ചെന്നൈ: കഥാപാത്രങ്ങളുടെ അലങ്കാരങ്ങള്‍ അഴിച്ചുവെച്ച് തനി കോഴിക്കോട്ടുകാരനായ ജോയ് മാത്യുവിനെയാണ് ഞായറാഴ്ച മറീനയില്‍ കണ്ടത്. ചുരുണ്ട് കണ്ണിനുമുകളിലേക്കു വീണുകിടക്കുന്ന മുടി വെട്ടിയൊതുക്കിയിരുന്നു. മീശയും താടിയുമില്ലാത്ത മുഖം ഇളംവെയിലില്‍ തിളങ്ങി. മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ അറബി നാടകോത്സവവും കേരളസമാജത്തിന്റെ നാടകചര്‍ച്ചയുമെല്ലാമാണ് നടനും സംവിധായകനുമായ ജോയ് മാത്യുവിനെ ചെന്നൈയിലെത്തിച്ചത്. കടലിന്റെ മുഴക്കവും കാറ്റിന്റെ വശ്യതയുമാസ്വദിച്ച് നടന്നുനീങ്ങിയപ്പോള്‍ മദിരാശിയോടു ചേര്‍ന്നുനിന്നിരുന്ന ഓര്‍മകളുടെ ഷട്ടര്‍ ജോയ് പതിയെ തുറന്നു.
ചലച്ചിത്രമേളകളില്‍ അഭിനന്ദനങ്ങളേറെ ഏറ്റുവാങ്ങിയ ഷട്ടര്‍ ചിത്രത്തിന്റെ സംവിധായകന്‍ സിനിമാ ചിത്രീകരണം ആദ്യമായി കണ്ടത് മദിരാശിയില്‍ വെച്ചാണ്. സിനിമാഭ്രമം തലയ്ക്കുപിടിച്ച കൗമാരത്തിലായിരുന്നു സിനിമയുടെ തട്ടകത്തിലേക്കുള്ള ആദ്യവരവ്. മദിരാശിയില്‍ അക്കാലത്ത് നടനാകാന്‍ പരിശ്രമിക്കുന്ന കോഴിക്കോട്ടുകാരന്‍ സുഹൃത്തും പിന്നീട് അറിയപ്പെടുന്ന നടനുമായ അഗസ്റ്റിന്റെ ക്ഷണമാണ് നാട്ടില്‍നിന്നു വണ്ടികയറാന്‍ പ്രചോദനമായത്.
അഗസ്റ്റിനൊപ്പമുള്ള യാത്രയില്‍ കോട മ്പാക്കത്തെ സിനിമാലോകത്തെ നേരില്‍ തൊട്ടറിയുകയായിരുന്നു. സിനിമവിരിയുന്ന സ്റ്റുഡിയോകള്‍ കാണുകയെന്നതായിരുന്നു വരവിന്റെ പ്രധാനലക്ഷ്യം. പ്രമുഖ സ്റ്റുഡിയോകളുടെയെല്ലാം ഗേറ്റുവരെമാത്രമേ അന്ന് പ്രവേശനം സാധ്യമായുള്ളു. ഷൂട്ടിങ് കാണാന്‍ കാല്‍നടയായെത്തിയ പൊടിമീശസംഘത്തെ വാച്ച്മാന്‍മാര്‍ കണ്ണുരുട്ടി പേടിപ്പിച്ചു.
മലയാളിയും മുതിര്‍ന്ന സംവിധായകനുമായ ശശികുമാറിന്റെ സ്റ്റുഡിയോയ്ക്കുമുന്നില്‍ കാവല്‍ക്കാര്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവിടേക്കുള്ള പ്രവേശനം ആരും തടഞ്ഞില്ല. പ്രേംനസീര്‍ സിനിമയുടെ ചിത്രീകരണമായിരുന്നു സ്റ്റുഡിയോയില്‍ നടന്നിരുന്നത്. വെള്ളിത്തിരയിലെ ആരാധനാതാരത്തെ അങ്ങനെ മദിരാശിയിലെ സ്റ്റുഡിയോയില്‍വെച്ച് ആദ്യമായി കണ്ടു. അടൂര്‍ഭാസിയും കവിയൂര്‍ പൊന്നമ്മയുമെല്ലാം സെറ്റിന്റെ മറ്റൊരിടത്തിരുന്ന് തമാശകള്‍ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.
