Story Dated: Thursday, January 1, 2015 04:32
കല്‍പ്പറ്റ: മാവോയിസ്‌റ്റുകളെ നേരിടാന്‍ സര്‍ക്കാര്‍ തോക്കിന്റെ പാത സ്വീകരിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്‌റ്റ് ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ വയനാട് കലകട്രേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്‌ഥരുടെയും ആദിവാസി സംഘടനാ പ്രതിനിധികളുടെയും സംയുക്‌ത യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. തോക്കിന്റെ മാര്‍ഗം എല്ലാ പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരമല്ല.
ആദിവാസികള്‍ക്കിടയിലെ അസംതൃപ്‌തി മുതലെടുത്താണ് മാവോയിസ്‌റ്റുകള്‍ ഈ മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ആദിവാസി മേഖലകളിലെ അടിസ്‌ഥാന പ്രശ്‌നങ്ങള്‍ പരിഹരിച്ചും പോലീസ് സേനയെ സുസജ്‌ജമാക്കിയുമുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദിവാസികള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന മാവോയിസ്‌റ്റുകളെ സായുധമായി നേരിട്ടാന്‍ അത് ആദിവാസികളില്‍ അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കുമെന്ന റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. മാവോയിസ്‌റ്റുകള്‍ ഇങ്ങോട്ട് ആക്രമിച്ചപ്പോള്‍ മാത്രമാണ് പോലീസ് തിരിച്ചുവെടി വച്ചത്- ചെന്നിത്തല പറഞ്ഞു. ജനപിന്തുണയോടെ മാവോയിസ്‌റ്റുകളെ നേരിടും. ഇതിന് എല്ലാ പാര്‍ട്ടികളുടെയും സംഘടനകളുടെയും സഹകരണം തേടിയിട്ടുണ്ട്.
ആദിവാസികള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ മാവോയിസ്‌റ്റുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. പകരം നഗരപ്രദേശങ്ങളിലെ ചെറുപ്പക്കാരിലാണ് അവരുടെ സ്വാധീനമുള്ളത്. അത്തരത്തില്‍പെട്ട രണ്ടുപേരെ കഴിഞ്ഞ ദിവസം പാലക്കാട്ടു വച്ച് പോലീസ് അറസ്‌റ്റുചെയ്‌തിരുന്നു. അവര്‍ മാവോയിസ്‌റ്റ് അനുഭാവികളാണ്. കൂടാതെ രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെയും മാവോയിസ്‌റ്റുകള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ചില ജില്ലകളില്‍ മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആശങ്കാജനകമായ സ്‌ഥിതിയില്ല. ഇവരെ നേരിടാന്‍ കേരളാ പോലീസ് സജ്‌ജമാണ്. കേന്ദ്ര സേനകളുടെ ആവശ്യമില്ല. തമിഴ്‌നാട്, കര്‍ണ്ണാടക സംസ്‌ഥാനങ്ങളുമായി കേരളം അതിര്‍ത്തി പങ്കിടുന്നതിനാല്‍ മൂന്ന് സംസ്‌ഥാനങ്ങളിലെയും പോലീസ് സേനകള്‍ സംയോജിതമായി മാവോയിസ്‌റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തും.
കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളിലെ പോലീസ് മേധാവികള്‍ ഇതിനകം യോഗം ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഇനി മൂന്ന് സംസ്‌ഥാനങ്ങളിലെയും ആഭ്യന്തര വകുപ്പ് മന്ത്രിമാരുടെ യോഗം ഉടന്‍തന്നെ ചേരും. ആദിവാസി കോളനികളിലെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്‌ടര്‍, പോലീസ് സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ മാസവും നിശ്‌ചിത ദിവസങ്ങളില്‍ കോളനി സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ വിലയിരുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വയനാട് കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഭൂമി, പാര്‍പ്പിടം, തൊഴിലില്ലായ്‌മ തുടങ്ങിയ പ്രശ്‌നങ്ങളാണ് വിവിധ സംഘടനാ പ്രതിനിധികള്‍ ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്. പട്ടികജാതി വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍, എം.ഐ ഷാനവാസ് എം.പി, ഐ.സി ബാലകൃഷ്‌ണന്‍ എം.എല്‍.എ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
from kerala news edited
via IFTTT