121

Powered By Blogger

Monday, 2 February 2015

വിവാദ പാറമട ഉടമയുടെ നിക്ഷേപം; ഒരാള്‍ക്കുകൂടി സസ്‌പെന്‍ഷന്‍











Story Dated: Tuesday, February 3, 2015 07:33


കൂരോപ്പട: കൂരോപ്പട സര്‍വീസ്‌ സഹകരണ ബാങ്കില്‍നിന്നും ഒരാളെക്കൂടി സസ്‌പെന്‍ഡ്‌ ചെയ്‌തു; സി.പി.എമ്മില്‍ കലാപം രൂക്ഷമായി. കഴിഞ്ഞ 25 വര്‍ഷക്കാലമായി സി.പി.എം. ഭരിക്കുന്ന സഹകരണ ബാങ്കില്‍ വ്യക്‌തി നല്‍കിയ 50 ലക്ഷം രൂപാ ബാങ്കിന്റെ നിയമങ്ങള്‍ കാറ്റില്‍ പറത്തി മറ്റു നാലുപേരുടെ പേരിലേക്ക്‌ നിക്ഷേപം മാറ്റിയ സംഭവത്തിലാണ്‌ രണ്ടു ജീവനക്കാരെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. എസ്‌.എന്‍. പുരം ബ്രാഞ്ച്‌ മാനേജരായ ശ്രീരേഖ, ക്ലാര്‍ക്ക്‌ അനില്‍കുമാര്‍ എന്നിവരെയാണ്‌ അന്വേഷണ വിധേയമായി ബാങ്കില്‍നിന്നും ഭരണസമിതി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.


സി.പി.എമ്മിന്റെ കോത്തല മുന്‍ ലോക്കല്‍ സെക്രട്ടറിയും ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന അനില്‍കുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്‌ത നടപടിയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായിട്ടുണ്ട്‌. കോത്തലയിലെ സി.പി.എമ്മിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായ അനില്‍കുമാറിനെ പുറത്താക്കിയതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും സി.പി.എമ്മിലുണ്ട്‌. 50 ലക്ഷം രൂപ ബാങ്കിന്‌ നിക്ഷേപമായി ലഭിച്ചപ്പോള്‍ സന്തോഷത്തോടെ സ്വീകരിച്ചവരും പ്രോത്സാഹിപ്പിച്ചവരും ഇപ്പോള്‍ എതിര്‍പ്പുമായി രംഗത്തുവരുന്നത്‌ വ്യക്‌തിവിരോധംമൂലമാണെന്ന്‌ ഒരു വിഭാഗം പറയുന്നു.


കോത്തലയിലെ വിവാദ പാറമടയ്‌ക്കെതിരേയുള്ള ജനകീയ സമരത്തില്‍നിന്നും സി.പി.എം. പെട്ടെന്ന്‌ പിന്മാറിയതാണ്‌ സംഭവം പുറത്തുവരാന്‍ ഇടയാക്കിയത്‌. പഞ്ചായത്ത്‌ ഭരണസമിതി പാറമടയ്‌ക്ക് ലൈസന്‍സ്‌ നല്‍കാന്‍ ചേര്‍ന്ന വിവാദ ഭരണസമിതി യോഗത്തില്‍ സി.പി.എമ്മിന്റെ മൂന്നു അംഗങ്ങള്‍ പാറമടയ്‌ക്ക് ലൈസന്‍സ്‌ നല്‍കണമെന്ന്‌ ശക്‌തമായി വാദിച്ചിരുന്നു. ഈ സംഭവം പാര്‍ട്ടിയില്‍ ശക്‌തമായ അഭിപ്രായ വ്യത്യാസത്തിന്‌ ഇടയാക്കിയിരുന്നു. പാറമട സമരത്തില്‍നിന്നും പിന്മാറിയതിനെക്കുറിച്ച്‌ സി.പി.എമ്മിനുള്ളില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ്‌ പാര്‍ട്ടി നേതാക്കള്‍ അന്വേഷണം നടത്തിയത്‌.


അന്വേഷണത്തില്‍ വിവാദ പാറമട ഉടമ 50 ലക്ഷം രൂപാ ബാങ്കിന്‌ നിക്ഷേപമായി നല്‍കിയത്‌ കണ്ടെത്തിയത്‌. കണ്ടെത്തിയത്‌ മറച്ചുവയ്‌ക്കുന്നതിനാണ്‌ വനിതാ ബ്രാഞ്ച്‌ മാനേജരും ക്ലാര്‍ക്കും ചേര്‍ന്ന്‌ മറ്റ്‌ നാലുപേരുടെ പേരിലേക്ക്‌ നിക്ഷേപം മാറ്റിയത്‌. ഭരണസമിതി നടത്തിയ അന്വേഷണത്തില്‍ ഈ വിവരവും കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ്‌ ജനുവരി രണ്ടിന്‌ വനിതാ ബ്രാഞ്ച്‌ മാനേജരെ ആദ്യം സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. വനിതാ ബ്രാഞ്ച്‌ മാനേജര്‍ നിരപരാധിയാണെന്നും പാര്‍ട്ടി നേതാവുകൂടിയായ ക്ലാര്‍ക്ക്‌ പറഞ്ഞത്‌ അനുസരിച്ചതാണ്‌ പ്രശ്‌നമായതെന്നും പാര്‍ട്ടിയില്‍ വാദമുയര്‍ന്നിരുന്നു.


തുടര്‍ന്ന്‌ രണ്ടംഗ ഭരണസമിതിയംഗങ്ങള്‍ കമ്മിഷനായി രൂപീകരിച്ച സമിതി നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്‌ ക്ലാര്‍ക്കായ അനില്‍കുമാറിനെയും സസ്‌പെന്‍ഡ്‌ ചെയ്യുകയായിരുന്നു. സസ്‌പെന്‍ഷനും മറ്റും വിവാദമായതോടെ സി.പി.എം. ഏരിയ, ജില്ലാ കമ്മിറ്റികളും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്‌. സംഭവം പുറത്തായതോടെ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ചോരാതിരിക്കാന്‍ നേതാക്കള്‍ക്ക്‌ കര്‍ശനമായ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. 'മംഗള'മാണ്‌ വിവാദം ആദ്യം പുറത്തുകൊണ്ടുവന്നത്‌. 'മംഗള'ത്തില്‍ വന്ന വാര്‍ത്ത പാര്‍ട്ടിയില്‍ ഏറെ ചര്‍ച്ചകള്‍ക്ക്‌ വഴിവെച്ചിട്ടുണ്ട്‌. കൂടുതല്‍ അച്ചടക്ക നടപടികള്‍ ഇനിയും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകുമെന്ന്‌ അറിയുന്നു.










from kerala news edited

via IFTTT