ നിന്നും ഗാര്‍ഹിക കണക്‌ഷനുകള്‍ക്കായി പണം നല്‍കിയെന്ന്‌ നാട്ടുകാര്‍ പറയുമ്പോള്‍ ഇത്തരത്തില്‍ പഞ്ചായത്തില്‍ നിന്നും പണം പിരിച്ചിട്ടില്ലെന്നാണ്‌ വിവരാവകാശ രേഖയില്‍ വ്യക്‌തമാക്കുന്നത്‌. എന്നാല്‍ കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും ജലവിതരണത്തിനും 15 ശതമാനം പണം ഗുണഭോക്‌തൃ വിഹിതമായി പിരിക്കാമെന്നും പദ്ധതിക്കായി ഇത്തരത്തില്‍ പണം വാങ്ങിയിട്ടുണ്ടെന്നും വാര്‍ഡ്‌ അംഗം പറഞ്ഞു.


ഗുണഭോക്‌തൃ വിഹിതം ഇല്ലെന്ന പഞ്ചായത്തിന്റെ മറുപടി സംബന്ധിച്ച്‌ പഞ്ചായത്തില്‍ ആക്ഷേപം ഉന്നയിക്കുമെന്നും വാര്‍ഡ്‌ മെമ്പര്‍ പറഞ്ഞു. കഴിഞ്ഞ ജനുവരി 17ന്‌ വാര്‍ഡില്‍ നടത്തിയ ഗ്രാമസഭ സംബന്ധിച്ചും വിവരാവകാശ രേഖകള്‍ വിവാദമുയര്‍ത്തുന്നു. ആകെ 54 പേര്‍ മാത്രം പങ്കെടുത്ത ഗ്രാമസഭ സാധുവാകുന്നതിന്‌ മതിയായ കോറം തികഞ്ഞിട്ടില്ലെന്ന്‌ മറുപടിയില്‍ വ്യക്‌തമാക്കുമ്പോള്‍ വീണ്ടും ഗ്രാമസഭ വിളിക്കാതിരുന്നതും വിവാദമായി.


നിയമപരമായി നിലനില്‍പില്ലാത്ത ഗ്രാമസഭയിലെ തീരുമാനങ്ങള്‍ പദ്ധതി രേഖകളില്‍ ഇടംപിടിക്കുന്നത്‌ പഞ്ചായത്തിന്റെ മുഴുവന്‍ പദ്ധതികളെയും അനിശ്‌ചിതത്വത്തിലാക്കുന്നതിനൊപ്പം വാര്‍ഡംഗത്തിനും, ഉദ്യോഗസ്‌ഥര്‍ക്കുമെതിരെ നടപടിക്കും സാധ്യത ഏറും. കുടിവെള്ള പദ്ധതിയിലും ഗ്രാമസഭകളിലെ അപാകതകളിലും അന്വേഷണം ആവശ്യപ്പെട്ട്‌ വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്‌.

മണങ്ങല്ലൂര്‍ ഡവലപ്‌മെന്റ്‌ സൊസൈറ്റി പ്രസിഡന്റ്‌ ഷെജി പാറക്കല്‍ ആണ്‌ പഞ്ചായത്തില്‍ നിന്നും വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ശേഖരിച്ചത്‌.










from kerala news edited

via IFTTT

Related Posts: