Story Dated: Saturday, February 7, 2015 12:26
പട്‌ന: ബിഹാറില്‍ ഭരണകക്ഷിയായ ജനതാദള്‍ (യു)വിനുള്ളിലുണ്ടായ അധികാര തര്‍ക്കത്തെ തുടര്‍ന്ന് നിയമസഭ പിരിച്ചുവിട്ടേക്കുമെന്ന് സൂചന. മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വീണ്ടും നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുക്കുന്നതിന് പാര്‍ട്ടി യോഗം വൈകിട്ട് നാലിന് ചേരാനിരിക്കേ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി അടിയന്തരമന്ത്രിസഭാ യോഗം വിളിച്ചു. നിയമസഭാ പിരിച്ചുവിടാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യുന്നതിനുള്ള തീരുമാനമെടുക്കാനാണ് മന്ത്രിസഭാ യോഗം വിളിച്ചതെന്ന് സൂചനയുണ്ട്.
നിതീഷിനെ പുതിയ മുഖ്യമന്ത്രിയായി ഇന്നു ചേരുന്ന നിയമസഭാ കക്ഷിയോഗത്തില്‍ തെരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശരദ് യാദവിന്റെ നടപടി നിയമവിരുദ്ധമാണെന്ന് പറഞ്ഞ മാഞ്ചി ഈ മാസം 20ന് പ്രത്യേക നിയമസഭാ കക്ഷി യോഗം വിളിക്കുമെന്നും വ്യക്തമാക്കിയിരുന്നു. നിയമസഭയില്‍ ന്യൂനപക്ഷമായ മാഞ്ചിയുടെ ശിപാര്‍ശക്കത്ത് പരിഗണിക്കരുതെന്ന് കാണിച്ച് ശരദ് യാദവും ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ, കഴിഞ്ഞ രാത്രി നിതീഷ് കുമാറിന്റെ രണ്ട് വിശ്വസ്തരെ മന്ത്രിസഭയില്‍ നിന്ന് മാഞ്ചി പുറത്താക്കിയിരുന്നു. രാജീവ് രഞ്ചന്‍ സിംഗ് ലല്ലന്‍, പി.കെ ഷാഹി എന്നിവരെ പുറത്താക്കിയത്. സര്‍ക്കാരിന്റെ താല്‍പര്യത്തിനനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ചാണ് നടപടി. ഇന്നലെ ജെ.ഡി.യു ആസ്ഥാനത്തു ഇരുനേതാക്കളുടെയും അനുയായികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് മാഞ്ചിക്ക് അധികാരം കൈമാറിയത്. എന്നാല്‍ മാഞ്ചിയുടെ നടപടികളോട് പാര്‍ട്ടി നേതൃത്വത്തിന് യോജിക്കാതെ വന്നതോടെയാണ് അദ്ദേഹത്തെ നീക്കി നിതീഷ്‌കുമാറിനെ വീണ്ടും മുഖ്യമന്ത്രിക്കസേരയില്‍ അവരോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
234 അംഗ ബിഹാര്‍ നിയമസഭയില്‍ ജെ.ഡി.യുവിന് 115 അംഗങ്ങളാണുള്ളത്. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിന്റെ 24 അംഗങ്ങളും അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും സി.പി.ഐയിലെ ഒരംഗവും രണ്ട് സ്വതന്ത്രരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. ബി.ജെ.പിക്ക് 88 അംഗങ്ങളാണുള്ളത്. അഞ്ചു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
from kerala news edited
via IFTTT