Story Dated: Tuesday, February 3, 2015 06:59
തിരുവനന്തപുരം: ജനതാദള്‍ എസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കളത്തില്‍വീട്ടില്‍ പൊന്നപ്പന്റെ പരാതിയുടെ അടിസ്‌ഥാനത്തില്‍ വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തു. 2011 ല്‍ ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ ലിഫ്‌റ്റ് ഓപ്പറേറ്റായി ജോലി വാഗ്‌ദാനം ചെയ്‌താണ് പൊന്നപ്പന്റെ മകന്‍ ബുഷ്‌ലാലില്‍നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ബുഷ്‌ലാലിന് ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കിയാല്‍ ജോലി തരപ്പെടുത്തികൊടുക്കാമെന്നാണ് ഇയാള്‍ വാഗ്‌ദാനം ചെയ്‌തത്.
ഇതനുസരിച്ച് രാജേന്ദ്രബാബു എന്ന ഇടനിലക്കാരന്‍വഴി ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റും വട്ടിയൂര്‍ക്കാവിലെ താമസക്കാരനുമായ എസ്. ചന്ദ്രകുമാറിന് ഒരു ലക്ഷം രൂപ നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. വട്ടിയൂര്‍ക്കാവിലെ ചന്ദ്രകുമാറിന്റെ വീട്ടില്‍വച്ചാണ് കൈക്കൂലി തുകയായ ഒരു ലക്ഷം കൈമാറിയത്. കാശ് വാങ്ങിയശേഷം ഒരു മാസത്തിനുളളില്‍ നിയമനം ലഭിക്കുമെന്ന് ഇയാള്‍ ബുഷ്‌ലാലിന് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതോടെ ബുഷ്‌ലാല്‍ ആശുപത്രിയിലെത്തി വിവരം തിരക്കി. വാഗ്‌ദാനം ചെയ്‌ത തസ്‌തികയിലേക്ക് മറ്റൊരാള്‍ക്ക് നിയമനം ലഭിച്ചത് അറിഞ്ഞതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലായത്.
തുടര്‍ന്ന് പലതവണ ചന്ദ്രകുമാറിന്റെ വട്ടിയൂര്‍ക്കാവിലെ വീട്ടിലും ജനതാദള്‍ എസ് ഓഫീസിലും എത്തി പണം തിരികെ ചോദിച്ചിരുന്നു. മാസങ്ങള്‍ക്കുമുന്‍പ് ചന്ദ്രകുമാര്‍ വട്ടിയൂര്‍ക്കാവിലെ വാടകവീടിന്റെ താമസംമാറ്റി മുങ്ങി. തുടര്‍ന്നാണ് ബുഷ്‌ലാലിന്റെ പിതാവ് അമ്പലപ്പുഴ എസ്.പിക്ക് നേരിട്ട് പരാതി നല്‍കിയത്. പരാതി ബോധ്യപ്പെട്ട പോലീസ് കൈക്കൂലി കൈമാറിയത് തലസ്‌ഥാനത്തുവച്ചായതിനാല്‍ കേസ് വട്ടിയൂര്‍ക്കാവിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവ് പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഫലമായി ചന്ദ്രകുമാറിനെതിരെ കേസെടുത്തു. പണം ചോദിച്ച് പാര്‍ട്ടി ഓഫീസിലെത്തിയ ബുഷ്‌ലാലിനെയും രക്ഷാകര്‍ത്താക്കളെയും ഇയാള്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
from kerala news edited
via IFTTT