121

Powered By Blogger

Tuesday, 24 February 2015

ഒമാന്‍ രാജകുമാരിയുടെ ജീവിതവും പ്രണയവും പ്രമേയമായി നോവല്‍ വരുന്നു








ഒമാന്‍ രാജകുമാരിയുടെ ജീവിതവും പ്രണയവും പ്രമേയമായി നോവല്‍ വരുന്നു


Posted on: 25 Feb 2015


മസ്‌കറ്റ്: പ്രണയത്തിന്റെയും അതിജീവനത്തിന്റെയും കരകളില്‍ അലഞ്ഞു നടന്ന ഒമാനി രാജകുമാരിയുടെയും മാതാവിന്റെയും ജീവിതം നോവല്‍ രൂപത്തിലെത്തുന്നു. 1807 മുതല്‍ 1856 വരെ ഒമാന്‍ ഭരിച്ച സയ്യിദ് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ബുസയിദിന്റെ മകള്‍ സയ്യിദാ സല്‍മയുടെ അസാധാരണ ജീവിതമാണ് നോവലായി മാറിയത്.

34 വര്‍ഷമായി ഒമാനില്‍ കഴിയുന്ന ബ്രിട്ടീഷ് വംശജയായ ജെയിന്‍ ജാഫര്‍ ആണ് നീണ്ട കാലത്തെ ഗവേഷണത്തിന് ഒടുവില്‍, ചരിത്രത്തിന്റെ ഓരത്തുനിന്നും സല്‍മ രാജകുമാരിയുടെ ജീവിതം പകര്‍ത്തിയത്. 'സാന്‍സിബാര്‍ കാലത്തെ പ്രണയം' എന്നു പേരിട്ട പുസ്തകം ബൂധനാഴ്ച വൈകുന്നേരം ഏഴിന് ഒമാനില്‍ പ്രകാശനം ചെയ്യും. അല്‍ഖുര്‍റം കോംപ്ലക്‌സിലാണ് പ്രകാശന ചടങ്ങ്.

താന്‍സാനിയയുടെ ഭാഗമായ സാന്‍സിബാറും ഒമാനും തമ്മിലുള്ള പുരാതനമായ ബന്ധത്തിന്റെ കഥ കൂടിയാണ് ഈ നോവലെന്ന് എഴുത്തുകാരിയായ ജെയിന്‍ ജാഫര്‍ പറയുന്നു. ഒമാന്‍ തലസ്ഥാനം മസ്‌കറ്റില്‍നിന്ന് സാന്‍സിബാറിലേക്ക് മാറ്റിയ സയ്യിദ് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ബുസയിദിന്റെ ജീവിതം പോലെ അസാധാരണത്വം നിറഞ്ഞതായിരുന്നു കിഴക്കന്‍ ആഫ്രിക്കയും ഒമാനും തമ്മിലുള്ള ബന്ധവും. യുദ്ധവും കീഴടക്കലുകളും അധിനിവേശവും ലോകക്രമം നിയന്ത്രിച്ച ഒരു കാലത്തിന്റെ ബാക്കി പത്രമായിരുന്നു ഒമാന്‍ സുല്‍ത്താന്റെ സാന്‍സിബാര്‍ ബന്ധം.

സയ്യിദ് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ബുസയിദിന്റെ മകള്‍ സയ്യിദാ സല്‍മയുടെ ജീവിതമാണ് നോവലിന്റെ മുഖ്യപ്രമേയം. സാന്‍സിബാറിലായിരുന്നു സല്‍മ രാജകുമാരിയുടെ കുട്ടിക്കാലം. അവരുടെ മാതാവായ ജില്‍ഫിദാന്‍ അടിമ സ്ത്രീയായിരുന്നു. സ്വന്തം ഗ്രാമത്തില്‍നിന്ന് അപഹരിക്കപ്പെട്ട് സാന്‍സിബാറില്‍ എത്തപ്പെട്ട ജില്‍ഫിദാന്‍ അന്തപ്പുരങ്ങളില്‍ നിന്ന് അന്തപ്പുരങ്ങളിലേക്കുള്ള പ്രണയപര്യടനങ്ങളിലായിരുന്നു. സ്ത്രീ എന്ന നിലയില്‍ കടുത്ത ദുരിതങ്ങള്‍ കുട്ടിക്കാലം മുതലേ അനുഭവിക്കേണ്ടി വന്ന ജില്‍ഫിദാന്‍ ഇച്ഛാശക്തി കൊണ്ട് പ്രതിബന്ധങ്ങളെ മുറിച്ചു കടന്ന അസാമാന്യ സ്ത്രീ ആയിരുന്നു. അവരുടെ പ്രണയാനുഭവങ്ങളും അതിജീവനവും തന്നെയാണ് തനിക്കും പ്രചോദനമായതെന്ന് സല്‍മ രാജകുമാരിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പറയുന്നുണ്ട്.

സാന്‍സിബാറില്‍ വളര്‍ന്ന്, ജീവിതത്തിന്റെ പല അനുഭവങ്ങളിലൂടെ ധീരമായി കടന്നുപോയ സല്‍മാ രാജകുമാരി അക്കാലത്തെ സ്ത്രീകളില്‍നിന്ന് ഏറെ വ്യത്യസ്തയായിരുന്നു. സാഹസികവും കാല്‍പ്പനികവുമായിരുന്നു ആ ജീവിതം. പില്‍ക്കാലത്ത് ഒമാന്‍ സുല്‍ത്താനായി മാറിയ സഹോദരന് കിരീടം തിരിച്ചു പിടിക്കാനുള്ള കരുത്ത് നല്‍കിയത് സല്‍മയുടെ തന്ത്രങ്ങളായിരുന്നു. എഴുത്തും വായനയും സ്വയം അഭ്യസിച്ച സല്‍മാ രാജകുമാരി അസാധാരണമായ കൈത്തഴക്കത്തോടെയാണ് ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയത്. ഒരു ജര്‍മന്‍കാരനെ പ്രണയിച്ച് ജര്‍മനിയിലേക്ക് പോയ സല്‍മയുുടെ അവസാനകാലങ്ങള്‍ ഇന്നും അജ്ഞാതമാണ്. ചരിത്രത്തിന്റെ ഏടുകളില്‍ മറഞ്ഞുപോയ സല്‍മയുടെ ജീവിതം ഭാവന കൊണ്ട് പൂരിപ്പിക്കാനുള്ള ശ്രമങ്ങളാണ് തന്റെ നോവലെന്ന് എഴുത്തുകാരിയായ ജെയിന്‍ ജാഫര്‍ പറയുന്നു.

സമാനമായ ഒരു പ്രണയ കഥയാണ് എഴുത്തുകാരിയായ ജെയിന്‍ ജാഫറിന്റെയും ജീവിതം. ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന അവര്‍ ഒരു ഒമാന്‍ യുവാവുമായി പ്രണയത്തിലായ ശേഷമാണ് ഒമാനിലേക്ക് എത്തുന്നത്. 34 വര്‍ഷമായി ഒമാനിലാണ് അവര്‍. രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള അവരുടെ അന്വേഷണങ്ങളാണ് സല്‍മ രാജകുമാരിയില്‍ എത്തിച്ചത്.










from kerala news edited

via IFTTT