Story Dated: Thursday, January 1, 2015 04:31
മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന സമരം ഒത്തുതീര്‍പ്പാകാതിരിക്കാന്‍ വൈസ്‌ചാന്‍സലറെ മുന്‍നിര്‍ത്തി മുസ്ലിംലീഗ് നടത്തുന്ന കള്ളക്കളി അവസാനിപ്പിക്കണമെന്നു സി.പി. എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഇത്ര കാലമായിട്ടും സമരം ഒത്തുതീര്‍പ്പാക്കാത്തത് വി.സിയുടെയും മുസ്ലിംലീഗിന്റെയും നിലപാടു മൂലമാണ്. ലീഗിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും താളത്തിനൊത്തു തുള്ളുക മാത്രമാണ് വി.സിയുടെ ജോലി.
കഴിഞ്ഞ 29ന് സെനറ്റ് യോഗം നടക്കുമ്പോള്‍ 72 ദിവസം പിന്നിട്ട വിദ്യാര്‍ഥിസമരം ഒത്തുതീര്‍പ്പിലെത്തിക്കുന്നതു സംബന്ധിച്ച പ്രമേയം ചര്‍ച്ചക്കു വന്നിരുന്നു. സെനറ്റംഗവും മുന്‍ എം.എല്‍.എയുമായ വി ശശികുമാറും വി.കെ ബാബുവുമായിരുന്നു പ്രമേയം കൊണ്ടുവന്നത്. ചര്‍ച്ച തുടങ്ങാന്‍ 15 മിനുട്ട് മാത്രമുള്ളപ്പോഴാണ് സെനറ്റ് ഹാളിലേക്ക് മാര്‍ച്ച് ചെയ്‌ത വിദ്യാര്‍ഥികള്‍ക്കു നേരെ പോലീസ് അതിക്രമം കാണിച്ചത്. ഒരു പ്രകോപനവുമില്ലാതെ തിരൂരങ്ങാടി സി.ഐയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ കുട്ടികള്‍ക്കു നേരെ ബലപ്രയോഗം നടത്തുകയായിരുന്നു. ഇത് ചര്‍ച്ച പൊളിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു. സമരത്തിനു സ്വാഭാവിക അന്ത്യമുണ്ടാകുമെന്നായിരുന്നു ലീഗ് മണ്ഡലം പ്രസിഡന്റും സെനറ്റ് അംഗവുമായ വി.പി അബ്‌ദുള്‍ ഹമീദിന്റെ പ്രസ്‌താവന.
സമരം ഒത്തുതീര്‍പ്പാകരുതെന്നാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്ന് ഇത് വ്യക്‌തമാക്കുന്നു. ഇനിയൊരു ചര്‍ച്ചക്കില്ലെന്ന വിസിയുടെ പ്രസ്‌താവനയും തൊട്ടുപിന്നാലെ വന്നു. കള്ളന്‍ കപ്പലില്‍ തന്നെയെന്നാണ് ഇതെല്ലാം വ്യക്‌തമാക്കുന്നതെന്നു, സി.പി.എം ആരോപിച്ചു. ലീഗും വിദ്യാഭ്യാസ മന്ത്രിയും കള്ളക്കളി അവസാനിപ്പിച്ച് സമരം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ ശക്‌തമായ പ്രക്ഷോഭം നടത്തുമെന്നും സെക്രട്ടറിയറ്റ് അറിയിച്ചു.
from kerala news edited
via IFTTT