യു.എ.ഇ.യില്‍ വിപുലമായ റിപ്പബ്ലിക് ദിനാഘോഷം
Posted on: 26 Jan 2015
ദുബായ്: വിപുലമായ പരിപാടികളോടെ യു.എ.ഇ.യിലെ ഇന്ത്യന്‍ സമൂഹം റിപ്പബ്ലിക് ദിനം ആഘോഷിക്കും. ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളിലും സ്‌കൂളുകളിലും ഇന്ത്യന്‍ അസോസിയേഷനുകളിലുമൊക്കെ ദേശസ്‌നേഹം തുടിക്കുന്ന പരിപാടികള്‍ അരങ്ങേറും.
ഇന്ത്യന്‍ എംബസിയില്‍ തിങ്കളാഴ്ച രാവിലെ എട്ടിന് അംബാസഡര്‍ ടി.പി. സീതാറാം ത്രിവര്‍ണ പതാകയുയര്‍ത്തും. തുടര്‍ന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കും. അബുദാബിയിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗതവേഷം ധരിച്ച് പതാകയുയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കും.
അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പ്രസിഡന്റ് ഡി. നടരാജന്റെ നേതൃത്വത്തിലും മലയാളിസമാജത്തില്‍ ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂരിന്റെ നേതൃത്വത്തിലും രാവിലെ ഏഴിന് പതാകയുയര്‍ത്തും. അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ മൈതാനത്ത് മൂന്നുമണിക്കൂറിലേറെ നീണ്ടുനില്‍ക്കുന്ന സാംസ്‌കാരികപരിപാടികളാണ് നടക്കുക. ബാന്‍ഡ്‌മേളം, എയ്‌റോബിക് ശൈലിയില്‍ കുട്ടികളവതരിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരം, മാര്‍ച്ച് പാസ്റ്റ് എന്നിവയെല്ലാം ഇതിലുള്‍പ്പെടും. വൈകിട്ട് അബുദാബി ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ എംബസി അധികൃതര്‍ അബുദാബിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികള്‍ക്ക് അത്താഴവിരുന്ന് നല്‍കും.
അംഗീകൃതസംഘടനകള്‍ സംയുക്തമായി നടത്തുന്ന റിപ്പബ്ലിക് ദിനാഘോഷം ജനവരി 29-ന് ഇന്ത്യാ സോഷ്യല്‍ സെന്ററിലാണ് അരങ്ങേറുന്നത്. ഇതിലവതരിപ്പിക്കാനുള്ള സാംസ്‌കാരികപരിപാടികളുടെ പരിശീലനങ്ങള്‍ മലയാളി സമാജത്തിലും കേരളാ സോഷ്യല്‍ സെന്ററിലും ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലും നടക്കുന്നുണ്ട്. ദുബായില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലും വിപുലമായ ആഘോഷപരിപാടികള്‍ അരങ്ങേറും. രാവിലെ എട്ടിന് കോണ്‍സുലേറ്റ് അങ്കണത്തില്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പതാകയുയര്‍ത്തും. തുടര്‍ന്ന് ഒമ്പത് മണിമുതല്‍ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറും.
ദുബായ് അല്‍ ബറാഹയിലെ കെ.എം.സി.സി. ആസ്ഥാനത്ത് റിപ്പബ്ലിക് ദിന പരിപാടികള്‍ അരങ്ങേറും. തിങ്കളാഴ്ച രാത്രി എട്ടിനാണ് പരിപാടികള്‍ തുടങ്ങുക. ഇന്ത്യന്‍ കോണ്‍സുല്‍ ദിനയന്‍ ബര്‍ദുലൈ ഉദ്ഘാടനം ചെയ്യും. യു.എ.ഇ.യിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, കെ.എം.സി.സി. കേന്ദ്ര, സംസ്ഥാന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അങ്കണത്തില്‍ രാവിലെ എട്ടിന് പതാകയുയര്‍ത്തല്‍ നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന പരിപാടിയില്‍ പ്രവാസിപുരസ്‌കാര ജേതാക്കളെ ആദരിക്കും. തുടര്‍ന്ന് സാംസ്‌കാരിക പരിപാടികള്‍ നടക്കും.
from kerala news edited
via IFTTT