സമ്പാദ്യം നഷ്ടപ്പെട്ട് ബെംഗളൂരുവില്‍ തങ്ങിയ യുവാവിനെത്തേടി ബന്ധുക്കളെത്തി
Posted on: 04 Dec 2014
മണിയൂര്‍ പതിയാരക്കരയില്‍ ചെക്യാണ്ടിയില്‍ പരേതനായ കുഞ്ഞബ്ദുള്ളയുടെയും സൈനബയുടെയും മകന്‍ നസീറിനെയാണ് ബെംഗളൂരുവില്‍ കണ്ടെത്തിയത്.
നസീര്‍ 2012 ഡിസംബറിലാണ് ജസീല എന്ന യുവതിയെ വിവാഹം കഴിച്ചത്. രണ്ടുമാസത്തിനുശേഷം ഇദ്ദേഹം ബഹ്‌റൈനില്‍ ജോലി തേടിപ്പോയി. കഴിഞ്ഞ ജൂണ്‍ 26-ന് നാട്ടിലേക്ക് മടങ്ങി. മുംബൈയില്‍ വിമാനത്താവളത്തിലിറങ്ങിയ നസീറിനെപ്പറ്റി പിന്നീട് ഒരു വിവരവും കിട്ടിയിരുന്നില്ല.
മുംബൈ സാഹര്‍ പോലീസില്‍ ബന്ധുക്കള്‍ പരാതി കൊടുക്കുകയുണ്ടായി. നസീര്‍ വിമാനത്താവളത്തില്‍നിന്ന് ടാക്‌സിയില്‍ കയറിപ്പോയെന്നാണ് അവിടുത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ കണ്ടത്. സാഹര്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു.
തുടര്‍ന്ന് ബന്ധുക്കള്‍ കേരള മുഖ്യമന്ത്രിക്കും മന്ത്രി കുഞ്ഞാലിക്കുട്ടിക്കും മറ്റും പരാതി കൊടുത്തിരുന്നു. ആളെ കാണാതായെന്ന് വടകര പോലീസ് കേസെടുക്കുകയുമുണ്ടായി. ഇതേപ്പറ്റിയുള്ള വാര്‍ത്തകള്‍ വായിച്ച കെ.എം.സി.സി. പ്രവര്‍ത്തകര്‍ ബെംഗളൂരു മെജസ്റ്റിക്കിലെ ഹോട്ടലില്‍ ജോലിചെയ്യുകയായിരുന്ന നസീറിനെ കണ്ടെത്തി.
ബന്ധുക്കളായ സമീര്‍, ജലാലുദ്ദീന്‍, സാജിത് എന്നിവര്‍ ഇതറിഞ്ഞ് ബെംഗളൂരുവിലെത്തി. കെ.എം.സി.സി. ഓഫീസ് സെക്രട്ടറി മൊയ്തീന്‍ മണിയൂരിന്റെയും മറ്റു പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നസീറും ബന്ധുക്കളും വീണ്ടും കണ്ടുമുട്ടി.
മുംബൈയില്‍വെച്ച് സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട താന്‍ കുറച്ചു സമ്പാദ്യമുണ്ടാക്കിയശേഷം നാട്ടില്‍ പോകാനിരിക്കുകയായിരുന്നുവെന്ന് നസീര്‍ പറഞ്ഞു.
from kerala news edited
via IFTTT