Story Dated: Thursday, February 26, 2015 03:18
പുല്‍പ്പള്ളി: കുരങ്ങുപനി ബാധിത പ്രദേശങ്ങളിലും ചികിത്സയില്‍ കഴിയുന്ന രോഗികളെയും മണിപ്പാല്‍ വൈറോളജി വിഭാഗം മേധാവി ഡോ. ജി. അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. ഇന്ത്യാ ഗവണ്‍മെന്റ് സ്‌ഥാപനമായ മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസേര്‍ച്ച് സെന്ററിന്റെ മേല്‍നോട്ടത്തിലാണ് തുടര്‍ പഠനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഏകോപിക്കുക. പശ്‌ചിമഘട്ട മേഖലയിലെ പനിബാധിത സ്‌ഥലങ്ങളെക്കുറിച്ചുള്ള പഠനത്തിനായാണ് ഈ സംഘം സന്ദര്‍ശനം നടത്തിയത്. രോഗകാരണം, നിര്‍ണയം, നീരിക്ഷീണം എന്നിവ കൂടാതെ രോഗം പടരാതിരിക്കാനുള്ള സംവിധാനങ്ങളുമൊരുക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. കാടിന്റെ ജൈവ ഘടനയിലുണ്ടായിക്കൊണ്ടിരിക്കുന്ന വ്യത്യാസങ്ങളും ആദിവാസികളുള്‍പ്പടെയുള്ളവരുടെ ജീവിതരീതിയിലെ മാറ്റങ്ങളുമെല്ലാം കുരങ്ങുപനിപോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നതായി ഡോ. അരുണ്‍കുമാര്‍ പറഞ്ഞു. 16 തരം ചെള്ളുകളെ പഠനവിധേയമാക്കിയതായും കൂടുതലായി പഠനങ്ങള്‍ നടന്നുവരുന്നതായും അദേഹം അറിയിച്ചു. രോഗമുള്ളവരെയും കോളനിയിലുള്ളവരെയും സന്ദര്‍ശിച്ച സംഘം വരും ദിവസങ്ങളിലും നിരീക്ഷണ തുടരും. രോഗം മറ്റുമേഖലകളിലേക്ക് പടരാതിരിക്കാനും ആവശ്യമായ പഠനങ്ങള്‍ സംഘം നടത്തും. സംഘത്തില്‍ ഡോ. അരുണ്‍ കുമാര്‍, ഡോ. ജസീല്‍ അബ്‌ദുള്‍ മജീദ്, ഡോ. ജിനേഷ്, ജെ.എച്ച്.ഐമാരായ ബൈജു, സുധീഷ്, ഹെന്‍ട്രി എന്നിവരും കോളനികളില്‍ എത്തിയിരുന്നു.
from kerala news edited
via IFTTT