പ്രവാസി ക്രിക്കറ്റ് ടീം കേരള പര്യടനത്തിന്
Posted on: 02 Feb 2015
ദുബായ്: പ്രവാസി മലയാളി ക്രിക്കറ്റര്‍മാരുടെ കൂട്ടായ്മയായ കേരള ഓവര്‍സീസ് ക്രിക്കറ്റേഴ്‌സ് (കെ.ഒ.സി.) കേരള പര്യടനത്തിനൊരുങ്ങുന്നു. ഫിബ്രവരി അഞ്ചുമുതല്‍ എട്ടുവരെ വയനാട് കൃഷ്ണഗിരി ഗ്രൗണ്ടില്‍ നടക്കുന്ന ഫ്രണ്ട്ഷിപ്പ് കപ്പില്‍ കേരള വെറ്ററന്‍ ടീമുമായി കെ.ഒ.സി. ടീം മത്സരിക്കും. 30 ഓവര്‍ വീതമുള്ള മൂന്നുമത്സരങ്ങളാണ് പഴയ രഞ്ജി താരങ്ങളുള്‍പ്പെട്ട ടീമുകള്‍ കളിക്കുക.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവാസികളായ മലയാളി ക്രിക്കറ്റര്‍മാര്‍ചേര്‍ന്ന് 2013-ലാണ് കെ.ഒ.സി. രൂപവത്കരിക്കുന്നത്. കൂടുതലും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരാണ് ഇതിലുള്ളത്. 25 മുന്‍ സംസ്ഥാനതാരങ്ങള്‍ ഇപ്പോള്‍ ഈ കൂട്ടായ്മയിലുണ്ട്. കഴിഞ്ഞവര്‍ഷം കെ.ഒ.സി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ കൊച്ചിയില്‍ ആദ്യ ഫ്രണ്ട്ഷിപ്പ് കപ്പ് സംഘടിപ്പിച്ചു. അന്ന് മൂന്നുമത്സരങ്ങളും ജയിച്ചു. രണ്ടാമത് ഫ്രണ്ട്ഷിപ്പ് കപ്പാണ് വയനാട്ടില്‍ നടക്കുന്നത്. സി.ടി.കെ. ഉസ്മാന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീം അടുത്തയാഴ്ച പുറപ്പെടും. ടീമിന്റെ ജഴ്‌സി ദുബായില്‍ മുഖ്യ സ്‌പോണ്‍സറായ കലാധരന്‍ പുറത്തിറക്കി.
മുന്‍ കളിക്കാരായ ബാബു അച്ചാരത്ത്, ബാലചന്ദ്രന്‍, അന്തരിച്ച എസ്. രാജേഷ്, കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, സ്റ്റാറ്റിസ്റ്റിഷ്യന്‍ സുധീര്‍ അലി എന്നിവരെ ഫ്രണ്ട്ഷിപ്പ് കപ്പില്‍ ആദരിക്കുമെന്ന് കെ.ഒ.സി. നിര്‍വാഹകസമിതിയംഗം ബാലാജി നാരായണന്‍ പറഞ്ഞു.
from kerala news edited
via IFTTT