121

Powered By Blogger

Monday 2 February 2015

ലഹരി ഉപഭോഗം: ഡ്രൈവര്‍മാര്‍ക്ക്‌ ബോധവത്‌കരണം











Story Dated: Tuesday, February 3, 2015 06:47


പത്തനംതിട്ട: ലഹരി വസ്‌തുക്കളുടെ ഉപഭോഗത്തിനെതിരെ ഡ്രൈവര്‍മാര്‍ക്ക്‌ ബോധവത്‌കരണം നല്‍കാന്‍ കലക്‌ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി യോഗം തീരുമാനിച്ചു. മാരാമണ്‍, ചെറുകോല്‍പ്പുഴ, മഞ്ഞനിക്കര കണ്‍വന്‍ഷനുകള്‍ നടക്കുന്ന പശ്‌ചാത്തലത്തില്‍ ലഹരി വസ്‌തുക്കളുടെ വില്‍പ്പന തടയുന്നതിന്‌ അതീവ ജാഗ്രത പുലര്‍ത്തും. മദ്യവും ഗഞ്ചാവും കടത്തുന്നതു തടയുന്നതിന്‌ വാഹന പരിശോധന ശക്‌തമാക്കും എക്‌സൈസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്‌കരണ ക്ലാസുകളില്‍ വ്യാജമദ്യ നിയന്ത്രണ സമിതി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും.


ലഹരി വസ്‌തുക്കളുടെ വില്‍പ്പന സംബന്ധിച്ച്‌ ജനങ്ങള്‍ക്ക്‌ എക്‌സൈസ്‌ വകുപ്പ്‌ ഉദ്യോഗസ്‌ഥരെ രഹസ്യമായി വിവരം അറിയിക്കാം. ജില്ലയിലെ നിയോജക മണ്‌ഡല-പഞ്ചായത്തു തലങ്ങളിലുള്ള ജനകീയ സമിതികളുടെ യോഗം കൃത്യമായി എല്ലാ മാസവും ചേരുന്നതിന്‌ നടപടി സ്വീകരിക്കും. കഴിഞ്ഞ ഒരു മാസക്കാലയളവിനിടെ ജില്ലയില്‍ പോലീസ്‌ വകുപ്പ്‌ അബ്‌കാരി നിയമപ്രകാരം എട്ടു കേസുകളും നാര്‍ക്കോട്ടിക്‌ വിഭാഗത്തില്‍ എന്‍.ഡി.പി.എസ്‌ നിയമപ്രകാരം നാലു കേസുകളും പുകയില ഉത്‌പന്നങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ട്‌ 24 കേസുകളും പൊതുസ്‌ഥലത്ത്‌ മദ്യപിച്ചതിന്‌ 107 കേസുകളും മദ്യപിച്ച്‌ വാഹനമോടിച്ചതിന്‌ 432 കേസുകളും സെക്‌ഷന്‍ 118(എ) പ്രകാരം 430 കേസുകളും രജിസ്‌റ്റര്‍ ചെയ്‌തു നടപടി സ്വീകരിച്ചു.


ഇക്കാലയളവില്‍ എക്‌സൈസ്‌ വകുപ്പ്‌ ജില്ലയില്‍ 801 റെയ്‌ഡുകള്‍ നടത്തി. 83 അബ്‌കാരി കേസുകളും മൂന്ന്‌ എന്‍.ഡി.പി.എസ്‌ കേസുകളും രജിസ്‌റ്റര്‍ ചെയ്യുകയും 80 പ്രതികളെ അറസ്‌റ്റു ചെയ്യുകയും ചെയ്‌തു. 674 ലിറ്റര്‍ സ്‌പിരിറ്റ്‌, 20 ലിറ്റര്‍ ചാരായം, 149 ലിറ്റര്‍ വിദേശമദ്യം, ഒന്‍പതു ലിറ്റര്‍ ബിയര്‍, 675 ലിറ്റര്‍ കള്ള്‌, 54 ഗ്രാം ഗഞ്ചാവ്‌, 2619 ലിറ്റര്‍ കോട എന്നിവ കണ്ടെടുത്തു. 2524 വാഹനങ്ങള്‍ പരിശോധിക്കുകയും രണ്ടു വാഹനങ്ങള്‍ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. വിദേശ മദ്യശാലകളില്‍ എട്ടും ബാര്‍ ഹോട്ടലുകളില്‍ 19ഉം കള്ളു ഷാപ്പുകളില്‍ 480 ഉം പരിശോധന നടത്തി.


വിദേശ മദ്യത്തിന്റെ 27 സാമ്പിളുകളും കള്ളിന്റെ 113 സാമ്പിളുകളും പരിശോധനയ്‌ക്ക്‌ അയച്ചു. റവന്യു റിക്കവറി ഡെപ്യുട്ടി കലക്‌ടര്‍ ആര്‍. രഘു അധ്യക്ഷത വഹിച്ചു. അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ കമ്മിഷണര്‍ കെ. ചന്ദ്രപാലന്‍, ഡിവൈ.എസ്‌.പി എം.എ. നസീര്‍, ഇലന്തൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഏലിയാമ്മ യോഹന്നാന്‍, കെ.ശിവദാസന്‍ നായര്‍ എം.എല്‍.എയുടെ പ്രതിനിധി എം.ബി. സത്യന്‍,സമിതി അംഗങ്ങളായ പി.കെ. ഗോപി,ഫാ. ഗീവര്‍ഗീസ്‌ ബ്ലാഹേത്ത്‌, രാജന്‍ പടിയറ, പി.വി. ഏബ്രഹാം, ജോണ്‍സ്‌ യോഹന്നാന്‍, പി. രവീന്ദ്രന്‍, ആനി ജേക്കബ്‌, കെ. ജമീല മുഹമ്മദ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT