121

Powered By Blogger

Sunday, 1 March 2015

ചെമ്പൈ ഏകാദശി സംഗീതോത്സവത്തിന്‌ പരിസമാപ്‌തി











Story Dated: Monday, March 2, 2015 02:50


കുഴല്‍മന്ദം: നൂറ്റിയൊന്നാമത്‌ ചെമ്പൈ ഏകാദശി സംഗീതോത്സവത്തിന്‌ ആവേശ തികവോടെ പരിസമാപ്‌തി. ശുദ്ധ സംഗീതത്തിന്റെ ആരോഹണ അവരോഹണത്താല്‍ ചെമ്പൈയുടെ ജന്മ ഗ്രാമത്തിനു ഒരിക്കല്‍ക്കൂടി പുണ്യപൂര്‍ണ്ണത പകര്‍ന്നു. ഗുരുവിന്റെ സ്‌മരണകളെ ദീപ്‌തമാക്കി ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ നാദാര്‍ച്ചന ഏകാദശി സംഗീതോത്സവത്തെ ഒരിക്കല്‍ക്കൂടി അവിസ്‌മരണീയമാക്കി.


പ്രസിദ്ധ സംഗീതജ്‌ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണിയുടെ നേതൃത്വത്തില്‍ നടന്ന പഞ്ചരത്നകീര്‍ത്തന ആലാപനത്തോടെയാണ്‌ സമാപന ദിനമായ ഇന്നലെ ചെമ്പൈ ഏകാദശി സംഗീതോത്സവ വേദിയുണര്‍ന്നത്‌. സദനം ഹരികുമാര്‍, വെള്ളിനേഴി സുബ്രഹ്‌മണ്യന്‍, മേഘനാ മൂര്‍ത്തി, സുനീതി, ബാബുരാജ്‌, ഗംഗാദേവി, രാധാരാമചന്ദ്രന്‍, എന്നിവരുടെ കച്ചേരികളും നടന്നു.


പാര്‍ഥസാരഥി ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഉഞ്ചവൃത്തി ചടങ്ങുകള്‍ക്ക്‌ ശേഷമാണ്‌ പഞ്ചരത്നകീര്‍ത്തനാലാപനത്തിനു തുടക്കമിട്ടത്‌. ത്യാഗരാജസ്വാമികള്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട്‌ ഭിക്ഷാടനം നടത്തുന്നതിനെ അനുസ്‌മരിക്കുന്ന ചടങ്ങായ ഉഞ്ചവ്യത്തിക്ക്‌ ചെമ്പൈ കോതാണ്ഡരാമഭാഗവതരാണ്‌ നേതൃത്വം നല്‍കിയത്‌.


പഞ്ചരത്ന കീര്‍ത്തനാലാപനത്തിനു ശേഷം പ്രമുഖ സംഗീതഞ്‌ജന്‍ ടി.വി. ഗോപാലകൃഷ്‌ണന്റെ കച്ചേരിയാണ്‌ നടന്നത്‌. തുടര്‍ന്ന്‌ വിവിധ സംഗീതജ്‌ഞരുടെ കച്ചേരികള്‍ അരങ്ങേറി. വൈകീട്ട്‌ ചെമ്പൈ വിദ്യാപീഠം വിദ്യാര്‍ത്ഥികളും അധ്യാപകരും നയിച്ച സംഗീതാരാധന, ചെന്നെ ജി രാമനാഥന്‍ നയിച്ച സാക്‌സ ഫോണ്‍ കച്ചേരി, വിജയ്‌ യേശുദാസ്‌ അവതരിപ്പിച്ച കച്ചേരി തുടങ്ങിയവ ശ്രദ്ധേയമായി. രാത്രി ഒന്‍പതോടെയാണ്‌ ഗുരു സമക്ഷം അര്‍ച്ചനാ പുഷ്‌പങ്ങള്‍ തീര്‍ത്ത്‌ ഡോ: കെ.ജെ. യേശുദാസ്‌ ആലാപനത്തിന്‌ തുടക്കമിട്ടത്‌. ഗുരുവിന്റെ ഇഷ്‌ട കീര്‍ത്തനങ്ങളുടെ ആലാപനത്തോടെയായിരുന്നു തുടക്കം. ആരാധകത്തിരക്കില്‍ ചെമ്പൈ ഗ്രാമത്തെ വീര്‍പ്പുമുട്ടിച്ചു.










from kerala news edited

via IFTTT