Story Dated: Friday, February 6, 2015 03:43
മാനന്തവാടി: തിരുനെല്ലിയിലെ മാവോയിസ്‌റ്റ് സാന്നിധ്യത്തെ തുടര്‍ന്ന് വനംവകുപ്പിന്റെ പക്ഷിപാതാളം ട്രക്കിംഗ് അനിശ്‌ചിതത്വത്തിലായി. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്ന പക്ഷിപാതാളത്തിലേക്കുള്ള ട്രക്കിംഗ് ജനുവരിയില്‍ പുനഃരാംരംഭിക്കാനിരിക്കെയായിരുന്നു തിരുനെല്ലിയിലെ റിസോര്‍ട്ടിന് നേരെ മാവോവാദി ആക്രമണമുണ്ടായത്. കഴിഞ്ഞ വാരത്തില്‍ രണ്ടാമത്തെ മാവോവാദി അക്രമണം കൂടി നടന്നതോടെയാണ് ട്രക്കിംഗ് അനിശ്‌ചിതമായി നിര്‍ത്തിവെക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്. രണ്ടുവര്‍ഷം മുമ്പുവരെ പക്ഷിപാതാളത്തിലേക്ക് ട്രക്കിംഗിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് സുരക്ഷാ കാരണങ്ങളാല്‍ ട്രക്കിംഗ് പക്ഷിപാതാളത്തിനിപ്പുറം ബ്രഹ്‌മഗിരിമലവരെ മാത്രമായി ചുരുക്കുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം മുതല്‍ വി.എസ്.എസിന്റെ സഹകരണത്തോടെ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പക്ഷിപാതാളം ട്രക്കിംഗ് പുനരാരംഭിക്കാന്‍ വനംവകുപ്പ് നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. പരിസ്‌ഥിതി സൗഹൃദ ടെന്റുകള്‍ ബ്രഹ്‌മഗിരിയില്‍ സ്‌ഥാപിക്കാനും, ഇവിടെ സഞ്ചാരികള്‍ക്ക് താമസസൗകര്യമൊരുക്കുന്നതിനും ഉള്‍പ്പടെയുള്ള പദ്ധതിയായിരുന്നു വനംവകുപ്പ് നടപ്പിലാക്കാനുദേശിച്ചത്. ഇതിനായി വനംവകുപ്പ് സി.സി.എഫ് തിരുനെല്ലിയിലെത്താനിരിക്കെയാണ് മാവോയിസ്‌റ്റ് ആക്രമണമുണ്ടായത്. ഇതോടെ പദ്ധതി അനിശ്‌ചിതത്വത്തിലാവുകയായിരുന്നു. നിലവില്‍ ബ്രഹ്‌മഗിരി മലമുകളിലേക്കുള്ള ട്രക്കിംഗിന് തന്നെ നിരവധി വിദേശ സഞ്ചാരികളുള്‍പ്പടെ തിരുനെല്ലിയിലെത്തുന്നുണ്ട്.
from kerala news edited
via IFTTT