Story Dated: Thursday, February 26, 2015 03:18
വെള്ളമുണ്ട: കേരളത്തെ ഭൂരഹിതരില്ലാത്ത ആദ്യ സംസ്‌ഥാനമാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി ജില്ലയില്‍ ലക്ഷ്യം കാണാതെ നീളുന്നു. ജില്ലയില്‍ ഒരുസെന്റ് ഭൂമിപോലും ഇല്ലാത്തവരായി റവന്യൂ വകുപ്പ് കണ്ടെത്തിയ 4820 കുടുംബങ്ങളില്‍ ഇതുവരെ ഭൂമി നല്‍കിയത് വെറും 710 പേര്‍ക്ക് മാത്രമാണ്. മൂന്നുവര്‍ഷം മുമ്പ് സര്‍ക്കാര്‍ തുടങ്ങിയ പദ്ധതി ലക്ഷ്യത്തിലെത്തിക്കാന്‍ തീരുമാനിച്ച കാലാവധി കഴിയാന്‍ ഇനി മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മുഴുവന്‍ പേര്‍ക്കും നല്‍കാനുള്ള ഭൂമി കണ്ടെത്താന്‍ കഴിയാതെ റവന്യൂ വകുപ്പ് ഇരുട്ടില്‍ തപ്പുന്നത്. 2012 മാര്‍ച്ചിലായിരുന്നു പുതിയ പദ്ധതി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്നോണം ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് തുടക്കമിട്ടത്. കേരളത്തില്‍ ഒരുസെന്റ് ഭൂമിപോലുമില്ലാത്ത കുടുംബങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ മൂന്നുസെന്റ് സ്‌ഥലവും രണ്ടാംഘട്ടത്തില്‍ വീടും നിര്‍മ്മിച്ച് നല്‍കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിനായുള്ള അപേക്ഷകള്‍ ഓരോ വില്ലേജ് ഓഫീസുകള്‍ വഴി ശേഖരിക്കുകയും വിപുലമായ അന്വേഷണങ്ങളൊന്നും കൂടാതെ ഭൂരഹിതരെ കണ്ടെത്തുകയുമായിരുന്നു. ഇത്തരത്തില്‍ കണ്ടെത്തിയതുപ്രകാരം സംസ്‌ഥാനത്ത് 2,43928 ഭൂരഹിതരുണ്ടെന്നായിരുന്നു പ്രാഥമിക കണക്ക്. ഇവരില്‍ മുന്‍ഗണനാ ക്രമത്തില്‍ തയ്യാറാക്കിയ ലിസ്‌റ്റുപ്രകാരം ഒരുലക്ഷം പേര്‍ക്കാണ് മൂന്നുസെന്റ് ഭൂമിയുടെ രേഖകള്‍ കൈമാറാന്‍ തീരുമാനിച്ചത്. 2013ല്‍ യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിയായിരുന്നു രേഖാ കൈമാറ്റം ഉദ്‌ഘാടനം ചെയ്‌തത്. മാറാരോഗികള്‍, വിധവകള്‍, വികലാംഗര്‍ എന്നിവര്‍ക്കായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്. ഇവര്‍ക്ക് നല്‍കാനായി റവന്യൂഭൂമി, മിച്ചഭൂമി, അന്യംനില്‍പ് ഭൂമി, ബോട്ട് ഇന്‍-ലാന്‍, മറ്റുവകുപ്പുകളുടെ കൈവശത്തില്‍ ഉപയോഗിക്കാത്ത ഭൂമി എന്നിവയായിരുന്നു സര്‍ക്കാര്‍ കണ്ടെത്തിയത്. എന്നാല്‍ ജില്ലയില്‍ 2400 ഏക്കര്‍ ഭൂമിയോളമാണ് ലഭിച്ചത്. ഇതില്‍ നിന്നാണ് 710 ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്‌തത്. ബാക്കിയുള്ളവര്‍ക്ക് ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇതുവരെയും എങ്ങുമെത്തിയിട്ടില്ല. ജില്ലയില്‍ പാട്ടകാലാവധി കഴിഞ്ഞ ഭൂമിയുള്‍പ്പടെ വന്‍കിട എസേ്‌റ്ററ്റുടമകള്‍ കൈവശം വെക്കുന്നുണ്ടെങ്കിലും ഇത്തരം ഭൂമികളൊന്നും ഏറ്റെടുക്കാന്‍ യാതൊരു നടപടികളുമുണ്ടായിട്ടില്ല. വനംവകുപ്പില്‍ നിന്നും ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും 2015 ഓടെ പൂര്‍ത്തിയാക്കാനുദേശിച്ച പദ്ധതിക്ക് ഇനി വനംവകുപ്പിന്റെ ഭൂമി ലഭിക്കുമെന്ന പ്രതീക്ഷയും നിലവിലില്ല. ഇതിനിടെ സര്‍ക്കാര്‍ രേഖകള്‍ കൈമാറിയതും വില്ലേജ് ഓഫീസര്‍മാര്‍ അളന്ന് തിരിച്ചുനല്‍കിയതുമായ ഭൂമി ഭൂരിഭാഗവും ഇപ്പോഴും തരിശായി തന്നെ കിടക്കുകയാണ്. 710 പേരില്‍ 150 ഓളം പേര്‍ ഇതുവരെയും രേഖകള്‍ പോലും കൈപ്പറ്റിയിട്ടില്ല. ഇവരുടെ ഭൂമി മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള നീക്കങ്ങള്‍ റവന്യൂവകുപ്പ് ആരംഭിച്ചുകഴിഞ്ഞു. വാസയോഗ്യമല്ലാത്ത ഭൂമിയും ഒരുഷെഡ് പോലും നിര്‍മ്മിക്കാന്‍ സൗകര്യമില്ലാത്തതുമായ മൂന്ന് സെന്റ് ഭൂമി ലഭിച്ചതിനാലാണ് ഭൂരിഭാഗം പേരും തങ്ങള്‍ക്കനുവദിച്ച ഭൂമി ഏറ്റെടുക്കാന്‍ തയ്യാറാവാത്തത്. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷ്‌ണറുടെ നേതൃത്വത്തില്‍ സംസ്‌ഥാന തലത്തിലും, എന്‍.ആര്‍. ഡെപ്യൂട്ടി കലക്‌ടറുടെ നേതൃത്വത്തില്‍ ജില്ലാ തലത്തിലും പ്രത്യേകം ഉദ്യോഗസ്‌ഥരെ നിയോഗിച്ച് സ്‌പെഷ്യല്‍ സെല്ലുകള്‍ രുപീകരിച്ച് സമയബന്ധിതമായി നടപ്പിലാക്കാന്‍ തീരുമാനിച്ച പദ്ധതിയാണ് ഇതോടെ ലക്ഷ്യം കാണാതെ നീളുന്നത്.
from kerala news edited
via IFTTT