മൈസൂരുവിനോട് സഞ്ചാരികള്‍ക്ക് പ്രിയം കുറയുന്നു
Posted on: 02 Mar 2015
മൈസൂരു: ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൈസൂരുവിനോട് സന്ദര്‍കര്‍ക്ക് ഇഷ്ടം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായ ക്രമാനുഗതമായ കുറവ് ഇക്കാര്യം സൂചിപ്പിക്കുന്നു. മൂന്ന് വര്‍ഷത്തിനിടെ മൂന്നുലക്ഷം വിനോദസഞ്ചാരികളുടെ കുറവാണ് നഗരത്തിലുണ്ടായത്. ടൂറിസം മേഖലയിലെ വരുമാനത്തെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ആഭ്യന്തര വിനോദസഞ്ചാരികളെ കൂടാതെ നഗരത്തിലെത്തുന്ന വിദേശികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. സന്ദര്‍ശകരോട് പുലര്‍ത്തുന്ന ചൂഷണ മനോഭാവവും നഗരത്തിലേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകളും, കര്‍ണാടകം ഏര്‍പ്പെടുത്തിയിരിക്കുന്ന വന്‍ ടൂറിസം നികുതിയുമാണ് ഇതിനു കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. മൈസൂരുവിനെ കൂടാതെ കര്‍ണാടകത്തിലെ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളും സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്.
മൈസൂരു മൃഗശാല, പാലസ് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച കണക്കനുസരിച്ച് 2012-13 വര്‍ഷത്തില്‍ 33 ലക്ഷം വിനോദസഞ്ചാരികളാണ് നഗരത്തിലെത്തിയത്. 2013-14 കാലഘട്ടത്തില്‍ ഇത് 32 ലക്ഷമായും, 2014-15 കാലയളവില്‍ 30 ലക്ഷമായും കുറഞ്ഞു. മൂന്ന് വര്‍ഷത്തിനിടയില്‍ വിദേശികളുടെ എണ്ണത്തില്‍ 10 ശതമാനത്തോളം കുറവാണുണ്ടായത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ ഒഴുക്കും കുറഞ്ഞതായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും സാക്ഷ്യപ്പെടുത്തുന്നു. പല വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് വരുമാനം കൂട്ടാന്‍ മത്സരിക്കുന്നുണ്ടെങ്കിലും സന്ദര്‍ശകരുടെ എണ്ണം കുറയുന്നത് സര്‍ക്കാറും ഗൗരവമായി കാണുന്നില്ല. മൂന്നുവര്‍ഷം മുന്‍പ് ടൂറിസം മേഖലയില്‍ 850 കോടി വരുമാനമുണ്ടായിരുന്നെങ്കില്‍ ഇപ്പോളത് 750 കോടിയായി ചുരുങ്ങുകയും ചെയ്തു.
പോലീസ് മുതല്‍ കച്ചവടക്കാര്‍ വരെ നടത്തുന്ന ചൂഷണം കാരണം ഒരിക്കല്‍ നഗരത്തിലെത്തിയവര്‍ പിന്നീട് തിരിച്ചു വരാന്‍ മടിക്കുന്നതായി ടൂറിസം മേഖലയില്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. നഗരത്തിലേക്കുള്ള ഏക വിമാന സര്‍വീസ് നിര്‍ത്തലാക്കിയതും, ബെംഗളൂരു-മൈസൂരു ഹൈവേയില്‍ സഞ്ചാരദൈര്‍ഘ്യം വര്‍ധിച്ചതും വിദേശികളായ സഞ്ചാരികളെ അകറ്റി നിര്‍ത്തുന്നുണ്ട്. ഇതു കൂടാതെ നഗരത്തിലെത്തുന്നവര്‍ക്ക് പുതുമകള്‍ സമ്മാനിക്കാന്‍ കഴിയുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാത്തതും പിന്നോട്ടടിക്ക് കാരണമാകുന്നുണ്ട്.
ആളൊന്നിന് 330 രൂപ നിരക്കില്‍ ടൂറിസം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കര്‍ണാടകത്തില്‍ കയറാതെ തമിഴ്‌നാട്ടിലെയും കേരളത്തിലെയും കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനാണ് ഉത്തരേന്ത്യയില്‍ നിന്നെത്തുന്ന ടൂറിസ്റ്റുകളും ഇപ്പോള്‍ താത്പര്യപ്പെടുന്നത്. ഗോവിയിലും പോണ്ടിച്ചേരിയിലും നടപ്പാക്കിയതു പോലെ പ്രത്യേക മേഖലകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികള്‍ മൈസൂരുവില്‍ നടപ്പാക്കണമെന്ന് ഇതിനോടകം ആവശ്യമുയര്‍ന്നിട്ടുണ്ട്.
from kerala news edited
via IFTTT