അബുദാബി സ്‌കൂള്‍ ബസ്സുകളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു
Posted on: 03 Feb 2015
അബുദാബി: അബുദാബിയിലെ സ്‌കൂള്‍ ഗതാഗത സംവിധാനങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അബുദാബിയിലെ സ്‌കൂള്‍ ബസ്സുകളില്‍ സീറ്റ് ബെല്‍റ്റുകള്‍ നിര്‍ബന്ധമാക്കും. ഡ്രൈവര്‍ ജോലിക്ക് തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രത്യേക ആരോഗ്യ പരിശോധന നടത്തും. ഡ്രൈവര്‍മാര്‍ക്കും വാഹനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും പരിശീലന പരിപാടികളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. അബുദാബി ട്രാന്‍സ്‌പോര്‍ട്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണിത് അറിയിച്ചത്.
സ്‌കൂള്‍ ഗതാഗത സംവിധാനങ്ങളില്‍ നടത്തിയ വിശദമായ പഠനങ്ങള്‍ക്കും അധ്യാപകരും രക്ഷിതാക്കളും വാഹനകമ്പനികളുമായും നടത്തിയ ആശയവിനിമയങ്ങള്‍ക്കും ശേഷമാണ് പുതിയ സുരക്ഷാ സജ്ജീകരണങ്ങള്‍ വാഹനങ്ങളില്‍ ഒരുക്കുന്നതെന്ന് അബുദാബി പോലീസ് ഗതാഗതവിഭാഗം ഡയറക്ടറും സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായ ബ്രിഗേഡിയര്‍ ഹുസൈന്‍ അല്‍ ഹര്‍ത്തി വ്യക്തമാക്കി. അബുദാബിയില്‍ സ്‌കൂള്‍ ഗതാഗതത്തിന് മിനി വാനുകളും ബസുകളും ഒഴിവാക്കി വലിയ ബസുകള്‍ മാത്രമാക്കി കഴിഞ്ഞ വര്‍ഷം നിയമം വന്നിരുന്നു. ഈയിടെ നാല് വയസുകാരി സ്‌കൂള്‍ ബസ്സില്‍ ശ്വാസംമുട്ടി മരിക്കാനിടയായ സംഭവവും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷാ കാര്യത്തില്‍ പുതിയ നടപടികള്‍ കൈക്കൊള്ളാന്‍ അധികാരികളെ പ്രേരിപ്പിച്ചിരുന്നു.
22 ല്‍ താഴെ സീറ്റുകളുള്ള ബസ്സുകളില്‍ ത്രീ പോയന്റ് സീറ്റ് ബെല്‍റ്റുകളും 22 ല്‍ അധികം സീറ്റുകളുള്ള ബസ്സുകളില്‍ ടു പോയന്റ് സീറ്റ് ബെല്‍റ്റുകളും ഘടിപ്പിക്കനാണ് നിര്‍ദേശം. ഗതാഗതത്തിന് പുതിയ ബസ്സുകള്‍ ഉപയോഗിക്കണം. സ്‌കൂള്‍ ബസ് ഡ്രൈവര്‍ തസ്തികയിലേക്ക് ജോലിയന്വേഷിക്കുന്നവരുടെ ആരോഗ്യ പരിശോധനയ്ക്കുള്ള 750 ദിര്‍ഹം ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ വഹിക്കണം. രോഗപ്രതിരോധത്തിനുള്ള കുത്തിവെപ്പുകള്‍ യു.എ.ഇക്ക് പുറത്ത് നിന്ന് എടുത്തിട്ടുള്ളവര്‍ക്ക് 250 ദിര്‍ഹം മതിയാവും. സ്‌കൂള്‍ ബസ്സുകളില്‍ പരിശോധനകളും വകുപ്പ് നടത്തും.
from kerala news edited
via IFTTT