121

Powered By Blogger

Monday, 2 February 2015

നിയമസഭാസമ്മേളനം തുടങ്ങി







നഗരത്തില്‍ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തും

പുതിയ വ്യവസായനയം ഉടനെ

നഗരവികസനത്തിനായി പ്രത്യേക പദ്ധതി

പുതിയ മാലിന്യസംസ്‌കരണ പ്ലാന്റ്

ബെംഗളൂരു:


ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും വ്യാവസായ വളര്‍ച്ചയും നിക്ഷേപവും വര്‍ധിപ്പിക്കുമെന്നും ഗവര്‍ണര്‍ വാജുഭായ് വാലയുടെ നയപ്രഖ്യാപനം. കര്‍ണാടക നിയമസഭയുടെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി ഹിന്ദിയിലാണ് ഗവര്‍ണര്‍ പ്രസംഗിച്ചത്. ഇതിനെതിരെ നഗരത്തില്‍ വിവിധ കന്നടസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനങ്ങളും നടന്നു. ഇതിന് മുമ്പ് ഗവര്‍ണര്‍മാര്‍ കന്നടയിലോ ഇംഗ്ലീഷിലോ ആയിരുന്നു നിയമസഭയില്‍ സംസാരിച്ചിരുന്നത്.

നിയമസഭയുടെ പത്തുദിവസത്തെ സമ്മേളനത്തിന് തുടക്കംകുറിച്ചാണ് സംയുക്തസമ്മേളനത്തെ ഗവര്‍ണര്‍ അഭിസംബോധന ചെയ്തത്.

നഗരത്തിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പലനടപടികളും സ്വീകരിച്ചിട്ടുണ്ട്. നഗരവാസികളുടെ പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കും. നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് സര്‍ക്കാര്‍ 1,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മാലിന്യ പ്രശ്‌നപരിഹാരത്തിനായി പുതിയ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും. നമ്മ മെട്രോയുടെ ആദ്യഘട്ടം ഈ വര്‍ഷം പൂര്‍ത്തിയാക്കും. ബെംഗളൂരു കോര്‍പ്പറേഷന്‍ വിഭജിക്കാനുള്ള തീരുമാനത്തിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കും. സംസ്ഥാനത്തെ വിവിധജില്ലകളുടെ വികസനത്തിനായി പത്ത് നഗരകോര്‍പ്പറേഷനുകള്‍ സ്ഥാപിക്കും. ഇതിനായി നഗരോത്തന പദ്ധതിയില്‍ 1,000 കോടി രൂപ വകയിരുത്തി.

സംസ്ഥാനത്ത് ജാതിയടിസ്ഥാനത്തില്‍ സര്‍വേ നടത്തിയത് പിന്നാക്കസമുദായത്തിന്റെ വികസനത്തെ ലക്ഷ്യംവെച്ചാണ്. വ്യവസായനിക്ഷേപവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുന്നതിനായി പുതിയ വ്യവസയനയം പ്രഖ്യാപിക്കും. ഹൈദരാബാദ്- കര്‍ണാടക മേഖലയുടെ വികസനത്തിനായി പ്രത്യേകപദ്ധതികള്‍ ആവിഷ്‌കരിക്കും. പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങള്‍ക്ക് വ്യവസായയൂണിറ്റുകള്‍ ആരംഭിക്കുന്നതിന് പ്രത്യേക അനുകൂല്യങ്ങള്‍ നല്‍കും.

സംസ്ഥാനത്ത് 17,000 കോടി രൂപയുടെ 23 വ്യവസായ പദ്ധതികള്‍ക്ക് ഉന്നതാധികാരസമിതി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിലൂടെ 24,000 തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെട്ടതായും ഗവര്‍ണര്‍ പറഞ്ഞു.

വാണിജ്യനികുതിയിനത്തില്‍ 26,847 കോടി രൂപ പരിച്ചെടുത്തു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16.5 ശതമാനം കൂടുതലാണ്. കഴിഞ്ഞ നവമ്പര്‍വരെ എക്‌സൈസ് വകുപ്പിന്റെ വരുമാനം 8,825 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 8.43 ശതമാനം കൂടുതലാണിത്.

വിവര സങ്കേതികരംഗത്ത് നേട്ടം ലക്ഷ്യംവെച്ചാണ് പുതിയ വിവരസാങ്കേതികനയം സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു.









from kerala news edited

via IFTTT