Story Dated: Friday, December 19, 2014 06:49
തൊടുപുഴ: മംഗള്‍യാനു പിന്നാലെ ജി.എസ്.എല്‍.വി. മാര്‍ക്ക്3 ബഹിരാകാശ വാഹനം ഇന്ത്യയുടെ അഭിമാനമായതിനു പിന്നിലും തൊടുപുഴയുടെ കരസ്പര്‍ശം. ഒളമറ്റത്തെ ജോസഫ് ടി. സിറിയക്കിന്റെ കൊച്ചു ഫാക്ടറിയിലാണ് ഈ റോക്കറ്റുകളുടെ പതിനഞ്ചോളം ഘടകങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.
ജോസഫിന്റെ പിതാവ് സിറിയക്കാണ് 1976ല്‍ തിരുവനന്തപുരം കേന്ദ്രമാക്കി ചെറിയ ഫാക്ടറി തുടങ്ങിയത്. പിന്നീട് റോക്കറ്റിന്റെ ഭാഗങ്ങള്‍ നിര്‍മിക്കാന്‍ ഐ.എസ്.ആര്‍.ഒയില്‍ നിന്ന് അനുമതി ലഭിച്ചു. തുടര്‍ന്ന് ഫാക്ടറി ഒളമറ്റത്തേക്കു മാറ്റി. റായ്ബറേലി ഐ.ടി.ഐയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന ജോസഫ് പിന്നീട് പിതാവിനൊപ്പം ചേര്‍ന്ന് ഫാക്ടറിയുടെ മേല്‍നോട്ടം ഏറ്റെടുത്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ റോക്കറ്റുകളുടെ പല നിര്‍ണായക ഭാഗങ്ങളും നിര്‍മിച്ചത് ഇവിടെയായിരുന്നു. ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞര്‍ തയാറാക്കി നല്‍കുന്ന രൂപരേഖയുടെ അടിസ്ഥാനത്തിലാണു നിര്‍മാണം. ഇന്ത്യയുടെ ചൊവ്വാ ദൗത്യപേടകമായ മംഗള്‍യാന്റെ ലാം എന്‍ജിനെ ഉണര്‍ത്താന്‍ ഇന്ധനം പകര്‍ന്നുനല്‍കിയത് ഇവര്‍ തയാറാക്കിയ ഉപകരണമാണ്. ബ്രഹ്‌മോസ് മിസൈലുകള്‍ക്കും ഇവിടെ നിന്ന് ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.
തിരക്കേറിയതോടെ അഞ്ചു വര്‍ഷം മുമ്പു മുട്ടത്ത് അത്യാധുനിക സൗകര്യങ്ങളോടു കൂടി ജോസിറ്റ് ഏറോസ്‌പേസ് എന്ന പേരില്‍ അനുബന്ധ ഫാക്ടറി തുടങ്ങി. ഇപ്പോള്‍ രണ്ടു ഫാക്ടറികളിലായി ഇരുപതോളം ജീവനക്കാരുണ്ട്. മൂന്നു മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാജ്യത്തിന്റെ അഭിമാനനേട്ടങ്ങളില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സിറിയക്കും ജോസഫും.
from kerala news edited
via IFTTT