121

Powered By Blogger

Sunday, 1 March 2015

ഷമിതാഭ്: ശബ്ദവും ശരീരവും









സംസാരിക്കാന്‍ ശബ്ദം ഒരു എളുപ്പവഴിയാണ്. ശബ്ദവിന്യാസങ്ങളുടെ സ്ഥിരതയും കയറ്റിറക്കങ്ങളും അറിഞ്ഞുവച്ചാല്‍ സംസാരം ഒരു കലയാകും. ചിന്തയും വികാരങ്ങളും രണ്ടാമതൊരാളുടെ തലച്ചോറിലേയ്ക്ക്, ചിലപ്പോഴൊക്കെ ഹൃദയത്തിലേയ്ക്ക് എളുപ്പത്തില്‍ കടത്തിവിടാനാകും. എന്നാല്‍ ശബ്ദം കൂടാതെയുള്ള സംസാരത്തെ കലയാക്കിയവനാണ് നടന്‍. അക്കാര്യത്തില്‍, ഉള്ളില്‍ തട്ടിയ ഉറപ്പുള്ളതുകൊണ്ടാണ് ദാനിഷ് (ധനുഷ്) എന്ന ഇജത്പുരി പയ്യന്‍ സ്വപ്നത്തില്‍ ബോംബെ മഹാനഗരം മാത്രം കണ്ടത്. സിനിമയുടെ ഈറ്റുമുറിയായ അവിടേയ്ക്ക് താരമായി പിറവികൊള്ളാന്‍ വെമ്പിയെത്തിയത്.

താരപദവി മോഹിച്ചെത്തുന്ന ഏതൊരുവനെയും പോലെയായിരുന്നില്ല ദാനിഷ്. നടനു വേണം എന്ന് ബഹുഭൂരിപക്ഷവും നിഷ്‌കര്‍ഷിക്കുന്ന 'ശബ്ദം' സ്വന്തമായില്ലാത്തവന്‍. ചിരിക്കുമ്പോഴും കരയുമ്പോഴും ചങ്കിലെ തീ തൊണ്ടയിലാക്കി അലറുമ്പോഴും മൗനം സ്വരമാക്കിയവന്‍. കേള്‍ക്കാത്ത ശബ്ദത്തെ അനുഭവിപ്പിച്ചതുകൊണ്ടാണ് അക്ഷര (അക്ഷര ഹാസന്‍) എന്ന സഹസംവിധായിക ദാനിഷിലെ നടനെ അംഗീകരിച്ചതും അവന് സിനിമയിലേയ്ക്കുള്ള വഴി തുറന്നുകൊടുത്തതും. സിനിമയില്‍ നടനാകാനും സിനിമയ്ക്കു പുറത്ത് താരമാകാനും ദാനിഷിന് ശബ്ദം വേണം. സാങ്കേതികവിദ്യയുടെ സഹായത്തോടെ അവര്‍ ഒരു വഴി കണ്ടെത്തി. എന്നാല്‍ അവയവം പോലെ ഒരുപക്ഷെ അതിനേക്കാളേറെ സ്വത്വത്തിന്റെ ഭാഗമായ ശബ്ദം ദാനം ചെയ്യാന്‍ ഒരാള്‍ തയ്യാറാവണം.


ആ ശബ്ദദാതാവ് അവരുടെ വഴിയിലേയ്ക്ക് വന്നു കയറുകയായിരുന്നു. മദ്യപിച്ച് ഉന്മത്തനായി വഴിയരികില്‍ വീണു കിടന്ന വൃദ്ധന്റെ പതറാത്ത പ്രൗഢമായ ശബ്ദം അവര്‍ കടം ചോദിച്ചു. അങ്ങനെ അമിതാഭ് സിന്‍ഹ (അമിതാഭ് ബച്ചന്‍) എന്ന പരാജിതനായ പഴയകാല നടന്‍ ദാനിഷ് എന്ന നടനിലൂടെ പുനര്‍ജനിക്കാന്‍ തയ്യാറെടുത്തു. ഒരുകാലത്ത് തിരിച്ചറിയപ്പെടാതെ പോയ തന്റെ ശബ്ദം ദാനിഷിലൂടെ അംഗീകരിക്കപ്പെടുമെന്ന് അമിതാഭ് കൊതിച്ചു.


ദാനിഷ്-അമിതാഭ് കൂട്ടുകെട്ടില്‍ ഷമിതാഭ് എന്ന താരം പിറന്നു. തുടര്‍ന്ന് ഒരു പേരിന്റെ രണ്ടു ഉടമസ്ഥര്‍ തമ്മില്‍, ശരീരവും ശബ്ദവും തമ്മില്‍ ഉടലെടുക്കുന്ന ഈഗോയും അത് സൃഷ്ടിക്കുന്ന രസങ്ങളും പ്രശ്‌നങ്ങളും തിരിച്ചറിവിന്റെ ഒടുക്കവുമാണ് ആര്‍ ബാല്‍കി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഷമിതാഭ് എന്ന ചിത്രം പറയുന്നത്. ഒരുവേള സ്വത്വ പ്രതിസന്ധിയെ ലളിതമായി വിവരിക്കുന്ന ചിത്രം എന്ന നിലയിലാണ് ഷമിതാഭിന്റെ പ്രസക്തി.


