Story Dated: Friday, December 19, 2014 03:16
പാലക്കാട്: പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിക്ക് ചികിത്സ നിഷേധിച്ച ജില്ലാ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്‌ടറെ സസ്‌പെന്റ് ചെയ്‌ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് അത്യാഹിത വിഭാഗത്തിന് മുന്നില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് കുത്തിയിരിപ്പ് സമരം നടത്തിയ പ്രവര്‍ത്തകരെ സൗത്ത് പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. ഞങ്ങളെയും കൊന്നു തരൂ എന്നെഴുതിയ പ്ലക്കാര്‍ഡുമായാണ് പ്രവര്‍ത്തകര്‍ സമരത്തിനെത്തിയത്.
ജില്ലാ ആശുപത്രിയിലെ അനാസ്‌ഥയും ചികിത്സ നിഷേധിക്കലും പാമ്പുകടിയേറ്റ കുട്ടികളുടെ മരണങ്ങളും സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും പരാതി നല്‍കി. കഴിഞ്ഞദിവസം മരിച്ച ശ്രീജിത്ത് ഉള്‍പ്പെടെ പാമ്പുകടിയേറ്റ് മരിച്ച കൃഷ്‌ണമൂര്‍ത്തി, ബേബി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കണമെന്ന് മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌ത് നിയോജക മണ്ഡലം പ്രസിഡന്റ് ബോബന്‍ മാട്ടുമന്ത ആവശ്യപ്പെട്ടു. സമരത്തിന് റാഫി ജൈനിമേട്, ഇ. നടരാജന്‍, ഷമീര്‍, സി. നിഖില്‍, എ.സി. സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
from kerala news edited
via IFTTT