121

Powered By Blogger

Friday, 6 February 2015

ജൈവകൃഷി പ്രോത്സാഹനം: വയനാട്‌ പാക്കേജ്‌ മുഖേന അനുവദിച്ച 3.35 കോടി വിനിയോഗിച്ചില്ല











Story Dated: Friday, February 6, 2015 03:43


കല്‍പ്പറ്റ: ജൈവകൃഷി ഉത്‌പാദനവും വിപണനവും പ്രോത്സാഹിപ്പിക്കന്നതിന്‌ കഴിഞ്ഞ ബജറ്റില്‍ കൃഷി വകുപ്പിന്റെ വയനാട്‌ പാക്കേജ്‌ മുഖേന വകയിരുത്തിയ 3.35 കോടി രൂപയില്‍ ചില്ലിക്കാശുപോലും വിനിയോഗിച്ചില്ല. കൃഷിവകുപ്പിന്റേയും വിവിധ ഏജന്‍സികളുടേയും പ്രലോഭനങ്ങളില്‍ മയങ്ങി ജൈവകൃഷിയിലേക്ക്‌ തിരിഞ്ഞവര്‍ ന്യായവിലയ്‌ക്ക് ഉത്‌പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയാതെ വിഷമിക്കുമ്പോഴാണ്‌ ഈ അവസ്‌ഥ. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ആഴ്‌ചകള്‍ മാത്രം ബാക്കിയിരിക്കെ തുക ലാപ്‌സാകുമെന്ന ആകുലതയിലാണ്‌ ജൈവ കര്‍ഷകര്‍. കൃഷി വകുപ്പ്‌ ജില്ലയില്‍ 14 വര്‍ഷം മുന്‍പ്‌ ആരംഭിച്ചതാണ്‌ ജൈവകൃഷി പ്രോത്സാഹന പരിപാടികള്‍. സര്‍ട്ടിഫിക്കേഷനുള്ള ജൈവ ഉത്‌പനങ്ങള്‍ക്ക്‌ ഇതര ഉത്‌പന്നങ്ങളെ അപേക്ഷിച്ച്‌ 50 ശതമാനം വിലക്കൂടുതല്‍ ലഭിക്കുമെന്നായിരുന്നു കൃഷി വകുപ്പിന്റേയും വിവിധ ഏജന്‍സികളുടേയും പ്രചാരണം. ഇതില്‍ ആകൃഷ്‌ടരായി ജില്ലയില്‍ നൂറുകണക്കിന്‌ ആളുകളാണ്‌ ജൈവ കൃഷിമുറ സ്വീകരിച്ചത്‌. നിലവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ജൈവകൃഷി സര്‍ട്ടിഫിക്കേഷനുള്ള 8000ല്‍പരം കര്‍ഷകരുണ്ട്‌. 15,000ല്‍ പരം ഏക്കര്‍ ഭൂമിയാണ്‌ ഇവരുടെ കൈവശം. ജൈവകൃഷി പ്രോത്സാഹിപ്പിച്ച കൃഷിവകുപ്പ്‌ ഉത്‌പന്ന വിപണനത്തില്‍ ഇടപെടുമെന്ന്‌ പറയുന്നതല്ലാതെ നടപടികള്‍ ഉണ്ടാകുന്നില്ല. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ജൈവോത്‌പന്ന സംഭരണ, വിപണന സംവിധാനങ്ങള്‍ ഇല്ലാത്തത്‌ സ്വകാര്യ ഏജന്‍സികള്‍ നിശ്‌ചയിക്കുന്ന വിലയ്‌ക്ക് വിളകള്‍ വില്‍ക്കാന്‍ കൃഷിക്കാരെ നിര്‍ബന്ധിതരാക്കുകയാണ്‌. ജില്ലയിലെ ഏഴ്‌ ജൈവ കര്‍ഷക സംഘങ്ങള്‍ ചേര്‍ന്നു രൂപീകരിച്ച വയനാട്‌ ഓര്‍ഗാനിക്‌ കണ്‍സോര്‍ഷ്യം സൊസൈറ്റി 2012-'13ല്‍ ജൈവോത്‌പന്ന വിപണനത്തിന്‌ ഒരു കോടി രൂപ അനുവദിച്ചതായി പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ഒരു രൂപ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന്‌ സൊസൈറ്റി പ്രസിഡന്റ്‌ എം.ഇ. പൗലോസ്‌, സെക്രട്ടറി കെ.ജെ. ജോസ്‌ എന്നിവര്‍ പറഞ്ഞു. ജില്ലയില്‍ ജൈവ ഉത്‌പന്ന സംഭരണത്തിനും വിപണനത്തിനും സര്‍ക്കാര്‍ നേരിട്ട്‌ സംവിധാനം ഒരുക്കുകയോ സാമ്പത്തിക സഹായം അനുവദിച്ച്‌ അംഗീകൃത ഏജന്‍സികളെ ഇതിനു ചുമതലപ്പെടുത്തുകയോ ചെയ്യണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു.

2014-'15ലെ ബജറ്റില്‍ വയനാട്‌ പാക്കേജില്‍ 19 കോടി രൂപയാണ്‌ ആകെ പ്രഖ്യാപിച്ചത്‌. ഇതില്‍ ജൈവകൃഷിക്കും ഉത്‌പന്ന വിപണനത്തിനും ഒഴികെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക്‌ നീക്കിവെച്ച തുകയുടെ ഫലപ്രദമായ വിനിയോഗവും നടന്നിട്ടില്ലെന്ന്‌ ആക്ഷേപം ഉണ്ട്‌.










from kerala news edited

via IFTTT