കേഫാക് ലീഗില്‍ ടീമുകള്‍ക്ക് വിജയം
ഹരീഷ്.പി.സി.
Posted on: 01 Jan 2015
കുവൈത്ത് : കേഫാക് ലീഗ് ഫുട്‌ബോളില്‍ കേരള സ്‌ട്രൈക്കേഴ്‌സിനും മാക്ക് കുവൈത്തിനും അല്‍ ശബാബിനും യങ് ഷൂട്ടേഴ്‌സിനും വിജയം. റൗദ ചാലഞ്ചേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരള സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെടുത്തിയത്. പൊരുതിക്കളിച്ച റൗദ ചാലഞ്ചേഴ്‌സിന് തുറന്ന അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളുകളാക്കാനായില്ല. 3 ഗോളുകള്‍ നേടിയ കേരള സ്‌ട്രൈക്കേഴ്‌സ് താരം ജഗദീഷിന് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സമ്മാനിച്ചു.
രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫഹാഹീല്‍ ബ്രദേഴ്‌സിനെ മാക്ക് കുവൈത്ത് തോല്‍പ്പിച്ചു. പരുക്കന്‍ അടവുകള്‍ കണ്ട മത്സരത്തില്‍ ഇരുപക്ഷത്തും ഒരാള്‍ വീതം ചുവപ്പു കാര്‍ഡ് കണ്ടു പുറത്തു പോയി 10 പേരുമായാണ് കളി പൂര്‍ത്തിയാക്കിയത്. വിജയികള്‍ക്ക് വേണ്ടി ഷഫീക്കും , റഹീമും ഗോളുകള്‍ നേടി.
മൂന്നാം മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേസിനെ പരാജയപ്പെടുത്തി അല്‍ ഷാബാബ് വിജയിച്ചു. കളിയുടെ ആദ്യ പകുതിയില്‍ തന്നെ 3 ഗോളുകള്‍ നേടിയ അല്‍ ശബാബിന് മറുപടിയായി രണ്ടാം പകുതിയിലെ അവസാന നിമിഷത്തിലാണ് സ്‌ട്രൈക്കര്‍ സാദിക്കിലൂടെ ആശ്വാസഗോള്‍ നേടാനായത് . വിജയികള്‍ക്ക് വേണ്ടി ഇഷാക്കും, അനസും ഗോളുകള്‍ നേടി. അവസാന മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളിന് യംഗ് ഷൂട്ടേഴ്‌സ് സിയാസ്‌കോയെ പരാജയപ്പെടുത്തി. ഉണ്ണി, ഷബീര്‍, നിസാര്‍ എന്നീവര്‍ യംഗ് ഷൂട്ടേര്‍സിന് വേണ്ടി ഗോളുകള്‍ നേടി.
വെള്ളിയാഴ്ച വൈകീട്ട് 4:30 ന് മിഷറഫ് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന കേഫാക് ഗ്രാന്‍റ് ഹൈപ്പര്‍ ലീഗില്‍ ചാമ്പ്യന്‍സ് എഫ്.സി കെ.കെ.എസ് സുറയുമായും സ്പാര്‍ക്‌സ് എഫ്.സി ബ്രദേര്‍സ് കേരളയുമായും സ്റ്റാര്‍ലൈറ്റ് വാരിയേഴ്‌സ് ബിഗ് ബോയ്‌സുമായും സോക്കര്‍ കേരള സി.എഫ്.സി സാല്‍മിയയുമായും ഏറ്റുമുട്ടും. കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 99708812, 99783404, 97494035 നമ്പറുകളില്‍ ബന്ധപ്പെടുക.
from kerala news edited
via IFTTT