121

Powered By Blogger

Tuesday, 24 February 2015

ഗെയ്‌ല്‍ തകര്‍ത്താടി; വെസ്‌റ്റിന്‍ഡീസിന്‌ 73 റണ്ണിന്റെ തകര്‍പ്പന്‍ ജയം









Story Dated: Wednesday, February 25, 2015 03:16



mangalam malayalam online newspaper

കാന്‍ബറ: ഏകദിന ലോകകപ്പ്‌ ക്രിക്കറ്റ്‌ പൂള്‍ ബി മത്സരത്തില്‍ സിംബാബ്‌വേയ്‌ക്കെതിരേ വെസ്‌റ്റിന്‍ഡീസിന്‌ 73 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ലോകകപ്പിലെ ആദ്യ ഇരട്ട സെഞ്ചുറിക്കാരനെന്ന റെക്കോഡ്‌ നേടി ക്രിസ്‌ ഗെയ്‌ല്‍ (212 പന്തില്‍ 16 സിക്‌സറും 10 ഫോറുമടക്കം 215 റണ്ണും രണ്ടു വിക്കറ്റും) തകര്‍ത്താടിയ മത്സരത്തില്‍ 373 റണ്‍ നേടാനിറങ്ങിയ സിംബാബ്‌വേ 289 ന്‌ ഓള്‍ഔട്ടായി. മഴ തടസപ്പെടുത്തിയതു മൂലം സിംബാബ്‌വേയുടെ വിജയലക്ഷ്യം 48 ഓവറില്‍ 363 റണ്ണാക്കിയിരുന്നു.


ഇരട്ട സെഞ്ചുറി നേടിയ ഗെയ്‌ല്‍ (215 റണ്‍) ലോകകപ്പില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ താരമെന്ന നേട്ടവും കൈവരിച്ചു. ദക്ഷിണാഫ്രിക്കയുടെ ഗാരി കേസ്‌റ്റന്റെ പേരിലുള്ള 188 റണ്‍സെന്ന റെക്കോഡാണ്‌ മറികടന്നത്‌. 139 പന്തില്‍ നിന്നാണ്‌ ഗെയ്‌ല്‍ ലോകകപ്പ്‌ ചരിത്രത്തിലെ ആദ്യഇരട്ട സെഞ്ചുറി കുറിച്ചത്‌. 16 സിക്‌സറുകളും ഒമ്പത്‌ ബൗണ്ടറികളും നേടിയാണ്‌ വ്യക്‌തികത സ്‌കോര്‍ 200 കടത്തിയത്‌. ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറിയും കൂടിയാണിത്‌. ഗെയ്‌ലിന്റെ 22-ാം സെഞ്ചുറിയാണിത്‌.


വെസ്‌റ്റിന്‍ഡീസിനു വേണ്ടി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയതും ഗെയ്‌ല്‍ തന്നെ. ഏകദിന ചരിത്രത്തിലെ അഞ്ചാം ഇരട്ട സെഞ്ചുറി നേടിയ ഗെയ്‌ല്‍ മര്‍ലോണ്‍ സാമുവല്‍സിനൊപ്പം രണ്ടാം വിക്കറ്റില്‍ 372 റണ്ണിന്റെ കൂട്ടുകെട്ട്‌ നേടി ലോകറെക്കോഡിട്ടു. 156 പന്തില്‍ മൂന്ന്‌ സിക്‌സറും 11 ഫോറുമടക്കം 133 റണ്ണെടുത്ത മര്‍ലോണ്‍ സാമുവല്‍സ്‌ പുറത്താകാതെനിന്നു.


ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ അക്കൗണ്ട്‌ തുറക്കും മുമ്പേ ഡെ്വയ്‌ന്‍ സ്‌മിത്തിനെ നഷ്‌ടമായ വിന്‍ഡീസിന്‌ പിന്നീട്‌ വിക്കറ്റ്‌ നഷ്‌ടമാകുന്ന ഇന്നിങ്‌സിലെ അവസാന പന്തിലാണ്‌. 147 പന്തില്‍ 215 റണ്‍സെടുത്ത ക്രിസ്‌ ഗെയ്‌ല്‍ അവസാന പന്തില്‍ പുറത്താവുകയായിരുന്നു.


