121

Powered By Blogger

Thursday, 8 January 2015

മേയറുടെയും ഡെപ്യൂട്ടി മേയറുടെയും രാജി ആവശ്യപ്പെട്ട്‌ കൗണ്‍സില്‍ യോഗത്തില്‍ ബഹളം











Story Dated: Friday, January 9, 2015 03:10


കോഴിക്കോട്‌: മേയര്‍ക്കും ഡെപ്യൂട്ടിമേയര്‍ക്കുമെതിരായി വിജിലന്‍സ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത സാഹചര്യത്തില്‍ ഇരുവരുടെയും രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോയി. കൗണ്‍സിലര്‍ കെ.പി അബ്‌ദുല്ലക്കോയയുടെ ലെറ്റര്‍ ഹെഡ്‌ഡും സീലും ദുരുപയോഗം ചെയ്‌ത സംഭവം, കുടുംബശ്രീയുടെ ഇ-ഷോപ്പിന്റെ ഉടമസ്‌ഥാവകാശം സംബന്ധിച്ച ചോദ്യത്തിന്‌ മറുപടി നല്‍കാത്ത നടപടി, സ്വകാര്യപങ്കാളിത്തത്തോടെയുള്ള മെഡിക്കല്‍ കോളജ്‌ ബസ്‌ ടെര്‍മിനല്‍ നിര്‍മാണത്തിന്‌ അനുമതി നിഷേധിച്ച ഉത്തരവ്‌ കൗണ്‍സിലിന്‌ മുമ്പാകെ വെക്കാത്ത സാഹചര്യം എന്നിവയ്‌ക്കെതിരേ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ്‌ കൗണ്‍സില്‍യോഗം ബഹളത്തില്‍ മുങ്ങിയത്‌. അടിയന്തിരപ്രമേയ വിഷയത്തില്‍ തുടക്കത്തില്‍ തന്നെ ഇറങ്ങിപ്പോയ പ്രതിപക്ഷം ഇ-ഷോപ്പ്‌, മെഡിക്കല്‍ കോളജ്‌ വിഷയത്തില്‍ മറുപടി ലഭ്യമാവാത്തതില്‍ പ്രതിഷേധിച്ച്‌ രണ്ടാംവട്ടവും സഭ ബഹിഷ്‌കരിച്ചു.

