അയ്യായിരം കിലോ അലൂമിനിയം കാനുകള്‍ ശേഖരിച്ചു
Posted on: 27 Feb 2015
ദുബായ്: എമിറേറ്റ്‌സ് എന്‍വയോണ്‍മെന്റല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി 'കാന്‍' ശേഖരണ ദിനം ആചരിച്ചു. വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളും വിദ്യാര്‍ഥികളും പരിസ്ഥിതിപ്രവര്‍ത്തകരുമടക്കം ഇരുന്നൂറില്‍പരം ആളുകള്‍ ദൗത്യത്തില്‍ പങ്കാളികളായി. മൊത്തം 5,030 കിലോ അലൂമിനിയം കാനുകളാണ് ഒരൊറ്റ ദിനത്തില്‍ ശേഖരിച്ചത്.
ഏറ്റവുമധികം ദൗര്‍ബല്യം അനുഭവപ്പെടുന്നതും സംസ്‌കരിച്ചെടുക്കാന്‍ ഏറെ ഇന്ധനം ആവശ്യമുള്ളതുമായ അലൂമിനിയത്തിന്റെ ഉല്‍പന്നങ്ങള്‍ നശിപ്പിക്കാതെ പുനഃസംസ്‌കരിച്ച് ഉപയോഗപ്പെടുത്തുകയെന്നതാണ് കാനുകള്‍ ശേഖരിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മണ്ണില്‍ നശിക്കാതെ കിടക്കുന്ന മാലിന്യശേഖരത്തിന്റെ തോത് കുറയ്ക്കാനും ഇതുവഴി സാധിക്കും.
2015 ല്‍ 27,000 കിലോ അലൂമിനിയം ശേഖരിച്ച് പുനഃസംസ്‌കരണത്തിന് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് എമിറേറ്റ്‌സ് എന്‍വയോണ്‍മെന്റല്‍ ഗ്രൂപ്പ് മേധാവി ഹബീബ അല്‍ മറാഷി വ്യക്തമാക്കി. തങ്ങള്‍ ലക്ഷ്യമിട്ടതിന്റെ 19 ശതമാനം ഒറ്റദിവസം കൊണ്ട് നേടാന്‍ സാധിച്ചു. ഇത്രയും കാനുകള്‍ ശേഖരിക്കുകവഴി മണ്ണില്‍ 122 ക്യുബിക് മീറ്ററില്‍ നിറയാവുന്ന മാലിന്യമാണ് ഒഴിവാക്കാനായത്. മാത്രമല്ല, ഉത്പാദനവേളയില്‍ പുറത്തേക്ക് വമിച്ചേക്കാവുന്ന 76 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഒഴിവാക്കാനും സാധിച്ചു-അവര്‍ ചൂണ്ടിക്കാട്ടി. കടലാസ്, ഗ്ലാസ്, മൊബൈല്‍ ഫോണുകള്‍, പാനീയങ്ങളുടെ കാര്‍ട്ടണുകള്‍, ബാറ്ററികള്‍ തുടങ്ങിയവയും എമിറേറ്റ്‌സ് എന്‍വയോണ്‍മെന്റല്‍ ഗ്രൂപ്പ് ശേഖരിക്കുന്നുണ്ട്.
from kerala news edited
via IFTTT