Story Dated: Sunday, March 1, 2015 08:48
ലണ്ടന്‍: ഒരു കോഴി മുട്ട 45684 രൂപയ്ക്ക് (480 പൗണ്ട്) ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഇ-ബേയില്‍ വിറ്റു. കേവലം ഒരു കോഴി മുട്ടയ്ക്ക് ഇത്രയും വിലയോ? എന്ന് അത്ഭുതപ്പെടേണ്ട. ഈ മുട്ടയ്ക്ക് മറ്റ് മുട്ടകള്‍ക്കില്ലാത്ത ഒരു പ്രത്യേകതയുണ്ട്. മറ്റ് മുട്ടകളുടെ ഓവല്‍ ഷെയ്പ്പില്‍ നിന്ന് വ്യത്യസ്തമായി കൃത്യം റൗണ്ട് ഷെയ്പ്പിലാണ് ഈ മുട്ട. ഇംണ്ടിലെ എസക്‌സിലെ കിം ബ്രോഗ്ഡണ്‍ എന്ന യുവതിയുടെ വളര്‍ത്തു കോഴിയാണ് കൃത്യം വട്ടത്തിലുള്ള മുട്ടയിട്ടത്.
ലക്ഷത്തിലൊരു മുട്ടയ്ക്ക് മാത്രമാണ് ഇങ്ങനെ കൃത്യം റൗണ്ട് ഷെയ്പ് ലഭിക്കുവെന്നാണ് വിദഗ്ദ്ധാഭിപ്രായം. അതുകൊണ്ടു തന്നെ ഈ മുട്ട ഇ-ബേയില്‍ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് കിം പറഞ്ഞു. ഇ-ബേയില്‍ മുട്ട വില്‍പ്പനയ്ക്ക് വയ്ക്കുമ്പോള്‍ അതിന് ഇത്രയും വില ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.
മുട്ടയുടെ വിലയായി ലഭിച്ച തുക എസക്‌സിലെ സിസ്റ്റിക്ക് ഫൈബ്രോസിസ് ട്രസ്റ്റിന് സംഭാവന നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് കിം. ഈ അസുഖം ബാധിച്ച് തന്റ സുഹൃത്തിന്റെ മകന്‍ മരണമടഞ്ഞതിനെ തുടര്‍ന്നാണ് സിസ്റ്റിക്ക് ഫൈബ്രോസിസ് ട്രസ്റ്റിന് പണം സംഭാവന ചെയ്യാന്‍ തീരുമാനിച്ചതെന്നും കിം കൂട്ടിച്ചേര്‍ത്തു. ഇ ബേയില്‍ നിന്ന് മുട്ട വാങ്ങിയയാള്‍ അത് ഭക്ഷിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അപൂര്‍വ ഷെയ്പ്പുള്ള മുട്ട അദ്ദേഹം സൂക്ഷിച്ചു വയ്ക്കുമെന്ന് കരുതുന്നതായും കിം പറഞ്ഞു. ഇ-ബേയില്‍ നടന്ന ഓണ്‍ലൈന്‍ ഓക്ഷനില്‍ 64 പേരാണ് മുട്ടയ്ക്കായി ബിഡ് ചെയ്തത്.
from kerala news edited
via IFTTT