വീരേന്ദ്ര ഹെഗ്‌ഡെ
Posted on: 26 Jan 2015
ധര്‍മസ്ഥല: ദേവാലയത്തിന്റെ ധര്‍മാധികാരിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ, പാവപ്പെട്ടവര്‍ക്കായി ചെയ്ത സേവനങ്ങളാണ് ഡോ. ഡി. വീരേന്ദ്ര ഹെഗ്‌ഡെയെ പദ്മവിഭൂഷണിന് അര്‍ഹനാക്കിയത്.
കര്‍ണാടകത്തില്‍ ദക്ഷിണകന്നഡ ജില്ലയിലെ ധര്‍മസ്ഥല ദേവാലയത്തിന്റെ 21-ാമത് ധര്‍മാധികാരിയാണ് വീരേന്ദ്ര ഹെഗ്‌ഡെ. തുളു സംസാരിക്കുന്ന ജൈന കുടുംബത്തില്‍ 1948-ലാണ് അദ്ദേഹം ജനിച്ചത്. ധര്‍മാധികാരി രത്‌നവര്‍മ ഹെഗ്‌ഡെയുടെയും രത്‌നമ്മ ഹെഗ്‌ഡെയുടെയും മകന്‍.
ഇരുപതാംവയസ്സിലാണ് വീരേന്ദ്ര ധര്‍മാധികാരിയെന്ന പരമ്പരാഗതപദവി ഏറ്റെടുത്തത്. ഹേമവതി ഹെഗ്‌ഡെയാണ് ഭാര്യ. ശ്രദ്ധ മകളാണ്.
ധര്‍മസ്ഥലയില്‍ വര്‍ഷംതോറും സാധുക്കള്‍ക്കുള്ള സമൂഹവിവാഹം നടത്തിവരുന്നു. പതിനായിരക്കണക്കിന് പാവങ്ങള്‍ ഇങ്ങനെ വിവാഹിതരായിട്ടുണ്ട്. സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും വിവാഹച്ചടങ്ങുകള്‍ നടത്താനായി െബംഗളൂരു, മൈസൂരു, ശ്രാവണബെലഗൊള തുടങ്ങി ചില കേന്ദ്രങ്ങളില്‍ അദ്ദേഹം മണ്ഡപങ്ങള്‍ പണിയിക്കുകയുണ്ടായി.
കൃഷി, സാങ്കേതികവിദ്യ, സൗരോര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം, മൈക്രോ ഫിനാന്‍സ് തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ കര്‍ണാടക തീരപ്രദേശങ്ങളിലെ പാവങ്ങളെ ശാക്തീകരിക്കാന്‍ നേതൃത്വംകൊടുത്തു. ബാങ്കുകളുമായും മറ്റും സഹകരിച്ച് സ്വയംതൊഴില്‍ പരിശീലനസ്ഥാപനങ്ങള്‍ തുടങ്ങി. ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് ഇവ ഉപകരിച്ചിട്ടുണ്ട്.
ഏതാനും വിദ്യാലയങ്ങളും ഹോസ്റ്റലുകളും ധര്‍മസ്ഥലയ്ക്കു കീഴില്‍ സ്ഥാപിച്ച് നടത്തിവരുന്നു.
യക്ഷഗാനം പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളടക്കം കലാസാംസ്‌കാരികരംഗത്ത് വലിയ പങ്കുവഹിച്ചു. അധ്യാപകരെക്കൊണ്ട് പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് പ്രകൃതിജീവനം, യോഗ, ധാര്‍മികവിദ്യാഭ്യാസം എന്നിവ ശീലിപ്പിച്ചു.
പല സംഘടനകളും സ്ഥാപനങ്ങളും സര്‍വകലാശാലകളും അദ്ദേഹത്തെ ബഹുമതികള്‍ കൊടുത്ത് ആദരിച്ചിട്ടുണ്ട്. കര്‍ണാടകസര്‍ക്കാറിന്റെ ഏറ്റവുംവലിയ ബഹുമതിയായ കര്‍ണാടക രത്‌ന 2009-ല്‍ കിട്ടി. രാഷ്ട്രം രണ്ടായിരാമാണ്ടില്‍ പദ്മഭൂഷണ്‍ നല്കിയിരുന്നു.
from kerala news edited
via IFTTT