കാന്‍ബറയിലെ മനൂക ഓവലില്‍ ടോസ്‌ നേടിയ വെസ്‌റ്റിന്‍ഡീസ്‌ നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. മറുപടി പറഞ്ഞ സിംബാബ്‌വേയ്‌ക്ക് തുടക്കത്തിലേ മഴ തിരിച്ചടിയായി. രണ്ടാമത്തെ ഓവറില്‍ ചകാബ്‌വയെ വിക്കറ്റിനു മുന്നില്‍ കുടുക്കി വിന്‍ഡീസ്‌ നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ ആദ്യ തിരിച്ചടി നല്‍കി. സ്‌കോര്‍ 26 ല്‍ നില്‍ക്കേ മസകാഡ്‌സയും ജെറോം ടെയ്‌ലറിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ഓപ്പണര്‍ സികന്ദര്‍ റാസയെയും ഹോള്‍ഡര്‍ പുറത്താക്കിയതോടെ സിംബാബ്‌വേ പ്രതിസന്ധിയിലായി. ബ്രണ്ടന്‍ ടെയ്‌ലര്‍ (37), ടോപ്‌ സ്‌കോറര്‍ സീന്‍ വില്യംസ്‌ (61 പന്തില്‍ 76), ക്രെയ്‌ഗ് ഇര്‍വിന്‍ (41 പന്തില്‍ ഒരു സിക്‌സറും ഏഴ്‌ ഫോറുമടക്കം 52) എന്നിവര്‍ ചെറുത്തുനില്‍പ്പ്‌ തുടങ്ങിയതോടെയാണു മത്സരം ആവേശകരമായത്‌.


ഇര്‍വിനെയും പിന്നാലെ വന്ന മാറ്റിസ്‌കനേരിയെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി ഗെയ്‌ല്‍ താന്‍ ബൗളിംഗിലും പിന്നിലല്ലെന്നു തെളിയിച്ചു. വിന്‍ഡീസിനു വേണ്ടി ജെറോം ടെയ്‌ലര്‍, ഹോള്‍ഡര്‍ എന്നിവര്‍ മൂന്നു വിക്കറ്റ്‌ വീതവും ക്രിസ്‌ ഗെയ്‌ല്‍ രണ്ട്‌ വിക്കറ്റും നികിത മില്ലര്‍, മര്‍ലോണ്‍ സാമുവല്‍സ്‌ എന്നിവര്‍ ഒരു വിക്കറ്റ്‌വീതവുമെടുത്തു. ബാറ്റിംഗിലും ബൗളിംഗിലും സിംബാബ്‌വേയെ നിലംപരിശാക്കിയ ഗെയ്‌ലാണു മത്സരത്തിലെ താരം. പരുക്കിനെ തുടര്‍ന്ന്‌ ഡാരന്‍ ബ്രാവോയെയും സുലൈമാന്‍ ബെന്നിനെയും പുറത്തിരുത്തിയാണു വിന്‍ഡീസ്‌ കളിച്ചത്‌.


കൊടുങ്കാറ്റില്‍ തകര്‍ന്ന നാഴികക്കല്ലുകള്‍...


സിംബാബ്‌വേയെ അമ്പരപ്പിച്ച ഗെയ്‌ലാട്ടത്തില്‍ തകര്‍ന്നു വീണത്‌ ഒരുപിടി റെക്കോഡുകളാണ്‌. കാന്‍ബറയെ ത്രസിപ്പിച്ച ആ ഇന്നിംഗ്‌സ് മറികടന്ന അക്കങ്ങളിലൂടെ...


5


ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിലെ അഞ്ചാം ഇരട്ട സെഞ്ചുറിയാണ്‌ ഗെയ്‌ല്‍ ഇന്നലെ കുറിച്ചത്‌. അഞ്ചു വര്‍ഷം മുമ്പ്‌, കൃത്യമായി പറഞ്ഞാല്‍ 2010 ഫെബ്രുവരി 24-ന്‌ സച്ചിന്‍ തെണ്ടുല്‍ക്കറാണ്‌ ആദ്യ ഇരട്ട ശതകം കുറിച്ചത്‌. പിന്നീട്‌ ഇന്ത്യന്‍ താരങ്ങളായ വിരേന്ദര്‍ സേവാഗും രോഹിത്‌ ശര്‍മയും (രണ്ടു തവണ) 200 പിന്നിട്ടു.


215


ലോകകപ്പ്‌ ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ചുറിയാണിത്‌. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോറാണ്‌ ഗെയ്‌ല്‍ ഇന്നലെ കുറിച്ച 215 റണ്‍. 1996 ലോകകപ്പില്‍ യു.എ.ഇയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഗാരി കിര്‍സ്‌റ്റണ്‍ നേടിയ 188 റണ്ണാണ്‌ തകര്‍ന്നത്‌.


138


ഏകദിനത്തിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറിയാണ്‌ ഗെയ്‌ലിന്റേത്‌. 138 പന്തില്‍ 200 കടന്ന ഗെയ്‌ല്‍ പിന്തള്ളിയത്‌ ഇന്ത്യയുടെ വീരേന്ദര്‍ സെവാഗ്‌ 140 പന്തില്‍ നേടിയ ഇരട്ടശതകത്തിന്റെ റെക്കോഡാണ്‌.


16


ഒരു ഇന്നിംഗ്‌സില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന എ.ബി.ഡിവില്ലിയേഴ്‌സിന്റെയും രോഹിത്‌ ശര്‍മയുടെയും റെക്കോഡിനൊപ്പമെത്തിയാണ്‌ ഗെയ്‌ല്‍ ബാറ്റു താഴ്‌ത്തിയത്‌. 16 സിക്‌സറുകളാണ്‌ ജലന്ധറില്‍ നിര്‍മിച്ച ആ ബാറ്റില്‍നിന്നു പിറന്നത്‌.


