വാഗ്ദാനങ്ങളുടെ സാക്ഷാത്കാരം ലക്ഷ്യമിട്ട് നയപ്രഖ്യാപനം
Posted on: 25 Feb 2015
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ലക്ഷ്യമിട്ട് ലെഫ്. ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം. ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാനപദവി നേടിയെടുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന് നിയമസഭയില്‍ നയപ്രഖ്യാപനം നടത്തവേ ലെഫ്. ഗവര്‍ണര്‍ നജീബ് ജങ് വ്യക്തമാക്കി. ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാനപദവിക്കുള്ള തടസ്സങ്ങളെല്ലാം നീക്കുമെന്നും അദ്ദേഹം അറിയിച്ചു. ആം ആദ്മിയുടെ പ്രഖ്യാപിതനയങ്ങളായ സ്വരാജ്, ജനലോക്പാല്‍ ബില്‍ തുടങ്ങിയവയ്ക്കും നയപ്രഖ്യാപനത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കി.
ഡല്‍ഹിജനതയുടെ ഏറെക്കാലമായുള്ള ആവശ്യമാണ് പൂര്‍ണസംസ്ഥാനപദവി. ക്രമസമാധാനപാലനം, കുറഞ്ഞചെലവില്‍ വീടുനിര്‍മിക്കല്‍ തുടങ്ങിയവയൊക്കെ യാഥാര്‍ഥ്യമാക്കാന്‍ ഡല്‍ഹി പൂര്‍ണസംസ്ഥാനമാവണം. സഹകരണ ഫെഡറലിസം പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. ഡല്‍ഹിജനതയുടെ ന്യായമായ ആഗ്രഹം നിറവേറാന്‍ ഇതു സഹായകരമാവും. ബഹുതല ഭരണ ഏജന്‍സികള്‍ സൃഷ്ടിക്കുന്ന തടസ്സംനീക്കാന്‍ ഇതുമാത്രമാണു വഴി.
വനിതാസുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചചെയ്യില്ല. ഇതിനുള്ള ധനവിഹിതത്തില്‍ പിശുക്കുകാണിക്കില്ല. പൊതുഗതാഗതത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കാര്യക്ഷമമായ പദ്ധതി തയ്യാറാക്കും. ലൈംഗികപീഡനക്കേസുകളും സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു കേസുകളും കൈകാര്യംചെയ്യാന്‍ അതിവേഗകോടതികള്‍ സ്ഥാപിക്കും. ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ എന്നിവയുടെ സഹകരണത്തോടെ മഹിളാസുരക്ഷാദള്‍ രൂപവത്കരിക്കും. നീതിനിര്‍വഹണം വേഗത്തിലാക്കാന്‍ കൂടുതല്‍ ജഡ്ജിമാരെയും നിയമിക്കും. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വൈഫൈ യാഥാര്‍ഥ്യമാക്കാന്‍ പദ്ധതി രൂപവത്കരിക്കും. വിദ്യാഭ്യാസം, വ്യവസായം, തൊഴിലവസരം, സംരംഭകത്വം, വനിതാസുരക്ഷ തുടങ്ങിയവയ്‌ക്കൊക്കെ ഇതു പ്രയോജനപ്പെടും. നഗരങ്ങളെയും ഗ്രാമങ്ങളെയും കൂടുതലായി ബന്ധിപ്പിക്കുന്ന ബസ്സുകളും മെട്രോ ശൃംഖലയും വര്‍ധിപ്പിക്കും.
ഹൃദയശൂന്യമായ ലോകക്രമത്തിലും ജനങ്ങള്‍ രാഷ്ട്രീയപ്രത്യയശാസ്ത്രത്തില്‍ വിശ്വാസമര്‍പ്പിച്ചു. പങ്കാളിത്തജനാധിപത്യത്തിലൂടെ മാത്രമേ പൂര്‍ണസ്വരാജ് കൈവരിക്കാനാവൂ. ജനങ്ങളുടെ പങ്കാളിത്തമുറപ്പാക്കി ജനാധിപത്യം പുഷ്ടിപ്പെടുത്തുകയും ശക്തിപ്പെടുത്തുകയുമാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. ജനങ്ങള്‍ നേരിടുന്ന ദൈനംദിനപ്രശ്‌നങ്ങളെ അഭിസംബോധനചെയ്യും. തിരഞ്ഞെടുത്തവരും തിരഞ്ഞെടുക്കപ്പെട്ടവരും തമ്മില്‍ അകലമുണ്ടാക്കുന്ന തടസ്സങ്ങളെല്ലാം നീക്കംചെയ്യും. ഓരോ പൗരനെയും ഉള്‍ക്കൊള്ളുന്നതും അവരുടെ ക്ഷേമം ഉള്‍പ്പെടുത്തുന്നതുമായിരിക്കണം വികസനം. ദൈനംദിനാടിസ്ഥാനത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍കൂടി അഭിമുഖീകരിക്കാന്‍പാകത്തില്‍ പ്രാദേശികവിഭാഗങ്ങള്‍ക്കും അധികാരം നല്‍കുന്ന സ്വരാജ് നിയമവും നടപ്പാക്കും. പ്രാദേശികവികസനഫണ്ടും ഇതിനായി പ്രത്യേകം നീക്കിവെയ്ക്കും. സുതാര്യത, പങ്കാളിത്തം, പരസ്പരസമന്വയം എന്നിവ പ്രോത്സാഹിപ്പിക്കും. അഴിമതിക്കേസുകളില്‍ സമയബന്ധിത അന്വേഷണത്തിനും തീര്‍പ്പാക്കലിനുമായി ജനലോക്പാല്‍ പാസ്സാക്കും.
വിദ്യാഭ്യാസരംഗം കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കും. അംബേദ്കര്‍ സര്‍വകലാശാലയില്‍ കൂടുതല്‍ കോളേജുകള്‍ തുറക്കും. ആരോഗ്യരംഗം മെച്ചപ്പെടുത്താന്‍ കൂടുതല്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും തുറക്കും. നിലവാരമുള്ള മരുന്നുകളും ലഭ്യമാക്കും. ആസ്പത്രികളില്‍ കിടക്കകളുടെ എണ്ണം കൂട്ടും.
ഡി.ഡി.എ., എം.സി.ഡി.കള്‍, ഡല്‍ഹി പോലീസ് എന്നിവയുടെ ഉത്തരവാദിത്വം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. യുവാക്കള്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍, ദരിദ്രര്‍, സമ്പന്നര്‍, ജാതിമതസമുദായങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും സ്വപ്നവും അഭിലാഷവും സാക്ഷാത്കരിക്കാനുള്ള ജനവിധിയാണ് തങ്ങള്‍ക്കു ലഭിച്ചിട്ടുള്ളതെന്നും ആം ആദ്മി സര്‍ക്കാരിനുവേണ്ടിയുള്ള നയപ്രഖ്യാപനപ്രസംഗത്തില്‍ ലെഫ്. ഗവര്‍ണര്‍ ഊന്നിപ്പറഞ്ഞു.
from kerala news edited
via IFTTT