സ്വകാര്യപങ്കാളിത്തത്തോടെ പദ്ധതി നിര്‍വഹണം നടത്തുന്നത്‌ സംബന്ധിച്ച പ്ര?ജക്‌ട് നിര്‍മാണത്തിന്‌ ഏജന്‍സികളെ നിശ്‌ചയിച്ചതിലും, കോര്‍പറേഷന്റെ പരസ്യനികുതി വിവിധ വര്‍ഷങ്ങളില്‍ നിശ്‌ചയിച്ചതിലുമുള്ള അഴിമതിയും ക്രമക്കേടും സംബന്ധിച്ച്‌ രണ്ടു കേസുകളില്‍ വിജിലന്‍സ്‌ എഫ്‌.ഐ ആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ഇവയുള്‍പ്പെടെ മേയര്‍ക്കെതിരെ നിലവില്‍ മൂന്ന്‌ കേസുകളും, ഡെപ്യൂട്ടിമേയര്‍ക്കെതിരേ അഞ്ചുകേസുകളും വിജിലന്‍സ്‌ കോടതിയുടെ ഉത്തരവ്‌ പ്രകാരം രജിസ്‌റ്റര്‍ ചെയ്‌ത സാഹചര്യത്തില്‍ ഇരുവരും രാജിവെക്കണമെന്നാവശ്യപ്പെട്ടാണ്‌ പ്രതിപക്ഷ നേതാവ്‌ എം.ടി പത്മ അടിയന്തിരപ്രമേയം കൊണ്ടുവന്നത്‌. അടിയന്തരപ്രമേയം സഭയില്‍ വായിച്ച മേയര്‍ പ്ര?ഫ. എ.കെ പ്രേമജം വിഷയത്തിന്‌ അടിയന്തിരസ്വഭാവമില്ലാത്തതിനാല്‍ അവതരണാനുമതി നിഷേധിക്കുന്നുവെന്ന്‌ കൗണ്‍സിലിനെ അറിയിച്ചതോടെയാണ്‌ പ്രതിപക്ഷം സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയത്‌. ശ്രദ്ധക്ഷണിക്കലില്‍ കെ.പി അബ്‌ദുല്ലക്കോയ ആയിരുന്നു ആദ്യം വിഷയം അവതരിപ്പിക്കേണ്ടിയിരുന്നത്‌. എന്നാല്‍ ബഹിഷ്‌കരണം കഴിഞ്ഞ്‌ സഭയില്‍ തിരിച്ചെത്തിയ അബ്‌ദുല്ലക്കോയയ്‌ക്ക് ശ്രദ്ധ ക്ഷണിക്കലിന്‌ അനുമതി നല്‍കാന്‍ മേയര്‍ വിസമ്മതിക്കുകയായിരുന്നു. അബ്‌ദുല്ലക്കോയയുടെ ലെറ്റര്‍ ഹെഡ്‌ഡും സീലും ഉപയോഗിച്ച്‌ മന്ത്രി കുഞ്ഞാലിക്കുട്ടിക്ക്‌ മന്ത്രി എം.കെ മുനീറിനെതിരെ പരാതി അയച്ച കേസില്‍ മുഖ്യപ്രതിയാണ്‌ റംസി ഇസ്‌മയിലെന്നും, റംസി ഇസ്‌മയില്‍ മുഖ്യസംഘാടകനായ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ കത്ത്‌ നല്‍കിയിട്ടും മേയര്‍ ചടങ്ങില്‍ പങ്കെടുത്തത്‌ ശരിയായില്ലെന്നുമാണ്‌ അബ്‌ദുല്ലക്കോയ ശ്രദ്ധക്ഷണിക്കലില്‍ ഉന്നയിക്കാന്‍ ശ്രമിച്ചത്‌. അനുമതി നിഷേധിച്ചതോടെ അബ്‌ദുല്ലക്കോയ മേയറുടെ ഇരിപ്പിടത്തിന്‌ മുന്നില്‍ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു. യു.ഡി.എഫ്‌ കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അര മണിക്കൂറോളം കഴിഞ്ഞാണ്‌ സഭ വീണ്ടും ചേര്‍ന്നത്‌.

ചാലപ്പുറം വാര്‍ഡിലെ പ്രധാന മാര്‍ക്കറ്റിനോട്‌ ചേര്‍ന്ന ഡ്രെയ്‌നേജുകള്‍ വൃത്തിയാക്കണമെന്നാവശ്യപ്പെട്ട്‌ എം.ടി പത്മയും, നഗരത്തിലെ കുടിവെള്ള വിതരണപ്രശ്‌നം സംബന്ധിച്ച്‌ എം.പി ഹമീദും പാളയം മാര്‍ക്കറ്റിലെ പൊതുടോയ്‌ലറ്റ്‌ ഇതുവരെ തുറന്ന്‌ പ്രവര്‍ത്തിപ്പിക്കാത്തത്‌ സംബന്ധിച്ച്‌ സക്കറിയ.പി.ഹുസൈനും ശ്രദ്ധക്ഷണിച്ചു. ഓണ്‍ലൈന്‍ മണല്‍വിതരണം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാനുള്ള ജില്ലാ കലക്‌ടറുടെ ഉത്തരവ്‌ നിലനില്‍ക്കെ ചെറുവണ്ണൂര്‍ മേഖലാ ഓഫീസില്‍ എല്ലാ ബുധനാഴ്‌ചയും അപേക്ഷാഫോമുകള്‍ വിതരണം ചെയ്ുന്നത്‌ യസംബന്ധിച്ച്‌ കെ.സി ശോഭിതയും ശ്രദ്ധക്ഷണിച്ചു. കുടുംബശ്രീയുടെ ഇ ഷോപ്പുകളുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ച ചോദ്യത്തിന്‌ ഇതുവരെ മേയര്‍ മറുപടി നല്‍കിയില്ലെന്നും, മെഡിക്കല്‍ കോളജ്‌ ബസ്‌ സ്‌റ്റാന്റ്‌ സ്വകാര്യവ്യക്‌തികളെ കൊണ്ട്‌ നിര്‍മിക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ ഉത്തരവ്‌ സംബന്ധിച്ച ഫയല്‍ കൗണ്‍സില്‍ യോഗത്തില്‍ വച്ചില്ലെന്നും എന്‍.സി മോയിന്‍കുട്ടി ചൂണ്ടിക്കാട്ടി. ഇതിന്‌ വ്യക്‌തമായ മറുപടി നല്‍കാത്ത മേയറുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം രണ്ടാംതവണയും സഭ ബഹിഷ്‌കരിച്ച്‌ ഇറങ്ങിപ്പോവുകയാണുണ്ടായത്‌.

