കരിപ്പൂര്‍ റണ്‍വേ നവീകരണം: പ്രവാസികളുടെ യാത്ര അനിശ്ചിതത്വത്തില്‍
പി.പി. ശശീന്ദ്രന്‍
Posted on: 27 Feb 2015
ദുബായ്: അറ്റകുറ്റപ്പണികള്‍ക്കായി കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ ഭാഗികമായി അടയ്ക്കുന്നത് ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലേക്ക് പോകാനുള്ള പ്രവാസികളുടെ യാത്ര അനിശ്ചിതത്വത്തിലാക്കി.
മെയ് ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയാണ് റീകാര്‍പ്പറ്റിങ് എന്ന പേരിലുള്ള നവീകരണത്തിനായി റണ്‍വേയില്‍ വിമാനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ രാത്രി എട്ട് വരെയുള്ള സമയത്ത് ഇവിടെ വിമാനങ്ങള്‍ക്കിറങ്ങാനോ പുറപ്പെടാനോ കഴിയില്ല. കൂടാതെ, വലിയ വിമാനങ്ങള്‍ക്ക് ആറ് മാസത്തേക്ക് പൂര്‍ണമായും നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍ബസ് 330, ബോയിങ് 777 തുടങ്ങിയ ശ്രേണികളിലുള്ള വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകള്‍ക്കാണ് പൂര്‍ണനിരോധനം. ഇതനുസരിച്ച് എമിറേറ്റ്‌സ്, സൗദി എയര്‍ലൈന്‍സ് തുടങ്ങിയ വിമാനക്കമ്പനികളുടെ എല്ലാ സര്‍വീസുകളും കോഴിക്കോട്ടേക്ക് നിലയ്ക്കും.
നാട്ടിലെയും ഗള്‍ഫിലെയും സ്‌കൂള്‍ അവധികള്‍ ഈ കാലയളവിലാണ്. ഇതിന് പുറമേ ഹജ്ജ് തീര്‍ഥാടവും ഇക്കാലത്ത് കടന്നുവരും. അവധിക്കാല വിനോദയാത്രകള്‍ വര്‍ധിക്കുന്ന കാലം കൂടിയാണിത്. ഇതിനകം ഇതിനെല്ലാം ആയിരക്കണക്കിനാളുകള്‍ ടിക്കറ്റ് നേരത്തേ തന്നെ ബുക്ക് ചെയ്തിരുന്നു. റണ്‍വേ അടച്ചിടുന്നകാര്യവും വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവരവും ഇതിനകം ട്രാവല്‍ ഏജന്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പലരും ടിക്കറ്റുകള്‍ മാറ്റുന്ന തിരക്കിലാണ്. അവധിക്കാലത്തെ ഡിമാന്‍ഡും പുതിയ സാഹചര്യവും മുന്‍കൂട്ടിക്കണ്ട് വിവിധ വിമാനക്കമ്പനികള്‍ നിരക്കും കൂട്ടിത്തുടങ്ങി.
ഇതിന് മുമ്പ് 2009ലാണ് കരിപ്പൂരില്‍ റണ്‍വേ നവീകരണം നടന്നത്. എന്നാല്‍, അന്ന് അത് യാത്രക്കാരെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍, ഇന്ന് യാത്രക്കാരുടെ പോക്കുവരവും ചരക്ക് കടത്തുമെല്ലാം അന്നത്തെ അപേക്ഷിച്ച് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്രയും യാത്രക്കാരെയും കാര്‍ഗോ നീക്കത്തെയും പുതിയ നിയന്ത്രണം കാര്യമായി ബാധിക്കും. എയര്‍ബസ് 330 വിമാനത്തില്‍ 278 പേര്‍ക്കും ബോയിങ് 777ല്‍ 346 പേര്‍ക്കുമാണ് യാത്രചെയ്യാന്‍ കഴിയുന്നത്. എമിറേറ്റ്‌സിന്റെയും സൗദിയുടെയും കോഴിക്കോട് സെക്ടറുകളിലേക്കുള്ള വിമാനങ്ങളെല്ലാം ഈ ഗണത്തില്‍ പെട്ടവയാണ്.
കഴിഞ്ഞവര്‍ഷം ദുബായ് വിമാനത്താവളത്തില്‍ റണ്‍വേ നവീകരണം നടന്നപ്പോള്‍ ആറുമാസം മുമ്പ് തന്നെ ദുബായ് അധികൃതര്‍ ഇക്കാര്യം എല്ലാ വിമാനക്കമ്പനികളെയും അറിയിക്കുകയും വേണ്ട ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഷാര്‍ജയിലേക്കും ദുബായിയുടെ തന്നെ അല്‍മക്തൂം എയര്‍പ്പോര്‍ട്ടിലേക്കുമാണ് അവര്‍ പ്രധാനമായും സര്‍വീസുകള്‍ പുനക്രമീകരിച്ചത്. എന്നാല്‍, കോഴിക്കോടിന്റെ കാര്യത്തില്‍ ഇതുവരെ അത്തരം ബദല്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.
from kerala news edited
via IFTTT