Story Dated: Friday, December 19, 2014 03:13
കോഴിക്കോട്: കോവൂര്‍ പാലാഴി എം എല്‍ എ റോഡില്‍ വെച്ച് കാല്‍നടയാത്രക്കാരിയായ യുവതിയെ അടിച്ചുവീഴ്‌ത്തി മാലകവര്‍ന്ന കേസിലെ പ്രതികളെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു. കുണ്ടൂപറമ്പ് മൊകവൂര്‍ പ്രണവം വീട്ടില്‍ വിനോദ്, എടക്കാട് ഒവുങ്ങര പറമ്പില്‍ സംഗീത്(21) എന്നിവരെയാണ് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസ് കസ്‌റ്റഡിയില്‍ വിട്ടുകൊടുത്തത്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി നാല് ദിവസത്തേയ്‌ക്കാണ് ഇരുവരേയും മെഡിക്കല്‍ കോളേജ് പൊലീസ് കസ്‌റ്റഡിയില്‍ വാങ്ങിയത്.
അതേസമയം കാട്ടുവയല്‍ കോളനിയിലെ പ്രഭുരാജ് വധം, കോട്ടൂളിയിലെ ബി ജെ പി-സി പി എം സംഘര്‍ഷം തുടങ്ങിയ കൊലപാതക-വധശ്രമ കേസുകളില്‍ ഇരുവരും പ്രതികളാണോയെന്ന് സംശയിക്കുന്നതായി മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ഡിസംബര്‍ 13 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കോവൂര്‍ പാലാഴി എം എല്‍ എ റോഡിലൂടെ നടന്നുവരികയായിരുന്ന രണ്ട് യുവതികളില്‍ ഒരാളെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ഇവരെ അടിച്ചുവീഴ്‌ത്തിയ ശേഷം മാല കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരും പ്രദേശത്തെ ഒരു ഓട്ടോഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് പിടിയിലായത്. കവര്‍ച്ചയ്‌ക്ക് സാക്ഷ്യം വഹിച്ച ഓട്ടോ ഡ്രൈവര്‍ യുവാക്കളുടെ ബൈക്കിന് കുറുകെ വണ്ടി നിര്‍ത്തി തടസ്സപ്പെടുത്തുകയും തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി രണ്ടുപേരെയും പിടികൂടുകയുമായിരുന്നു. നാട്ടുകാര്‍ പിന്നീട് ഇരുവരെയും സ്‌ഥലത്തെത്തിയ മെഡിക്കല്‍ കോളജ് പൊലീസിനെ ഏല്‍പ്പിച്ചു. ഇരുവരും സഞ്ചരിച്ച ബൈക്കില്‍ നിന്നും വടിവാള്‍, ഉറുമി, ഇടിക്കട്ട,മൂന്ന് നമ്പര്‍ പ്ലേറ്റ് തുടങ്ങിയവ പൊലീസ് കണ്ടെടുത്തിരുന്നു.
from kerala news edited
via IFTTT