പണം വിഴുങ്ങുന്ന എടിഎം
Posted on: 03 Dec 2014
പാര്‍വ്വതികൃഷ്ണ
സൗജന്യമായി ലഭിച്ചിരുന്ന എ.ടി.എം. സേവനത്തിന് ഇനി പണം നല്‍കണം. മാസത്തില്‍ അഞ്ച് തവണ എ.ടി.എമ്മിലൂടെ പണം സൗജന്യമായി പിന്‍വലിക്കാം. അതിനുശേഷമുള്ള ഓരോ ഇടപാടിനും പണം നല്‍കണം. ഇതേക്കുറിച്ചുള്ള ആശങ്കകളും ആശയക്കുഴപ്പങ്ങളും സാധാരണക്കാരനെയും ബാങ്ക് ജീവനക്കാരെയും ഒരുപോലെ വലയ്ക്കുന്നു
ആദ്യകാലത്ത് എ.ടി.എമ്മുകളില്‍ കയറാന്‍ മലയാളി മടിച്ചിരുന്നു. കാര്‍ഡ് മെഷീനിനുള്ളിലിട്ടാല്‍ തിരിച്ചു വന്നില്ലെങ്കിലോ, പണം മെഷീനില്‍ കുടുങ്ങിപ്പോയാലോ എന്നിങ്ങനെ നൂറായിരം ആകുലതകളായിരുന്നു. മെല്ലെ മലയാളി എ.ടി.എമ്മുമായി കൂട്ടുകൂടി. ആദ്യകാലങ്ങളില്‍ ബാങ്കിന്റെ സ്വന്തം എ.ടി.എമ്മില്‍ നിന്നു മാത്രം പണം എടുക്കാന്‍ അനുവദിച്ചിരുന്ന രീതി മാറി എതു ബാങ്കിന്റെ എ.ടി.എം. കാര്‍ഡും ഏതു കൗണ്ടറിലും ഉപയോഗിക്കാവുന്ന രീതിയായി.
'രൂപക്കൂടുകള്‍' എന്നു മലയാളി കളിയാക്കി വിളിച്ച എ.ടി.എം. കൗണ്ടറുകള്‍ കൂണ്‍ കണക്കെ ധാരാളമായി പൊട്ടിമുളച്ചു.
എ.ടി.എമ്മിന്റെ സേവനങ്ങള്‍ ജനം യഥാവിധം ഉപയോഗിച്ചു തുടങ്ങി. ഒരുപാടു പണം കൈയില്‍ കൊണ്ടു നടക്കണ്ട, കള്ളനെ പേടിക്കണ്ട, ആവശ്യത്തിന് തൊട്ടുമുമ്പ് അടുത്തുള്ള എ.ടി.എമ്മില്‍ പോയി ആവശ്യത്തിനുള്ള പണം മാത്രം എടുത്താല്‍ മതി. എ.ടി.എം. കാര്‍ഡ് കളഞ്ഞു പോയാല്‍ പോലും പാസ് വേര്‍ഡ് സുരക്ഷിതമായിരുക്കുന്നിടത്തോളം കാലം പണവും സുരക്ഷിതം. അപ്പോള്‍ത്തന്നെ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട കാര്‍ഡ് എന്നെന്നേയ്ക്കുമായി ബ്ലോക്ക് ചെയ്യാം. പുതിയ കാര്‍ഡ് കിട്ടുകയും ചെയ്യും.
ഇത്രയും സൗകര്യങ്ങള്‍ സാധാരണക്കാരനു നേരേ നീട്ടിപ്പിടിച്ചുകൊണ്ട് അവസാനം എ.ടി.എം അനിവാര്യതയാക്കി മാറ്റുകയായിരുന്നു ബാങ്കുകള്‍. ഇപ്പോള്‍ അതിനെ പണം നല്‍കി ഉപയോഗിക്കാവുന്ന സേവനമാക്കി മാറ്റിയതിനുപിന്നിലെ ഗൂഢലക്ഷ്യങ്ങളറിയാതെ കുഴങ്ങുകയാണ് ജനം.
ജീവനക്കാര്‍ക്കും ആശയക്കുഴപ്പം
എ.ടി.എം. സേവനങ്ങളെപ്പറ്റിയും പുതുതായി കൊണ്ടുവന്ന സര്‍വീസ് ചാര്‍ജുകളെപ്പറ്റിയും ഉപഭോക്താക്കള്‍ക്കറിയുന്ന അത്രയും വിവരങ്ങള്‍ പോലും ജീവനക്കാരെ അറിയിക്കാന്‍ പല ബാങ്കുകളും മിനക്കെടുന്നില്ല എന്നതാണ് വാസ്തവം. പലപ്പോഴും ഉപഭോക്താവ് വന്ന് പറയുമ്പോഴാണ് പണം ഈടാക്കുന്നുണ്ടെന്ന് ജീവനക്കാര്‍ അറിയുന്നത്. ഇതേപ്പറ്റി വിശദമാക്കുന്ന സര്‍ക്കുലറുകളോ വിശദാംശങ്ങളോ ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല. ഉപഭോക്താക്കളുടെ രോഷപ്രകടനവും പരാതിയും കേട്ട് സഹിച്ചിരിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല പലര്‍ക്കും.
