121

Powered By Blogger

Sunday, 25 January 2015

ജില്ലാ പഞ്ചായത്തിന്‌ വെബ്‌പോര്‍ട്ടല്‍: ആശയവിനിമയം എളുപ്പമാകും











Story Dated: Sunday, January 25, 2015 03:10


mangalam malayalam online newspaper

മലപ്പുറം: ജില്ലാ പഞ്ചായത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍, കീഴിലുള്ള സ്‌ഥാപനങ്ങള്‍, വിവിധ പദ്ധതികള്‍ തുടങ്ങിയവയുടെ സമഗ്ര വിവരങ്ങളടങ്ങിയ വെബ്‌ പോര്‍ട്ടല്‍ വ്യവസായ, ഐ.ടി. വകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്തിന്‌ കീഴിലുള്ള സ്‌ഥാപനങ്ങള്‍ക്ക്‌ പരസ്‌പരവും ജില്ലാ പഞ്ചായത്തുമായും പൊതുജനങ്ങളുമായും ആശയ വിനിമയം നടത്താനുതകുന്ന രീതിയിലാണ്‌ വെബ്‌പോര്‍ട്ടല്‍ രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങള്‍, ജില്ലാ പഞ്ചായത്തിന്‌ കീഴിലെ സ്‌കൂളുകള്‍, ഫോണ്‍ നമ്പറുകള്‍, ഇ-മെയ്‌ല്‍ വിലാസം, ജില്ലാ പഞ്ചായത്ത്‌ പദ്ധതികള്‍, സ്‌ഥിതി വിവരക്കണക്കുകള്‍, ജില്ലയുടെ ചരിത്രം തുടങ്ങിയവ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സംസ്‌ഥാനത്ത്‌ ഇത്തരത്തില്‍ ഒരു വെബ്‌ പോര്‍ട്ടല്‍ ആരംഭിച്ച ആദ്യ തദ്ദേശസ്വയംഭരണ സ്‌ഥാപനമായി ജില്ലാ പഞ്ചായത്ത്‌ മാറി. ലോകമൊന്നാകെ ഐ.ടി രംഗത്ത്‌ വിപ്ലവകരമായ മുന്നേറ്റം നടത്തുമ്പോള്‍ ഇത്തരം കാല്‍വെയ്‌പുകള്‍ മാതൃകയാണെന്ന്‌ മന്ത്രി പറഞ്ഞു.

ഭാവിയില്‍ ജില്ലാ പഞ്ചായത്തിന്റെ വിവിധ പരിപാടികള്‍ തത്സമയം ജനങ്ങളിലേക്കെത്തിക്കുന്ന സംവിധാനവും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. കെല്‍ട്രോണ്‍ രൂപകല്‌പന ചെയ്‌ത പോര്‍ട്ടലില്‍ ജില്ലാ പഞ്ചായത്തിന്‌ കീഴിലെ സ്‌ഥാപന മേധാവികള്‍ക്ക്‌ സ്വന്തമായി അതത്‌ സ്‌ഥാപനങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകളും വിവരങ്ങളും നല്‍കാം. ജില്ലാ പഞ്ചായത്ത്‌ വാര്‍ഷിക പദ്ധതി പ്രകാരം നടപ്പാക്കിയ അംഗപരിമിതര്‍ക്കുള്ള മുച്ചക്ര സ്‌കൂട്ടര്‍ വിതരണവും മന്ത്രി നിര്‍വഹിച്ചു. 40 സ്‌കൂട്ടറുകളാണ്‌ വിതരണം ചെയ്‌തത്‌. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ കുഞ്ഞു , സ്‌ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ടി. വനജ, വി.സുധാകരന്‍, സക്കീന പുല്‍പ്പാടന്‍, കെ.പി. ജല്‍സീമിയ, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍മാരായ ഉമ്മര്‍ അറക്കല്‍, വി.എം. ഷൗക്കത്ത്‌, എ.കെ. അബ്‌ദുറഹ്‌മാന്‍, കെല്‍ട്രോണ്‍ മാനേജിങ്‌ ഡയറക്‌ടര്‍ കെ. വിജയകുമാര്‍, സാമൂഹിക നീതി ജില്ലാ ഓഫീസര്‍ സി. ആര്‍. വേണുഗോപാല്‍, എസ്‌. വിജിലാല്‍, എ. അബ്‌ദുല്‍ ലത്തീഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT