ജോലി മാറി ചെയ്യുന്നവര്‍ക്കെതിരെ ഒമാന്‍ നിയമം കര്‍ശനമാക്കുന്നു
Posted on: 27 Feb 2015
മസ്‌കറ്റ്: റെസിഡന്റ് കാര്‍ഡില്‍ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ ജോലി ചെയ്യുന്നവര്‍ക്കെതിരെ ഒമാന്‍ നിയമനടപടികള്‍ കര്‍ക്കശമാക്കുന്നു.
കാര്‍ഡിലെ ജോലി മാറി, ജോലി ചെയ്യുന്നവര്‍ക്ക് പിഴ, ജയില്‍ ശിക്ഷ, നാടുകടത്തല്‍ തുടങ്ങിയവ ഏര്‍പ്പെടുത്തുന്ന നിയമ നടപടികള്‍ ശക്തമാക്കുമെന്ന് മാനവവിഭവ മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റോയല്‍ ഒമാന്‍ പോലീസിന്റെയും നഗരസഭ ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ രാജ്യവ്യാപകമായി ഇതിനായി പരിശോധന നടത്തുമെന്നും മാനവവിഭവ മന്ത്രാലയം വക്താക്കള്‍ അറിയി്ച്ചു. നിയമംലംഘിച്ച് തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്ന തൊഴിലുടമയ്ക്ക് പിഴയും തൊഴിലാളിക്ക് നാടുകടത്തലുമായിരിക്കും ശിക്ഷ.
മസ്‌കറ്റ് നഗരത്തില്‍ തൊഴില്‍ നിയമലംഘകരെ തേടിയുള്ള പരിശോധന ഈയിടെയായി വ്യാപകമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചകളില്‍ ഇത്തരത്തില്‍ പിടിക്കപ്പെട്ടവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. കഴിഞ്ഞയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 467 വിദേശികള്‍ ഇത്തരത്തില്‍ പിടിക്കപ്പെട്ടിരുന്നു. തൊഴില്‍ നിയമലംഘനം നടത്തിയ 260 പേരെ നാടുകടത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം 22,000 വിദേശികളെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2013 ല്‍ ഇത് 17,000 മാത്രമായിരുന്നു.
തൊഴില്‍ നിയമ പ്രകാരം നിയമലംഘനം നടത്തുന്നവരുടെ സ്‌പോണ്‍സര്‍ ആയിരം മുതല്‍ 2,000 റിയാല്‍ വരെ പിഴ അടയ്‌ക്കേണ്ടിവരും. നിയമലംഘനം നടത്തുന്ന തൊഴിലാളിക്ക് ഒരുമാസത്തെ തടവും 400 മുതല്‍ 800 റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. ഇതിന് പുറമെ വിസാ വിലക്കോടെ തൊഴിലാളിയെ നാടുകടത്തുകയും ചെയ്യും. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ വിവിധ കമ്പനികള്‍ തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്നുണ്ടെന്നും വിസയിലും കരാറിലുമില്ലാത്ത ജോലികളാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്നും ഉള്ള കണ്ടെത്തലിനെത്തുടര്‍ന്നാണ് അധികൃതരും നടപടികള്‍ ശക്തമാക്കിയത്.
from kerala news edited
via IFTTT