372


ഗെയ്‌ല്‍-സാമുവല്‍സ്‌ സഖ്യം രണ്ടാം വിക്കറ്റില്‍ നേടിയ 372 റണ്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്‌. 1999-ല്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന്‌ നേടിയ 331 റണ്‍ കൂട്ടുകെട്ടാണ്‌ തകര്‍ന്നത്‌. വെസ്‌റ്റിന്‍ഡീസ്‌ നേടിയ 372 റണ്‍ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെയും ഓസ്‌ട്രേലിയയിലെ ലോകകപ്പ്‌ മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറുമാണ്‌.


165


റണ്ണെടുക്കുന്നതിന്‌ മുമ്പേ ആദ്യ വിക്കറ്റ്‌ വീണശേഷമുള്ള ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്‌ ഗെയ്‌ല്‍-സാമുവല്‍സ്‌ സഖ്യം കുറിച്ചത്‌. ഇന്ത്യയുടെ മുഹമ്മദ്‌ അസ്‌ഹറുദ്ദീനും സുനില്‍ ഗാവസ്‌കറും ചേര്‍ന്ന്‌ 1987 ല്‍ ഓസ്‌ട്രേലിയക്കെതിരേ നേടിയ 165 റണ്ണിന്റെ കൂട്ടുകെട്ടാണ്‌ ഇരുവരും ചേര്‍ന്ന്‌ ഇരട്ടിയാക്കിപ്പുതുക്കിയത്‌.


സ്‌കോര്‍ ബോര്‍ഡ്‌


വെസ്‌റ്റിന്‍ഡീസ്‌- ഡെ്വയ്‌ന്‍ സ്‌മിത്ത്‌ ബി തിനാഷെ പന്യങ്കാര 0, ഗെയ്‌ല്‍ സി എള്‍ട്ടന്‍ ചിഗുംബര ബി ഹാമില്‍ട്ടണ്‍ മസകാഡ്‌സ 215, മര്‍ലോണ്‍ സാമുവല്‍സ്‌ നോട്ടൗട്ട്‌ 133. എക്‌സ്ട്രാസ്‌: 24. ആകെ (50 ഓവറില്‍) രണ്ടിന്‌ 372. ബൗളിംഗ്‌: പന്യങ്കാര 9-0-82-1, തെന്‍ഡെ ചാതാര 9.4-0-74-0, സീന്‍ വില്യംസ്‌ 5-0-48-0, ചിഗുംബര 7-0-44-0, സികന്ദര്‍ റാസ 10-1-45-0, താഫ്‌സവ കൗസോഗി 3-0-37-0, മസകാഡ്‌സ 6.2-0-39-1.


സിംബാബ്‌വേ - സികന്ദര്‍ റാസ സി സിമ്മണ്‍സ്‌ ബി ഹോള്‍ഡര്‍ 26, റെഗിസ്‌ ചക്‌ബ്വ എല്‍.ബി. ഹോള്‍ഡര്‍ 2, മസകാഡ്‌സ എല്‍.ബി. ടെയ്‌ലര്‍ 5, ബ്രണ്ടന്‍ ടെയ്‌ലര്‍ സി രാംദീന്‍ ബി സാമുവല്‍സ്‌ 37, സീന്‍ വില്യംസ്‌ സി സ്‌മിത്ത്‌ ബി ഹോള്‍ഡര്‍ 76, ക്രെയ്‌ഗ് ഇര്‍വിന്‍ ബി ഗെയ്‌ല്‍ 52, സ്‌റ്റുവര്‍ട്ട്‌ മാറ്റിസ്‌കനേരി എല്‍.ബി. ഗെയ്‌ല്‍ 19, ചിഗുംബര സി ഗെയ്‌ല്‍ ബി ടെയ്‌ലര്‍ 21, പന്യങ്കാര സി രാംദീന്‍ ബി ടെയ്‌ലര്‍ 4, ചാതാര ബി നികിത മില്ലര്‍ 16, കൗസോഗി നോട്ടൗട്ട്‌ 6. എക്‌സ്ട്രാസ്‌: 25. ആകെ (44.3 ഓവറില്‍) 289 ന്‌ ഓള്‍ഔട്ട്‌. ബൗളിംഗ്‌: ജെറോം ടെയ്‌ലര്‍ 10-0-38-3, ജാസണ്‍ ഹോള്‍ഡര്‍ 7-0-48-3, നികിത മില്ലര്‍ 6.3-0-48-1, സാമുവല്‍സ്‌ 9-0-59-1, ആന്ദ്രെ റസല്‍ 5-0-44-0, ഡാരന്‍ സമി 1-0-8-0, ഗെയ്‌ല്‍ 6-0-35-2.










from kerala news edited

via IFTTT