Story Dated: Thursday, February 26, 2015 03:18
കല്‍പ്പറ്റ: കഴിഞ്ഞ വര്‍ഷമുണ്ടായതിനേക്കാള്‍ രൂക്ഷമായ കാട്ടുതീ ഭീഷണിയിലാണ് വയനാടന്‍ കാടുകളെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്. വന്യമൃഗങ്ങള്‍ മനുഷ്യജീവനടക്കം ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ വനപാലകരോടുള്ള രോഷം മൂലം ആളുകള്‍ മന:പൂര്‍വം കാടിനു തീയിടാന്‍ ശ്രമിക്കുമെന്നും ഇത് സ്‌ഥിതി വഷളാക്കുമെന്നും വയനാട്ടിലെ വനംവകുപ്പ് മേധാവികള്‍ ഉന്നതോദ്യോഗസ്‌ഥരെ അറിയിച്ചു. ഈ മാസം ഒമ്പതിന് രാത്രി ബത്തേരി നൂല്‍പ്പുഴയില്‍ കടുവ മനുഷ്യനെ കൊന്നു തിന്നതോടെയാണ് വയനാട്ടില്‍ വനംവകുപ്പിനെതിരേ മുമ്പെങ്ങുമില്ലാത്തവിധം ജനരോക്ഷമുയര്‍ന്നിരിക്കുന്നത്. കേരള ചരിത്രത്തില്‍ തന്നെ ആദ്യമായാണ് കടുവ മനുഷ്യനെ കടുവ കൊന്നു തിന്നത്. നരഭോജി കടുവ തമിഴ്‌നാട്ടില്‍ തൊഴിലാളി സ്‌ത്രീയെ കടിച്ചുകൊല്ലുകയും ചെയ്‌തിരുന്നു. വന്യമൃഗ ശല്യംതടയാനായി വനംവകുപ്പ് സ്വീകരിക്കുന്ന പ്രതിരോധ നടപടികളാകട്ടെ പൂര്‍ണമായി വിജയിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ മനുഷ്യനിര്‍മിതമായ കാട്ടുതീയെ, മതിയായ ഫണ്ടും ജീവനക്കാരുമില്ലാതെ പ്രതിരോധിക്കുക ബുദ്ധിമുട്ടാണെന്നും വനപാലകര്‍ ഉന്നതോദ്യോഗസ്‌ഥരെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ബത്തേരി മേഖലയില്‍ വനത്തിനു തീപിടിച്ചിരുന്നു. ഇത് ആളുകള്‍ മന:പൂര്‍വം തീയിട്ടതാണെന്നാണ് വനപാലകരുടെ നിഗമനം.
2014 മാര്‍ച്ച് 16നാണ് വയനാട് വന്യജീവി സങ്കേതത്തില്‍പ്പെട്ട മുത്തങ്ങ, തോല്‍പ്പെട്ടി ഉള്‍പ്പടെ എട്ടു സ്‌ഥലങ്ങളില്‍ കാട്ടുതീ ഉണ്ടായത്. 417.83 ഹെക്‌ടര്‍ വനം കത്തിനശിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കാട്ടുതീ മനുഷ്യ നിര്‍മിതമാണെന്നു സൂചിപ്പിച്ച് വകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. വനം-പരിസ്‌ഥിതി നിയമങ്ങളും വന്യമൃഗ ശല്യവും ജനങ്ങളില്‍ സൃഷ്‌ടിച്ച പ്രതിഷേധമാണ് കാട്ടുതീക്കു പിന്നിലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ് വയനാടന്‍ കാടുകളില്‍ കടുവ, പുലി, കാട്ടുപോത്ത്, കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ എണ്ണം വര്‍ധിച്ചത്. ഇവ പട്ടാപ്പകല്‍ പോലും ജനജീവിതത്തിന് ഭീഷണിയുയര്‍ത്തുകയും ഇതിനെ പ്രതിരോധിക്കാന്‍ വനപാലകര്‍ക്ക് കഴിയാതെ വരുകയും ചെയ്ുന്ന സയാഹചര്യത്തില്‍ വന്യമൃഗങ്ങളെ തുരത്താനുള്ള മാര്‍ഗമായിട്ടു കൂടി ആളുകള്‍ കാടിനു തീയിടാന്‍ സാധ്യതയേറെയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടക, തമിഴ്‌നാട് വനങ്ങളുമായാണ് വയനാട് വന്യജീവി സങ്കേതം അതിര്‍ത്തി പങ്കിടുന്നത്. ആഹാരം, വെള്ളം എന്നിവയുടെ ലഭ്യതയനുസരിച്ച് വന്യമൃഗങ്ങള്‍ അതിര്‍ത്തി കടന്ന് സഞ്ചരിക്കാറുണ്ട്. വയനാടന്‍ കാടുകളില്‍ കാട്ടുതീയുണ്ടായാല്‍ വന്യമൃഗങ്ങള്‍ അന്യസംസ്‌ഥാനങ്ങളിലേക്ക് ചേക്കേറുമെന്ന ആളുകളുടെ അപക്വമായ നിലപാടുകളും മന:പൂര്‍വം കാടിനു തീയിടാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വനാതിര്‍ത്തികളിലുള്ളവരെ അനുനയിപ്പിക്കാന്‍ ഇത്തവണ അവര്‍ക്ക് ബോധവത്‌ക്കരണ ക്ലാസുകള്‍ നല്‍കാന്‍ വനംവകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. വനാതിര്‍ത്തിയിലുള്ളവരെ ഫയര്‍ വാച്ചര്‍മാരായി നിയമിച്ചും നാടുനീളെ കാട്ടുതീ പ്രതിരോധ ബോധവത്‌ക്കരണ റാലികളും നടത്തി ഇപ്പോഴേ വനംവകുപ്പ് മുന്നൊരുക്കം തുടങ്ങിയിട്ടുണ്ട്.
ബിനു ജോര്‍ജ്
from kerala news edited
via IFTTT