ഗള്‍ഫ് പ്രവാസികള്‍ അറബ് മൂല്യങ്ങള്‍ സ്വായത്തമാക്കണം -കെ.ആര്‍.മീര
Posted on: 02 Mar 2015
മസ്‌കറ്റ്: ഗള്‍ഫ് പ്രവാസികള്‍ അറബ് മൂല്യങ്ങളെ സ്വായത്തമാക്കാന്‍ ശ്രമിക്കണമെന്ന് എഴുത്തുകാരി കെ.ആര്‍.മീര. ജീവിതസമ്പാദനം മാത്രം ലക്ഷ്യമാക്കാതെ, ഈ സമൂഹത്തിന്റെ മൂല്യങ്ങളെ പിന്‍പറ്റി നമ്മള്‍ മാറ്റത്തിനു വിധേയമാവണം. മലയാളിക്കു നഷ്ടപ്പെടുന്ന മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ പ്രവാസികള്‍ക്കു കഴിയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. മസ്‌കറ്റില്‍ ഒമാന്‍ കേരള സാഹിത്യപുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മീര.
പ്രവാസികളെവിറ്റ് ജീവിക്കുന്ന സമൂഹമായി മലയാളികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. സാമൂഹികജീവിതവും സംസ്‌കാരവും എന്താണെന്ന് ആ സമൂഹത്തെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. മൂന്നാം തലമുറയിലെ പ്രവാസികള്‍ ഈ ചിന്താഗതി തിരുത്തിയെഴുതാന്‍ മുന്‍കൈയെടുക്കണം. മലയാളിക്കു നഷ്ടപ്പെടുന്ന മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ പ്രവാസികള്‍ക്കു സാധിക്കും -അവര്‍ പറഞ്ഞു. മലയാളഭാഷയെയും സംസ്‌കാരത്തെയും യാഥാര്‍ഥ്യബോധത്തോടെ സ്‌നേഹിക്കുന്ന വലിയൊരു സമൂഹം പ്രവാസലോകത്തുണ്ട്. ഊഷരമായ അന്തരീക്ഷത്തിലും മലയാളത്തിന്റെ മധുരം കൊണ്ടുനടക്കുന്നവരാണ് ഗള്‍ഫ് മലയാളികളെന്ന് അനുഭവം ബോധ്യപ്പെടുത്തുന്നു. ഗള്‍ഫ് പ്രവാസം കേരളത്തിന്റെ സാമൂഹികരംഗത്ത് നാഴികക്കല്ലായ ഒന്നാണ്. അത് കേരളത്തിന്റെ ജീവിതശൈലിയെത്തന്നെ മാറ്റിമറിച്ചു. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതോടൊപ്പം നാടിന്റെ രുചിപോലും മാറിത്തുടങ്ങിയിരിക്കുന്നു. നാടിന്റെ സാമൂഹികാന്തരീക്ഷത്തെ മാറ്റിമറിച്ച പ്രവാസികളുടെ യാത്രയില്‍ മൂല്യങ്ങളെയും തിരിച്ചുകൊണ്ടുവരാനാകുമെന്നും അവര്‍ പ്രത്യാശപ്രകടിപ്പിച്ചു.
ഒമാന്‍ പ്രകൃതിയെ സ്‌നേഹിക്കുന്നവരുടെ നാടാണ്. ഇവിടെ കെട്ടിടങ്ങളോ അംബരചുംബികളോ ആകാശങ്ങളെ ആക്രമിക്കുന്നില്ല. മസ്‌കറ്റ് രാജ്യാന്തരപുസ്തകമേള കാണാനെത്തിയ തനിക്ക് അവിടെ ഒമാനിസ്ത്രീകളുടെയും പുരുഷന്‍മാരുടെയും നിറസാന്നിധ്യമാണു കാണാന്‍കഴിഞ്ഞത്. പുസ്തകങ്ങളെ അളവറ്റ് സ്‌നേഹിക്കുന്ന ഒമാനികളുടെ കൂട്ടം കണ്ണിനുവിരുന്നായ കാഴ്ചയായിരുന്നു -മീര കൂട്ടിച്ചേര്‍ത്തു.
മസ്‌കറ്റിലെ അല്‍ബാജ് ബുക്‌സ് നല്‍കുന്ന പുരസ്‌കാരം രവി ഡി.സി. സമ്മാനിച്ചു. അല്‍ബാജ് ബുക്‌സ് മാനേജിങ് ഡയറക്ടര്‍ പി.എം.ഷൗക്കത്തലി അധ്യക്ഷതവഹിച്ചു. എഴുത്തുകാരന്‍ ശത്രുഘ്‌നന്‍, പൂര്‍ണ പബ്ലിക്കേഷന്‍ ഡയറക്ടര്‍ മനോഹരന്‍, കെ.പി.കെ. വേങ്ങര, കലാ സിദ്ധാര്‍ഥന്‍, സംഗീതസംവിധായകന്‍ സലില്‍ ചൗധരിയുടെ പുത്രി തൂലിക ചൗധരി, റഹ്മത്തുല്ല, അബ ഷാജി, ഡോ. ആരിഫലി എന്നിവര്‍ സംസാരിച്ചു. ഷെലിന്‍ സ്വാഗതവും ഷക്കല്‍ ഹസ്സന്‍ നന്ദിയും പറഞ്ഞു.
from kerala news edited
via IFTTT