Story Dated: Tuesday, February 24, 2015 07:30
ചങ്ങനാശേരി: കോട്ടയം ചങ്ങനാശേരിയിലെ തുരുത്തിയില്‍ യുവതി മന്ത്രവാദത്തിനിടെ ഇറങ്ങിയോടി. മാനസിക രോഗം ഭേദമാക്കുന്നതിനു നടത്തിയ പൂജകള്‍ക്ക് ഇടയിലാണ് ഭയചകിതയായ മണിമല സ്വദേശി മന്ത്രവാദക്കളത്തില്‍ നിന്നും ജീവനും കൊണ്ട് ഓടിയത്. 22 കാരിയായ യുവതിയാണ് സിദ്ധന്റെ പിടിയില്‍ നിന്നും രാത്രിയില്‍ ഓടി രക്ഷപ്പെട്ടത്. സിദ്ധന്റെ വീട്ടില്‍ നിന്നു രക്ഷപ്പെട്ട യുവതി അരക്കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ അഭയം തേടിയതോടെയാണ് വ്യാജസിദ്ധന്റെ കഥ നാട്ടില്‍ പാട്ടായത്. അപ്രതീക്ഷിതമായി വീട്ടില്‍ കടന്നുവന്ന യുവതിയെകണ്ടു വീട്ടുകാര്‍ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുകയായിരുന്നു.
ഇതിനിടെ യുവതിയെ അന്വേഷിച്ചു മന്ത്രവാദിയും സഹായിയും പുറകേ ഓടിയെത്തിയിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സമീപത്തെ നാട്ടുകാരും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ മന്ത്രവാദ കഥകള്‍ പുറത്താകാന്‍ തുടങ്ങി. മന്ത്രവാദിയെ തിരിച്ചറിഞ്ഞ നാട്ടുകാരില്‍ പലര്‍ക്കും ചിരി നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രദേശത്തു ചുമട്ടു തൊഴിലാളിയായി ജോലി നോക്കിയ ആളായിരുന്നു മന്ത്രവാദ കഥയിലെ മഹാസിദ്ധന്‍. ദേവിയുടെ അനുഗ്രഹം കിട്ടി സിദ്ധനായ ഇയാള്‍ രാത്രികാലങ്ങളില്‍ തന്റെ വീട്ടില്‍ രഹസ്യമായി ചികിത്സയും കൂടോത്രവുമൊക്കെ നടത്തിവരുകയായിരുന്നു.
ഇതിനിടയില്‍ യുവതിക്ക് മാനസിക വിഭ്രാന്തിയാണെന്നു വരുത്തി തീര്‍ത്തു പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ സിദ്ധന്റെ അനുയായികളും അടുത്ത വൃത്തങ്ങളും ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സ്‌ഥലതെത്താതെ യുവതിയെ വിട്ടുതരില്ലെന്ന് നാട്ടുകാര്‍ തീരുമാനമെടുത്തു. പിന്നീട് സ്‌ഥലതെത്തിയ മാതാപിതാക്കള്‍ക്ക് ഒപ്പമാണ് യുവതിയെ പറഞ്ഞുവിട്ടത്. പൂജയുടെ പേരില്‍ യുവതിക്കെതിരെ പീഡന ശ്രമം നടന്നതാകാം സംഭവ സ്‌ഥലത്തുനിന്ന് ഇറങ്ങിയോടാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്നാണ് പ്രദേശത്തെ സംസാരം.
തുരുത്തിയില്‍ വ്യാജസിദ്ധന്റെ സ്വാധീനമുള്ളതായി മുമ്പും പരാതി ഉയര്‍ന്നിരുന്നു. ചികിത്സകള്‍ പലതും രാത്രിയില്‍ ആയതിനാല്‍ സിദ്ധന്‍ ആരെന്നത് നാട്ടുകാര്‍ക്ക് അന്യമായിരുന്നു. ദൂരെ സ്‌ഥലങ്ങളില്‍ നിന്നും ഇയാളുടെ ചികിത്സതേടി ആളുകള്‍ എത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
from kerala news edited
via IFTTT