ഐ.ജി റോഡ്‌ ബസ്‌ സ്‌റ്റാന്റിലെ ന്യൂ ബ്ലോക്ക്‌ കെട്ടിടത്തില്‍ വര്‍ക്കീസ്‌ സൂപ്പര്‍മാര്‍ക്കറ്റിനായി അനുമതി നല്‍കിയ മുറിയുടെ ലൈസന്‍സ്‌ ഫീസ്‌ സംബന്ധിച്ച കാര്യം അജണ്ടകളില്‍ ഒന്ന്‌ ഒഴിവാക്കിയും ഒരു കോടിയോളം രൂപ കണക്കില്‍കുറച്ചും 19 ാം നമ്പര്‍ അജണ്ടയായി കൗണ്‍സിലിന്‌ മുമ്പാകെ എത്തിയതും യോഗത്തില്‍ പ്രതിഷേധത്തിനിടയാക്കി. ഒരേ സ്‌ഥാപനമാണ്‌ രണ്ട്‌ മുറികളും ഉപയോഗിച്ചതെന്നിരിക്കെ നിരുത്തരവാദപരമായ നടപടി സ്വീകരിച്ചതിന്‌ ഉദ്യോഗസ്‌ഥവിഭാഗം മറുപടി പറയണമെന്ന്‌ ടി.സുജന്‍ ആവശ്യപ്പെട്ടു. ഒരേ ഫയലിലെ രണ്ട്‌ അജണ്ടകളില്‍ ഒന്ന്‌ മാത്രമാണ്‌ കൗണ്‍സിലിന്റെ പരിഗണനയ്‌ക്ക് വന്നതെന്നും പ്രിന്റിംഗിന്റെ കുഴപ്പം കാരണമാണ്‌ സംഖ്യയുടെ ഇടതുഭാഗത്ത്‌ ഒന്ന്‌ എന്ന അക്കം വിട്ട്‌പോയതെന്നും ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു. ധനകാര്യകമ്മിറ്റി ഐകകണ്‌ഠ്യേനയാണ്‌ അജണ്ട സംബന്ധിച്ച തീരുമാനം എടുത്തതെന്നും രണ്ട്‌ അജണ്ടകളില്‍ ഒരെണ്ണം മാത്രമാണ്‌ കൗണ്‍സിലിന്‌ മുമ്പാകെ വന്നതെന്നും സെക്രട്ടറി ബി.കെ ബലരാജ്‌ വിശദീകരിച്ചു. അജണ്ട വിട്ടുപോയത്‌ സംബന്ധിച്ച്‌ ആരുടെ ഭാഗത്താണ്‌ തെറ്റ്‌ സംഭവിച്ചതെന്ന്‌ പരിശോധിച്ച്‌ ശിക്ഷാനടപടി സ്വീകരിക്കണമെന്ന്‌ മേയര്‍ കോര്‍പറേഷന്‍ സെക്രട്ടറിയോട്‌ ആവശ്യപ്പെട്ടു.

സ്വന്തമായി കെട്ടിടമില്ലാത്ത അംഗന്‍വാടികള്‍ക്ക്‌ സ്‌ഥലം വാങ്ങുന്നതിനായി അനുവദിക്കുന്ന തുക വര്‍ധിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ടി സുജന്‍ അവതരിപ്പിച്ച പ്രമേയവും, കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ ഹോസ്‌റ്റല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെടുന്ന സി പി മുസാഫര്‍ അഹമ്മദിന്റെ പ്രമേയവും പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ അഭാവത്തില്‍ സഭ ഐകകണ്‌ഠ്യേന അംഗീകരിച്ചു.










from kerala news edited

via IFTTT