മദിരാശിയില്‍ സ്റ്റുഡിയോകളും സിനിമാഷൂട്ടിങ്ങുമൊന്നുമല്ലാതെ മറ്റൊന്നും അന്ന് ആകര്‍ഷിച്ചിരുന്നില്ല. കാവല്‍ക്കാരില്ലാത്ത ശശികുമാറിന്റെ സ്റ്റുഡിയോയിലേക്കുതന്നെയായിരുന്നു പിന്നീടുള്ളദിവസങ്ങളിലെല്ലാം പോയത്.
ചിത്രീകരണം കാണാന്‍ ദിവസവും എത്തുന്ന ഞങ്ങളെ പ്രേംനസീര്‍ ശ്രദ്ധിച്ചെന്ന് പിന്നീടാണ് അറിഞ്ഞത്. കാഴ്ച കണ്ടിരിക്കെ ഒരുനേരം നസീര്‍ അടുത്തേക്കെത്തി ആരാണെന്നും വരവിന്റെ ഉദ്ദേശ്യമെന്താണെന്നുമെല്ലാം തിരക്കി. നാട്യങ്ങളൊന്നുമില്ലാതെ സാധാരക്കാരണക്കാരനായുള്ള അദ്ദേഹത്തിന്റെ സംസാരം അതിശയിപ്പിക്കുന്നതായിരുന്നു.
നിത്യഹരിതനായകന്‍ നേരിട്ടെത്തി കുശലം പറഞ്ഞത് അക്കാലത്തെ ഏറ്റവും വലിയ അഭിമാന നിമിഷങ്ങളില്‍ ഒന്നാണ്. വളര്‍ച്ചയുടെ പടവുകള്‍ കയറിപ്പോകുമ്പോഴും മറവിയിലേക്ക് പടിയിറങ്ങാത്ത സീനുകളിലൊന്നായതിനെ കാണുന്നു.
എഴുപത്തഞ്ചിലെ ആദ്യവരവിനുശേഷം പിന്നീട് ഷട്ടറിന്റെ നിര്‍മാണജോലികളുമായി ബന്ധപ്പെട്ട് 2012ലാണ് മദ്രാസില്‍ എത്തുന്നത്. മുന്‍പുകണ്ട കോടമ്പാക്കത്തെ തെരുവുകളും റോഡുകളുമെല്ലാം ഏറെ മാറിയിരിക്കുന്നു. മുന്‍പ് അടഞ്ഞുകിടന്ന ഗേറ്റുകളെല്ലാം സംവിധായകന്‍ കുപ്പായമണിഞ്ഞുള്ള രണ്ടാംവരവില്‍ തുറന്നു.
ഒരിക്കല്‍ അടഞ്ഞുകിടന്ന വാതിലുകള്‍ പിന്നീട് സ്വാഗതമോതി തുറന്നതും ഇറക്കിവിട്ട വഴികളിലേക്ക് കാലം കൈപിടിച്ചു കൊണ്ടുപോയതും ജീവിതത്തില്‍ പലതവണ അനുഭവിച്ചിട്ടുണ്ട് ജോയ് മാത്യു. പുറത്താക്കിയ കോളേജിലെ ഫൈന്‍ ആര്‍ട്‌സ് ഡേ ഉദ്ഘാടനം ചെയ്യാന്‍, ഇടം ലഭിക്കാത്ത പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് സ്വന്തം ചിത്രത്തിന്റെ പ്രദര്‍ശനവുമായി... അങ്ങനെ പലയിടങ്ങളിലേക്കും തിരിച്ചുകയറിയിട്ടുണ്ട്. ഫാദര്‍ ഒറ്റപ്ലാക്കനായും അമിത് ഷായായും വെള്ളിത്തിരയെ ഞെട്ടിച്ച മുഖത്ത് അഭിമാനം തിരയടിച്ചു.
ശരാശരി മലയാളിയുടെ കപടസദാചാരബോധത്തെ തുറന്നുകാണിക്കാന്‍ നടുങ്കന്‍ ഡയലോഗുകളും ആക്രോശങ്ങളും ആവശ്യമില്ലെന്നു തുറന്നുകാണിച്ച സംവിധായകനാണ് ജോയ് മാത്യു. മലയാളി കണ്ടുമടുത്ത കാഴ്ചകള്‍ക്കുമുന്‍പില്‍ ഷട്ട റിടാന്‍ ധൈര്യം കാണിച്ച സംവിധായകന്‍ മറീനയിലെ വെയിലിനെ കൂസാതെ മുന്നോട്ടുനടന്നു. മടക്കിക്കുത്തിയ മുണ്ടുമായി.
from kerala news edited
via IFTTT