Story Dated: Friday, December 19, 2014 03:13
കാരന്തൂര്‍: ഇസ്ലാമിന്റെ പേരും ചിഹ്നഹ്നങ്ങളും ഉപയോഗിച്ച് മാനവരാശിക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തുന്ന വ്യക്‌തികളും പ്രസ്‌ഥാനങ്ങളും മതത്തെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മര്‍ക്കസ് സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.സ്വാര്‍ഥ താത്‌പര്യങ്ങല്‍ക്ക് വേണ്ടി ഇസ്ലാമിന്റെ പേര് ഉപയോഗിക്കുന്നവര്‍ മതത്തെയാണ് യഥാര്‍ഥത്തില്‍ വേട്ടയാടുന്നത്. ഭീകരതയെ നേരിടാനുള്ള മികച്ച ആയുധം മതം തന്നെയാണ്. മറ്റൊരാളുടെ ജീവനും സമ്പത്തിനും അവകാശങ്ങള്‍ക്കും മേലെ കൈയേ്േറ്റം നടത്താന്‍ ഒരു മതവിശ്വാസിക്കും കഴിയില്ല. ഭീകരതയുടെ യാതൊരു വിധത്തിലുള്ള സഹായവും ഇസ്ലാമിനോ മുസ്ലിംകള്‍ക്കോ ആവശ്യമില്ല. മുസ്ലിംകളുടെ ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കരുതെന്നാണ് ഇത്തരം പ്രസ്‌ഥാനങ്ങളോടും വ്യക്‌തികളോടുമുള്ള ലോകമുസ്ലിംകളുടെ അപേക്ഷ.
ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ ഭരണകൂടങ്ങളെ സഹായിക്കാന്‍ എല്ലാ മതനേതാക്കളും രംഗത്തിറങ്ങണം. വിശ്വാസികളെയും തീവ്രവാദികളെയും വേര്‍തിരിച്ചു കണ്ടുകൊണ്ടുള്ള നയനിലപാടുകളാകണം സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ടത്. . അല്ലാത്ത പക്ഷം ഭീകരതയെ നേരിടാന്‍ ഭരണകൂടങ്ങള്‍ സ്വീകരിച്ചുപോരുന്ന നടപടികള്‍ വിപരീതഫലമായിരിക്കും സമൂഹത്തില്‍ ഉണ്ടാക്കുക.
ഭീകരതയെ നേരിടാന്‍ ഭരണകൂടങ്ങള്‍ വൈര്യം മറന്നു യോജിക്കണം. സൗത്ത് ഏഷ്യയിലെ വിവിധ രാജ്യങ്ങള്‍ക്കിടയിലെ വിശ്വാസമില്ലായ്‌മയും സഹകരണമില്ലായ്‌മയുമാണ് ഈ പ്രദേശത്തെ ഭീകരരുടെ ഇഷ്‌ടതാവളമായി മാറ്റിയത്. ഈ വൈര്യം അവസാനിപ്പിക്കാത്ത പക്ഷം സൗത്ത് ഏഷ്യയിലെ രാജ്യങ്ങള്‍ കൂടുതല്‍ രൂക്ഷമായ പ്രതിസന്ധികളായിരിക്കും നേരിടേണ്ടിവരിക. ജനങ്ങളുടെ സുരക്ഷക്ക് പ്രാഥമിക മുന്‍ഗണന നല്‍കിക്കൊണ്ടുള്ള വിദേശനയം രൂപപ്പെടുത്താന്‍ ഇന്ത്യന്‍ ഗവര്‍ണ്മെന്റ് മുന്നിട്ടിറങ്ങണം പ്രമേയം ആവശ്യപ്പെട്ടു.
പെഷവാറില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഭീകരതയെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന യാതൊരു നീക്കത്തിനും പങ്കാളികളാവില്ലെന്നും അന്യരുടെ ജീവനും സ്വത്തിനും ക്ഷതമേല്‍പ്പിക്കില്ലെന്നും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പ്രതിജ്‌ഞയെടുത്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.
from kerala news edited
via IFTTT