Story Dated: Friday, December 19, 2014 03:16
ചിറ്റൂര്‍: സംസ്‌ഥാനത്ത് പകുതിയോളം ബാറുകള്‍ അടച്ചുപൂട്ടിയതോടെ പ്രതിസന്ധിയിലായ എക്‌സൈസ് അധികൃതര്‍ കോട്ടം തീര്‍ക്കാനായി കള്ളുഷാപ്പുകളിലും തെങ്ങിന്‍തോപ്പുകളിലും പരിശോധന കര്‍ശനമാക്കുന്നത് മാസപ്പടിക്ക് മാത്രമായെന്ന് ആക്ഷേപം. പകുതി ബാറുകള്‍ പൂട്ടിയതിനൊപ്പം ഞായറാഴ്‌ച ഡ്രൈഡേ കൂടിയായതോടെ കള്ളിന് ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുകയാണ്. ഇതോടെ ക്രിസ്‌മസ്-പുതുവര്‍ഷം ആഘോഷമാക്കാനുള്ള തയാറെടുപ്പില്‍ തന്നെയാണ് എക്‌സൈസ് സംഘം. ഇതിനായി കണ്ടെത്തിയ ഉറവിടം ചിറ്റൂരും.
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം നടത്തുന്ന കള്ളിന്റെ ഉറവിടമായ ചിറ്റൂരിലെ തെങ്ങിന്‍ തോപ്പുകളിലും കള്ളുഷാപ്പുകളിലും ഗുണനിലവാര പരിശോധന നടത്തുന്നതിന് പകരം തങ്ങള്‍ക്കുള്ള പാരിതോഷികം ഉറപ്പു വരുത്തുകയാണ് പരിശോധന കൊണ്ട ലക്ഷ്യമിടുന്നത്. സാധാരണഗതിയില്‍ ചെത്തുന്ന തെങ്ങുകളുടെ എണ്ണത്തിന് അനുപാതമായ കള്ളിന്റെ അളവ്, ഗുണനിലവാരം എന്നിവയാണ് തെങ്ങിന്‍തോപ്പില്‍ പരിശോധന നടത്തുന്ന എക്‌സൈസ് സംഘം പ്രധാനമായും ചെയേ്ണ്ടത്‌േ. എന്നാല്‍, എക്‌സൈസ് സംഘത്തോട് സഹകരിക്കുന്ന തോപ്പുകാരാണെങ്കില്‍ പരിശോധന വഴിപാട് മാത്രമാണെന്ന് ചെത്ത് തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഷാപ്പുകളുടെ സ്‌ഥിതിയും മറിച്ചല്ല. അബ്‌കാരി നിയമപ്രകാരം ലൈസന്‍സ് അനുവദിക്കുന്ന ഷാപ്പിന് രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രവര്‍ത്തന സമയം. എന്നാല്‍, ചിറ്റൂര്‍ റെയ്‌ഞ്ചിനു കീഴില്‍ ഷാപ്പുകള്‍ രാവിലെ ഏഴ് മുതല്‍ സജീവമാണെങ്കിലും കണ്ടില്ലെന്ന നിലപാടാണ് എക്‌സൈസ് സംഘത്തിന്. ഇവരുമായി രമ്യതയില്‍ പോകാത്ത ഷാപ്പുകള്‍ക്കാണെങ്കില്‍ ഗുണനിലവാരം, ശുചിത്വം, സമയം, സ്‌റ്റോക്ക് രജിസ്‌റ്റര്‍ പ്രകാരം വില്‌പന നടതതുന്ന കള്ളിന്റെ അളവ് മുതല്‍ മേശയില്‍ ഈച്ച വരെ നടപടിക്ക് കാരണമാകുന്നതായി ഷാപ്പുടമകള്‍ പറയുന്നു.
ബാറുകള്‍ അടച്ചുപൂട്ടിയതോടെ നല്‍കുന്ന പാരിതോഷികത്തിന്റെ അളവിലും മാറ്റമുണ്ടായതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മലപ്പുറം മദ്യദുരന്തം ചിറ്റൂരില്‍ നിന്ന് കൊണ്ടുപോയ കള്ള് മൂലമാണെന്ന് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ പരിശോധന കര്‍ശനമാക്കിയെങ്കിലും പിന്നീട് പഴയ സ്‌ഥിതിയിലേക്ക് മാറുകയായിരുന്നു. ചിറ്റൂര്‍ റെയ്‌ഞ്ചിന് കീഴില്‍ 89 കള്ളുഷാപ്പുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇതില്‍ ഒട്ടുമിക്ക ഷാപ്പുകളും ബിനാമി ഇടപാടുകളിലാണ് നടത്തിപ്പ്. ലൈസന്‍സി വിവിധ ആളുകളുടെ പേരിലാണെങ്കിലും ഇവയുടെയെല്ലാം നടത്തിപ്പ് ചുരുക്കം ചില വന്‍കിട അബ്‌കാരികളുടെ കൈകളിലായിരിക്കും. ഓരോ ഷാപ്പിനു കീഴിലും ചെത്തുന്ന തെങ്ങുകളുടെ എണ്ണവും തൊഴിലാളികളുടെ എണ്ണവും കണക്കാക്കി വില്‌പന നടത്താവുന്ന കള്ളിന്റെ അളവ് നിശ്‌ചയിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ മൂന്നിരട്ടിയാണ് ഓരോ ഷാപ്പിലും വില്‍ക്കുന്നത്. ഇതറിഞ്ഞാണ് എക്‌സൈസ് അധികൃതരുടെ മുതലെടുപ്പ്. മാസപ്പടിക്ക് പുറമെ ഷാപ്പില്‍ പരിശോധനയ്‌ക്ക് എത്തിയാല്‍ ചെലവിന് 1000 രൂപ, ഗുണനിലവാര പരിശോധനയ്‌ക്ക് സാമ്പിള്‍ ശേഖരിച്ചാല്‍ 1000 രൂപ നിര്‍ബന്ധമാണെന്ന് ഷാപ്പ് തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു.
എസ്. സുധീഷ്
from kerala news edited
via IFTTT