Story Dated: Friday, January 9, 2015 11:24
കുവൈറ്റ്‌സിറ്റി: ഭര്‍ത്താവിന്റെ കുടവയര്‍ ലൈംഗികതയ്‌ക്ക് തടസ്സമാകുന്നു എന്ന പരാതിയില്‍ കുവൈറ്റില്‍ യുവതിക്ക് വിവാഹമോചനം. ആഹാരനിയന്ത്രണത്തിലൂടെ വയറും തടിയും കുറയ്‌ക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് അക്കാര്യങ്ങള്‍ ചെവിക്കൊണ്ടില്ലെന്നും ഇവര്‍ കോടതിയില്‍ വ്യക്‌തമാക്കി.
കുടവയര്‍ കാരണം ഇയാള്‍ക്ക് ശരിയായ രീതിയിലുള്ള ലൈംഗികത സാധ്യമാകുന്നില്ല എന്ന് കാണിച്ചാണ് യുവതി വിവാഹമോചനം തേടിയത്. ഭര്‍ത്താവില്‍ നിന്നും ആവശ്യമായ പരിഗണന കിട്ടാത്ത സാഹചര്യത്തില്‍ തന്നെ മൊഴി ചൊല്ലാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേള്‍ക്കാതെ വന്നതോടെയാണ് യുവതി കോടതിയില്‍ എത്തിയത്. കുവൈറ്റിലെ ഇസ്‌ളാമിക നിയമപ്രകാരം ഇയാള്‍ മൂന്ന് തവണ മൊഴി ചൊല്ലിയാല്‍ വിവാഹമോചനം സാധ്യമാകുമെങ്കിലും ഭര്‍ത്താവ് അത് ചെയ്യുന്നില്ലത്രേ.
ഭര്‍ത്താവ് വിവാഹമോചനം നിഷേധിച്ചതോടെയാണ് ഭാര്യ കോടതിയുടെ സഹായം തേടിയത്. പല തവണ നടന്ന വിചാരണയ്‌ക്ക് ശേഷം കോടതി യുവതിയുടെ അപേക്ഷ പരിഗണിച്ചു. ഇസ്‌ളാമിക നിയമപ്രകാരം മൂന്ന് തവണ മൊഴി ചൊല്ലിയാല്‍ വിവാഹബന്ധം വേര്‍പെടുകയും അത് 90 ദിവസത്തിനകം തിരിച്ചെടുക്കുകയും ചെയ്യാം. എന്നാല്‍ വിവാഹമോചനം പ്രാബല്യത്തില്‍ വന്നാല്‍ പിന്നീട് ഈ സ്‌ത്രീയെ തന്നെ അയാള്‍ക്ക് വിവാഹം കഴിക്കണമെങ്കില്‍ അവര്‍ മറ്റൊരാളെ വിവാഹം കഴിക്കുകയും ആ വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്യണം.
അതേസമയം സുന്നി, ഷിയാ വിഭാഗത്തിലെ സ്‌ത്രീകള്‍ക്ക് വിവാഹബന്ധവുമായി ബന്ധപ്പെട്ട് ചില വ്യത്യാസങ്ങളുണ്ട്. സുന്നി നിയമപ്രകാരം ഭര്‍ത്താവ് ശരീരിക മാനസീക വൈകല്യം അനുഭവിക്കുക, ദുരുപയോഗം ചെയ്യപ്പെടുക, വിവാഹപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെടുക, വീട് അന്വേഷിക്കുന്നതില്‍ അലംഭാവം കാട്ടുക തുടങ്ങിയ സാഹചര്യങ്ങളില്‍ വിവാഹമോചിതരാകാം. ഷിയാ വിഭാഗക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളിലെ അലംഭാവം, മാനസീകരോഗം, പരിത്യജിക്കല്‍, ഭര്‍ത്താവിനെ കാണാതാകുക തുടങ്ങിയ കാര്യങ്ങളില്‍ വിവാഹമോചനം നേടാം.
അതേസമയം കുവൈറ്റില്‍ സുന്നിയായാലും ഷിയയായാലും ഭര്‍ത്താവ് മറ്റൊരാളെ സ്വീകരിച്ചു എന്ന ഒരേയൊരു കാണത്തിന്റെ പേരില്‍ ഭാര്യയ്‌ക്ക് വിവാഹമോചനത്തിന് സമീപിക്കാനാകില്ല. അതേസമയം ചെറിയ കാര്യങ്ങളില്‍ പോലും വിവാഹമോചനം നേടുന്ന പ്രവണത കുവൈറ്റില്‍ പെരുകുന്നതായിട്ടാണ് വിവരം. 2010 5,972 ആയിരുന്നു വിവാഹമോചനങ്ങള്‍ 20111 ല്‍ 6,260 ആയിട്ടാണ് കൂടിയത്.
from kerala news edited
via IFTTT