ജോലിക്കൊരു കുറവുമില്ല
എ.ടി.എമ്മുകള്‍ വന്നതോടെ ഇരുപത്തയ്യായിരത്തില്‍ കുറഞ്ഞ പണം പിന്‍വലിക്കാനായി ആരും ബാങ്കുകളില്‍ ചെല്ലാറില്ല. മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന തിരക്കിട്ട ജോലിക്കിടയില്‍ ജീവനക്കാര്‍ക്ക് ഇത് ചെറിയൊരാശ്വാസമായതാണ്. അപ്പോഴാണ് ബാങ്കിലെ ഇടപാടുകള്‍ കുറഞ്ഞ സ്ഥിതിക്ക് ഇത്രയും ജീവനക്കാര്‍ വേണ്ട എന്ന നിലപാട് പല ബാങ്കുകളും എടുത്തത്. അതോടെ ജീവനക്കാരുടെ എണ്ണം കുറച്ചു.
പുതിയ നിയമം വന്നതോടെ എ.ടി.എമ്മിനെ ഉപേക്ഷിച്ച് ആളുകള്‍ നേരിട്ട് ബാങ്കിലേക്കെത്തും. ജോലിഭാരവും ജീവനക്കാരുടെ എണ്ണത്തിലെ കുറവും അവരെ നട്ടം തിരിക്കുമെന്നുറപ്പ്. അതു കൂടി കണക്കിലെടുത്താണ് ബാങ്കിലെ സൗജന്യ ഇടപാടുകളുടെ എണ്ണവും അഞ്ചായി കുറയ്ക്കാന്‍ പല ബാങ്കുകളും ആലോചിക്കുന്നത്. ശമ്പളം പോലും ഇന്ന് അക്കൗണ്ടുകള്‍ വഴിയാണ്. എ.ടി.എം. / ബാങ്ക് സേവനം ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം. ഇത്തരത്തില്‍ ആളുകളുടെ മേല്‍ അടിച്ചേല്‍പ്പിച്ച സൗകര്യങ്ങള്‍ ഇരുതല മൂര്‍ച്ചയുള്ള വാളായി മാറിയിരിക്കുകയാണ്.
ഗ്ലോബല്‍ ബാങ്കിങ്ങിന് ശ്രമം?
എ.ടി.എം. സര്‍വീസുകള്‍ക്ക് പണമീടാക്കാനുള്ള ബാങ്കുകളുടെ നീക്കത്തിനു പിന്നില്‍ പല ലക്ഷ്യങ്ങളും ആരോപിക്കപ്പെടുന്നുണ്ട്. നിരവധി എ.ടി.എമ്മുകള്‍ വന്നതോടെ അത് വേണ്ട വിധത്തില്‍ പരിപാലിക്കുക എന്നത് ബാങ്കുകള്‍ക്ക് വെല്ലുവിളിയായി. ബാംഗ്ലൂരില്‍ എ.ടി.എമ്മിനകത്തു നടന്ന ആക്രമണത്തിനു ശേഷം സെക്യൂരിറ്റി ജീവനക്കാരുടെ കാര്യത്തില്‍ കടുത്ത നിയമാവലിയാണുള്ളത്.
സെക്യൂരിറ്റി ജീവനക്കാരുടെ ശമ്പളം, എ.ടി.എമ്മിനുള്ളിലെ ക്യാമറയുടെയും എ.സി. യുടെയും പരിപാലനം, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കുള്ള ചെലവ് എന്നിവ വര്‍ധിക്കുകയാണ്. അത് ഉപഭോക്താവില്‍ നിന്ന് ഈടാക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തേത് എന്നാണ് ഒരു വാദം.
കിട്ടാക്കടങ്ങള്‍ ഏറെ വരുത്തുന്ന വ്യവസായ ഭീമന്മാരെ കണ്ടില്ലെന്നു നടിച്ച് പാവപ്പെട്ടവന്റെ മേല്‍ നടത്തുന്ന ഈ കുതിര കയറ്റത്തിനെതിരെ ബാങ്ക് ജീവനക്കാര്‍ തന്നെ രംഗത്തെത്തിയിട്ടും യാതൊരു മാറ്റവുമില്ലെന്നതാണ് സത്യം.
