Story Dated: Sunday, January 25, 2015 03:10
മലപ്പുറം: നെഹ്‌റു ജന്മശതാബ്‌ദിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ താനൂര്‍ കടപ്പുറത്ത് 28 മുതല്‍ 30 വരെ വില്ലേജ് ക്യാമ്പ് നടത്തും. ഗാന്ധിദര്‍ശന്‍ സമിതിയും കാരാത്തോട് ഇന്‍കെല്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന്‍ (എന്‍.റ്റി.റ്റി.എഫ്) മായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. 30 ന് നടക്കുന്ന സമാപന പരിപാടിയില്‍ അബ്‌ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ യും ജനപ്രതിനിധികളും പങ്കെടുക്കും. താനൂര്‍ ഫിഷറീസ് സ്‌കൂളില്‍ മൂന്ന് ദിവസം ക്യാമ്പ് ചെയ്യുന്ന 36 വിദ്യാര്‍ഥികള്‍ മത്സ്യത്തൊഴിലാളികളുമായും വിദ്യാര്‍ഥികളുമായും സംവദിക്കും. ഇലക്‌ട്രോണിക്‌സ് മൂന്നാം സെമസ്‌റ്ററിലെ 28 ആണ്‍കുട്ടികളും എട്ട് പെണ്‍കുട്ടികളും വീടുകള്‍ സന്ദര്‍ശിച്ച് ലഹരി വിരുദ്ധ, ശുചീകരണ ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച ലഘുലേഖകളും വിതരണം ചെയ്യും. റേഷന്‍ കാര്‍ഡ് അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനും വിദ്യാര്‍ഥികള്‍ സഹായിക്കും. താനൂര്‍ ഫിഷറീസ് സ്‌കൂള്‍ ഹോസ്‌റ്റലില്‍ താമസിച്ച് പഠിക്കുന്നതിന് മത്സ്യത്തൊഴിലാളി കുട്ടികളെ ബോധവത്‌കരിക്കുന്നതിനായി രണ്ട് ദിവസങ്ങളില്‍ എന്‍.റ്റി.റ്റി.എഫ് ലെ വിദ്യാര്‍ഥികളും കടപ്പുറത്തെ കുട്ടികളുമായി തുടര്‍ച്ചയായ ആശയവിനിമയം നടത്തും. നെഹ്‌റുവിന്റെ രാഷ്‌ട്ര നിര്‍മാണ സങ്കല്‍പങ്ങളുടെ പ്രസക്‌തിയെക്കുറിച്ച് ശ്രീധരന്‍ പറക്കോട് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കും. മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എക്‌സൈസ് വകുപ്പ് തയ്യാറാക്കിയ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കും. സംസ്‌ഥാന ലെയ്‌സണ്‍ ഓഫീസര്‍ വര്‍ഗീസ് ക്ലാസെടുക്കും. ഗാന്ധി ദര്‍ശന്‍ സമിതി ജില്ലാ സെക്രട്ടറി പി.കെ നാരായണന്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ച് കൊണ്ടോട്ടിയില്‍ നടത്തിയ വില്ലേജ് ക്യാമ്പില്‍ വിദ്യാര്‍ഥികള്‍ ചേപ്പിലക്കുന്ന് അങ്കണവാടി പെയിന്റ് ചെയ്‌ത് വൃത്തിയാക്കിയിരുന്നു. അങ്കണവാടി പരിസരവും പട്ടികജാതി കോളനിയോടനുബന്ധിച്ചുള്ള രണ്ട് ശ്‌മശാനങ്ങളും വിദ്യാര്‍ഥികള്‍ വൃത്തിയാക്കി. മെക്കാട്രോണിക്‌സ് കോഴ്‌സിലെ 56 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.
from kerala news edited
via IFTTT