Story Dated: Friday, February 27, 2015 07:50
ബാഗ്‌ദാദ്: കഴിഞ്ഞ ദിവസം മൊസൂളിലെ ലൈബ്രറി അഗ്നിക്കിരയാക്കിയതിന് പിന്നാലെ അസീറിയന്‍ കാലത്തേതെന്ന് കരുതുന്ന ഇറാഖിലെ പൈതൃകസമ്പത്ത് ഐഎസ് തീവ്രവാദികള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. വിലമതിക്കാന്‍ കഴിയാത്ത പ്രതിമകളും ശില്‍പ്പങ്ങളും അടിച്ചു തകര്‍ക്കുന്നതിന്റെ വീഡിയോ ഓണ്‍ലൈനില്‍ ആണ് പ്രത്യക്ഷപ്പെടുന്നത്.
ബി സി ഏഴാം ശതകത്തിലേകത് എന്ന് കരുതപ്പെടുന്നതും അസീറിയന്‍ സംസ്‌ക്കാരത്തിന്റെ അറിവടയാളങ്ങളെന്ന് പരിഗണിക്കുന്നതുമായി കലാവസ്‌തുക്കള്‍ ഒരു കൂട്ടം ആള്‍ക്കാരെത്തി വലിയ കൂടവും ഡ്രില്ലറുമൊക്കെ ഉപയോഗിച്ച് തകര്‍ത്തുന്നതിന്റെ ദൃശ്യമാണ് വീഡിയോയിലുള്ളത്. വിഗ്രഹ സേവകള്‍ ഒഴിവാക്കാനാണ് പ്രവാചകന്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നും അവനൊപ്പം സഞ്ചരിക്കുന്ന വിശ്വാസികളും രാജ്യങ്ങളും അതു തന്നെ ചെയ്യണമെന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ഒരാള്‍ പറയുന്നുമുണ്ട്.
വടക്കന്‍ മൊസൂളിലെ ഒരു മ്യൂസിയത്തിലെ വസ്‌തുക്കളാണ് അടിച്ചു തകര്‍ക്കുന്നത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഐഎസ് ഈ മ്യൂസിയം പിടിച്ചെടുത്തിരുന്നു. ഇസ്‌ളാമിക ഗാനങ്ങളുടെ പശ്‌ചാത്തലത്തില്‍ തകര്‍ന്നു കിടക്കുന്ന പ്രതിമകളും അവശിഷ്‌ടങ്ങളും വീഡിയോയിലുണ്ട്. വിലമതിക്കാനാകാത്ത നഷ്‌ടമെന്നാണ് ഇറാഖി പുരാവസ്‌തു ഗവേഷകര്‍ നടപടിയെ വിശേഷിപ്പിച്ചിട്ടുള്ളത്.
തകര്‍ക്കപ്പെട്ടത് ഇറാഖിന്റേത് മാത്രമായിരുന്നില്ല ലോകത്തിന്റെ മുഴുവനും പൈതൃക സമ്പത്തായിരുന്നെന്ന് ഇറാഖി പുരാവസ്‌തു ഗവേഷകന്‍ ലാമിയാ അല്‍ ഗെയ്‌ലാനി പറഞ്ഞു. കിരാത നടപടിയെ 2001 ല്‍ അഫ്‌ഗാന്‍ താലിബാന്‍ ബമിയാന്‍ ബുദ്ധാസ് തകര്‍ത്തതിനോടാണ് ഇവര്‍ സാമ്യപ്പെടുത്തുന്നത്. 2000 ലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള സാധനങ്ങളാണ് ഐഎസ് തകര്‍ത്തു കളഞ്ഞതെന്നും ഇവര്‍ പറയുന്നു.
from kerala news edited
via IFTTT