Story Dated: Monday, March 2, 2015 02:50
തിരുവല്ല: ഞായറാഴ്‌ചകളില്‍ സംസ്‌ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ഡ്രൈഡേ പിന്‍വലിച്ചതിന് ശേഷം മദ്യപാന കേസുകളില്‍ വന്‍ വര്‍ധന. മദ്യനിരോധനത്തിന്റെ ഭാഗമായി ഞായറാഴ്‌ചകളില്‍ അടച്ചിട്ടിരുന്ന മദ്യവില്‍പ്പന ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനായി മദ്യനയത്തില്‍ മാറ്റം വരുത്തിയതാണ് കേസുകളില്‍ വര്‍ധന ഉണ്ടാകാന്‍ ഇടയാക്കിയതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
മദ്യപിച്ച് വാഹനമോടിക്കുക, പൊതുസ്‌ഥലത്ത് മദ്യപിക്കുക, മദ്യപിച്ച് ബഹളമുണ്ടാക്കുക തുടങ്ങിയ കേസുകളുടെ എണ്ണമാണ് ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ വര്‍ധിച്ചിരിക്കുന്നത്.
പൊതുഅവധി ദിവസമായ ഞായറാഴ്‌ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഡ്രൈഡേ അപകടങ്ങളുടെയും കേസുകളുടെയും എണ്ണം കുറയ്‌ക്കാന്‍ ഏറെക്കുറേ സഹായകരമായിരുന്നതായി പോലീസ് ഉദ്യോഗസ്‌ഥര്‍ പറയുന്നു.
എന്നാല്‍ ഡ്രൈഡേ ഉത്തരവ് പിന്‍വലിച്ചതോടെ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്‌ചകളില്‍ രജിസ്‌റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ ഇരുപത് ശതമാനത്തോളം വര്‍ധനയുണ്ട്. ജില്ലയിലെ മിക്ക സ്‌റ്റേഷനുകളിലും മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ പേരില്‍ ഞായറാഴ്‌ചകളില്‍ മാത്രം കുറഞ്ഞത് 10 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യപ്പെടുന്നുണ്ട്.
മദ്യപിച്ച് വാഹനമോടിക്കുന്നതിനിടെ പോലീസ് പിടിയിലായാല്‍ വൈദ്യപരിശോധന നടത്തി കേസ് രജിസ്‌റ്റര്‍ ചെയ്‌ത് ആള്‍ ജാമ്യത്തില്‍ വിട്ടയക്കുകയാണ് ചെയ്യാറുള്ളത്. വാഹനത്തിന്റെ രേഖകള്‍ പൂര്‍ണമാണെങ്കില്‍ വാഹനം അടുത്തദിവസം വിട്ടുനല്‍കും. മദ്യപിച്ച് വാഹനമോടിക്കുന്ന വ്യക്‌തിക്ക് 5000 രൂപ വരെ പിഴശിക്ഷ നല്‍കാമെന്ന നിയമത്തില്‍ പറയുന്നുണ്ടെങ്കിലും പരമാവധി 2500-3000 രൂപയാണ് കോടതികള്‍ പിഴ ചുമത്താറുളളത്.
രണ്ടു പ്രാവശ്യത്തില്‍ അധികം ഒരേ വ്യക്‌തി സമാനമായ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ അയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യുവാനുളള അധികാരവും കോടതിക്കുണ്ട്. പൊതു സ്‌ഥലത്ത് മദ്യപിക്കുന്നതിന് പിടിയിലാകുന്നവര്‍ക്കും സമാനമായ പിഴശിക്ഷയാണ് ലഭിക്കുക. ഞായറാഴ്‌ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന മദ്യനിരോധനം എടുത്തുമാറ്റിയതോടെ പൊതുസ്‌ഥലങ്ങളിലും സ്വന്തം വീടുകളിലും മദ്യപന്‍മാര്‍ ബഹളവും അടിപിടിയും ഉണ്ടാക്കുന്നതിന്റെ പേരില്‍ രജിസ്‌റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാന്‍ പോലീസ് പരിശോധന കര്‍ശനമാക്കിയതോടെ ഞായറാഴ്‌ചകളില്‍ നിരവധി പേരാണ് ഇത്തരം കേസുകളില്‍ പിടിയിലാകുന്നത്.
from kerala news edited
via IFTTT