Story Dated: Friday, January 9, 2015 03:15
കൊപ്പം: കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വണ്ടുംകാവ് ഭാഗത്തിന് സമീപമുള്ള സ്വകാര്യ വ്യക്‌തിയുടെ ഉടമസ്‌ഥതയിലുള്ള കരിങ്കല്‍ ക്വാറിയില്‍ ഇരുമ്പ് ഫാക്‌ടറിയിലെ മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധയിനം മാലിന്യങ്ങള്‍ തള്ളാനുള്ള നീക്കത്തിനെതിരെ സമരവുമായി നാട്ടുകാര്‍ രംഗത്ത്. മാസങ്ങള്‍ക്കുമുന്‍പ് ഇതേ ഫാക്‌ടറിയില്‍ നിന്ന് മാലിന്യങ്ങള്‍ സമീപമുള്ള ഒരു കുളത്തില്‍ തള്ളിയതുമൂലം പരിസരങ്ങളിലുള്ള മുഴുവന്‍ കിണറുകളിലെയും വെള്ളം കറുത്ത നിറം വന്ന് മലിനമായിരുന്നു.
നാട്ടുകാര്‍ രംഗത്തുവന്നതോടെ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടരുടെ മേല്‍നോട്ടത്തില്‍ കുളത്തില്‍ നിന്ന് മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്‌തിരുന്നു. 35 വര്‍ഷത്തോളം കരിങ്കല്ല് കുഴിച്ചെടുത്ത ക്വാറിയില്‍ ഇരുമ്പ് അവശിഷ്‌ടങ്ങള്‍ നിക്ഷേപിച്ചാല്‍ ശുദ്ധജല ലഭ്യത തടസപ്പെടുമെന്നും മാരകമായ പകര്‍ച്ച വ്യാധികള്‍ പടരുമെന്നും കൃഷിനാശം, പരിസര മലിനീകരണം തുടങ്ങിയ അപകടകരമായ പ്രശ്‌നങ്ങളെ നേരിടേണ്ടിവരുമെന്ന ആശങ്കയുണ്ട്. കുലുക്കല്ലൂര്‍ ഗ്രാപഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫീസര്‍ക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ കലക്‌ടര്‍, ആര്‍.ഡി.ഒ, സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍, പാടശേഖരസമിതി തുടങ്ങിയവര്‍ക്ക് പരാതി നല്‍കുവാനുള്ള ഒപ്പു ശേഖരണം നടക്കുന്നു. ഇതിനായി ചിരങ്കര മുസ്‌തഫ, സി. സിദ്ദിഖ് രക്ഷാധികാരികളായി പരിസ്‌ഥിതി സംരക്ഷണ സമിതി രൂപീകരിച്ചു.
ഭാരവാഹികള്‍: ചെയര്‍മാന്‍ എം. മുഹമ്മദ് കുട്ടി, കണ്‍വീനര്‍ സി. അലി. വൈസ് ചെയര്‍മാന്‍മാര്‍- യു.പി. നൗഫല്‍, കെ. ശിഹാബുദ്ദീന്‍, അബ്‌ദുള്ള, ജോയിന്റ് കണ്‍വീനര്‍മാര്‍: സി. സഹല്‍, എ.കെ. ബഷീര്‍, കെ. അബുബക്കര്‍.
from kerala news edited
via IFTTT