വ്യത്യസ്തമായ കഥ, മികച്ച സാങ്കേതികത, ആര്‍ട്ടിസ്റ്റുകളുടെ മികവേറിയ പെര്‍ഫോമന്‍സ്... ഇവ മൂന്നിനെയും മുന്‍നിര്‍ത്തി ഷമിതാഭിനു ടിക്കറ്റ് എടുക്കാം. അമിതാഭ് ബച്ചന്‍ എന്ന നടന്റെ ശബ്ദവും ആകാരവും സ്‌ക്രീന്‍പ്രസന്‍സും പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട് ചിത്രം. നല്ല നടനെന്നു തെളിയിച്ചു കഴിഞ്ഞ ധനുഷ് എന്ന താരത്തിനാകട്ടെ ഷമിതാഭ് ഒരു മേക്ക് ഓവറാണ്. കമല്‍ഹാസന്റെ മകള്‍ അക്ഷര ഹാസന്റെ അരങ്ങേറ്റ ചിത്രമാണിത്. തനിമയാര്‍ന്ന രീതിയില്‍ ആത്മവിശ്വാസത്തോടെ അക്ഷര തന്റെ കഥാപാത്രത്തെ ശ്രദ്ധേയമാക്കി. ഇളയരാജയുടെ സംഗീതവും പി.സി.ശ്രീറാമിന്റെ മനോഹരമായ ഷോട്ടുകളുമാണ് ഷമിതാഭിന്റെ സൗന്ദര്യഘടകങ്ങളില്‍ ചിലത്.


സംവിധായകന്റെ നിമിഷം എന്നു വിശേഷിപ്പിക്കാവുന്ന ചില രംഗങ്ങള്‍ കൂടി ഷമിതാഭ് അവശേഷിപ്പിക്കുന്നു. ബാലനായ ദാനിഷ് തന്നിലെ നടനെ അദ്ധ്യാപകന്റെ മുന്‍പില്‍ തെളിയിക്കുന്ന രംഗം പോലെ കഥയുടെ, വിഷ്വലുകളുടെ ശക്തിയും ഭംഗിയും അതിന്റെ പാരമ്യത്തിലെത്തിക്കുന്ന ചിലത്.


ചീനികം, പാ എന്നീ ചിത്രങ്ങളില്‍ കണ്ട ബാല്‍കി സിഗേ്‌നച്ചര്‍ ഷമിതാഭിലുമുണ്ട്. ആദ്യത്തെ അര മണിക്കൂര്‍ ചിത്രം പെര്‍ഫെക്ഷന്റെ ഉയരത്തിലാണ്. ദാനിഷ്/ഷമിതാഭ് എന്ന കഥാപാത്രത്തിന്റെ ശക്തമായ അടിത്തറ സംവിധായകന്‍ അവിടെ പണിക്കുറ്റം തീര്‍ത്തുവച്ചു. തുടക്കത്തിന്റെ പഞ്ച് അത്ര മികച്ചതായതുകൊണ്ടാവാം, പിന്നീട് ചിത്രം ദുര്‍ബലമായതായി തോന്നും. ക്ലൈമാക്‌സ് ഒഴിച്ചു നിര്‍ത്തിയാല്‍ ആദ്യ മണിക്കൂറിനു ശേഷമുള്ള ഭാഗത്ത് കഥയിലെ വൈകാരികത നഷ്ടപ്പെട്ടു പോകുന്നുണ്ട്. ബച്ചന്‍ എന്ന നടന്റെ 'ഹെവി വെയ്റ്റ്' തിരക്കഥയ്ക്കു താങ്ങാന്‍ കഴിയാത്തതു പോലെ. ബച്ചന്റെ മദ്യപാനരംഗങ്ങളുടെ ആവര്‍ത്തനവും സംഘര്‍ഷങ്ങളും വിരസതയുണ്ടാക്കുന്നുണ്ട്.

ചിലപ്പോഴൊക്കെ ഒരു സറ്റയറിക്കല്‍ ടോണ്‍ കൈവരിക്കുന്നു ഷമിതാഭ്. ധനുഷിനെപ്പോലൊരാളുടെ ആകാരത്തിന് ബച്ചന്റെ ശബ്ദം നല്‍കുന്നതിലെ രസകരമായ വൈരുദ്ധ്യം പോലെ, ഒരു ശബ്ദത്തിന് ഭ്രാന്തമായി അടിപ്പെട്ടുപോകുന്ന ആരാധകരെപ്പോലെ ചിലത് ഷമിതാഭില്‍ കടന്നു വരുന്നുണ്ട്.


അയഥാര്‍ത്ഥ്യങ്ങളെ യാഥാര്‍ത്ഥ്യമെന്നു ധരിച്ചുവശാകുന്ന പ്രേക്ഷകലക്ഷങ്ങള്‍ക്കൊപ്പം, പ്രേക്ഷകവിധിയെന്ന അന്തിമ യാഥാര്‍ത്ഥ്യവും ചിത്രത്തില്‍ വിഷയമാകുന്നു. അതിലേറെ സിംബോളിക്കാണ് ഷമിതാഭ്. അമിതാഭിന്റെ വാസസ്ഥലമായ സെമിത്തേരി കഥയില്‍ കഥാപാത്രമാകുന്നത് അങ്ങിനെയാണ്. താരനിരയും സംഗീതവും സാങ്കേതികതയും ദൃശ്യങ്ങളുമെല്ലാം ചേര്‍ന്ന് ഷമിതാഭിനെ കാഴ്ചയ്ക്കുള്ള വിഭവമാക്കുന്നു.


'ക്ലാസ്സിക്'നിരയിലേയ്ക്കുയര്‍ന്നില്ലെങ്കിലും കാണാതെ വിട്ടുകളയരുതാത്ത ഒരു സിനിമാശ്രമമാണ് ഷമിതാഭ്.











from kerala news edited

via IFTTT