Story Dated: Friday, December 19, 2014 02:14
മൂലമറ്റം: വൈദ്യുതിയുടെ നാട്ടില്‍ വൈദ്യുതി കിട്ടാക്കനിയാകുന്നു. കാറ്റും മഴയും കാലാവസ്‌ഥാ പ്രശ്‌നങ്ങളൊന്നുമല്ലാത്ത സമയത്തും വൈദ്യുതി ലഭിക്കുന്നത് അപൂര്‍വമായി മാത്രം. ദിവസം തോറും വൈദ്യുതി ലഭ്യമാകുന്ന സമയം കുറഞ്ഞു കൊണ്ടിരിക്കുകയാണ്.
വൈദ്യുതിയില്ലെന്ന പരാതി പറയാന്‍ ഓഫീസിലേക്ക് വിളിച്ചാല്‍ മിക്കപ്പോഴും ഫോണ്‍ ആരും എടുക്കാറില്ല. എടുത്താല്‍ തന്നെ 11 കെ.വി. ലൈനില്‍ തകരാറാണെന്ന മറുപടിയാണ് ലഭിക്കുന്നത്. വൈദ്യുതിയുള്ള സമയത്ത് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാണ്. അറ്റകുറ്റപ്പണി പേരില്‍ ദിവസം മുഴുവന്‍ വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിക്കാറുണ്ടെങ്കിലും പ്രദേശത്ത് ടച്ച് വെട്ടുന്ന ജോലികള്‍ പോലും ഇപ്പോഴും തുടങ്ങിയിട്ടില്ല. ഉദ്യോഗസ്‌ഥര്‍ അറിഞ്ഞ് അനധികൃത പവര്‍കട്ട് ഏര്‍പ്പെടുത്തുന്നതാണെന്ന പരാതി ശക്‌തമാണ്. ഇടാട്, ഇലപ്പള്ളി, മണപ്പാടി, മൂന്നുങ്കവയല്‍, അറക്കുളം, മൈലാടി തുടങ്ങി നിരവധി സ്‌ഥലങ്ങളില്‍ വൈദ്യുതി പോസ്‌റ്റില്‍ കാട് കയറിയും മരങ്ങള്‍ വീണ് കിടന്നും വൈദ്യുതി തടസം ഉണ്ടാകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
പരാതി പറഞ്ഞാല്‍ ജീവനക്കാരില്ലെന്ന ന്യായമാണ് ഉദ്യോഗസ്‌ഥര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഉദ്യോഗസ്‌ഥര്‍ താമസിക്കുന്ന കെ.എസ്.ഇ.ബി. കോളനിയില്‍ ഒരിക്കല്‍ പോലും വൈദ്യുതി മുടങ്ങാറില്ല. വൈദ്യുതി ചാര്‍ജില്‍ അടിക്കടി വര്‍ധന ഉണ്ടാകുമ്പോഴും വൈദ്യുതി കിട്ടാക്കനിയാകുന്നതില്‍ ഉപഭോക്‌താക്കള്‍ക്ക് വന്‍ പ്രതിഷേധമാണുള്ളത്. മീറ്റര്‍വാടക, ഫിക്‌സഡ് ചാര്‍ജ്, ഡ്യൂട്ടി, എനര്‍ജി ചാര്‍ജ്, മറ്റിനം എന്നിങ്ങനെ ജനങ്ങള്‍ക്ക് താങ്ങാനാവുന്നതിനും അപ്പുറമാണ് നിരക്ക് വര്‍ധന.
കോടിക്കണക്കിന് രൂപയുടെ കുടിശിഖ പിരിച്ചെടുക്കാന്‍ താല്‍പര്യം കാണിക്കാത്ത ബോര്‍ഡ് അധികൃതര്‍ സാധാരണക്കാര്‍ ബില്ലടക്കാന്‍ താമസിച്ചാല്‍ വൈദ്യുതി വിഛേദിക്കുകയും അനധികൃത പവര്‍കട്ട് ഏര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്‌തമാവുകയാണ്.
from kerala news edited
via IFTTT