പൊതുമേഖലാ ബാങ്കുകളെ തമ്മില്‍ ലയിപ്പിച്ച് ഗ്ലോബല്‍ ബാങ്കാക്കുക എന്ന വലിയ ലക്ഷ്യമാണ് ഇതിനു പിന്നിലെന്നാണ് ധനകാര്യമേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ഗ്ലോബല്‍ ബാങ്കുകളാക്കിയാല്‍ ശാഖകളുടെ എണ്ണം കുറയ്ക്കാം, ജീവനക്കാരുടെ എണ്ണം കുറയ്ക്കാം, ചെറുകിട ഉപഭോക്താക്കളെ അകറ്റി വന്‍കിട ഉപഭോക്താക്കളെക്കൊണ്ട് നിക്ഷേപങ്ങള്‍ നടത്തി വളരാം. സാധാരണക്കാര്‍ക്കായി ചെറുകിട സ്വകാര്യ ബാങ്കുകള്‍ തുടങ്ങാം. അതിനുള്ള നീക്കമായാണ് പല ധനകാര്യ നിരീക്ഷകരും ഈ എ.ടി.എം. വിവാദത്തെ കാണുന്നത്.
നിരക്കുകള്‍ എങ്ങനെ
ഒരു ബാങ്കിന്റെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് അതേ ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍ നിന്ന് മാസത്തില്‍ അഞ്ചു തവണ സൗജന്യമായി പണം പിന്‍വലിക്കാം. പിന്നീടുള്ള ഓരോ എ.ടി.എം. ഇടപാടിനും പണം ഈടാക്കും. വിവിധ ബാങ്കുകളുടെ നിരക്കനുസരിച്ച് 15 മുതല്‍ 25 രൂപ വരെ ഓരോ ഇടപാടിനും ഈടാക്കും. പണം പിന്‍വലിക്കല്‍ മാത്രമല്ല, ബാലന്‍സ് പരിശോധന, മിനി സ്‌റ്റേറ്റ്‌മെന്റ് എന്നിവയ്ക്കും ചാര്‍ജ് ബാധകമാകും.
സ്വന്തം ബാങ്കിന്റെയല്ലാതെ മറ്റ് ബാങ്കിന്റെ എ.ടി.എമ്മില്‍നിന്ന് സൗജന്യമായി എത്രതവണ പണം പിന്‍വലിക്കാമെന്നോ അതിനുശേഷം എത്രയാകും സര്‍വീസ് ചാര്‍ജെന്നോ കൃത്യമായി വിശദീകരിക്കാന്‍ ബാങ്ക് അധികൃതര്‍ക്കുപോലുമാകുന്നില്ല. ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ വെബ്‌സൈറ്റലുണ്ടെന്നാണ് മറുപടി. പക്ഷേ ബാങ്ക് വെബ്‌സൈറ്റുകളിലും ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമില്ല.
റിസര്‍വ് ബാങ്ക് ഉത്തരവുണ്ടെങ്കിലും എല്ലാ ബാങ്കുകളും അത് പ്രാവര്‍ത്തികമാക്കിയിട്ടില്ല. സ്‌റ്റേറ്റ് ബാങ്കുകളില്‍ ചിലത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ടെങ്കിലും എല്ലാ ഉപഭോക്താക്കള്‍ക്കും ബാധകമായിത്തുടങ്ങിയിട്ടില്ല.
ഫെഡറല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് കേരളത്തിനുള്ളില്‍ ഇപ്പോഴും സ്വന്തം എ.ടി.എം. സര്‍വീസ് സൗജന്യമാണെന്ന് ബാങ്കിന്റെ പ്രതിനിധി അറിയിച്ചു. മറ്റു എ.ടി.എമ്മുകളിലെ സൗജന്യ സേവനം ഫെഡറല്‍ ബാങ്ക് അഞ്ചായി കുറച്ചിട്ടുണ്ട്. എസ്.ബി. അസോസിയേറ്റ് ബാങ്കുകളില്‍ എ.ടി.എം. ചാര്‍ജിനു പുറമേ ബാങ്കുകളില്‍ നേരിട്ട് ചെന്ന് നടത്തുന്ന ഇടപാടുകള്‍ക്കും പണമീടാക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അഞ്ച് സൗജന്യ എ.ടി.എം. സര്‍വീസ് പോലെ തന്നെ ബാങ്കുകളില്‍ നേരിട്ടു ചെന്ന് നടത്തുന്ന ഇടപാടുകള്‍ക്കും ചാര്‍ജ് ഈടാക്കും. അഞ്ചു തവണയില്‍ കൂടുതല്‍ ബാങ്കില്‍ ചെന്ന് നടത്തുന്ന ഓരോ ഇടപാടിനും ഇരുപതു രൂപയോളം ചാര്‍ജ് ഈടാക്കാനാണ് തീരുമാനം.
വരുന്നു ചാതുര്‍വര്‍ണ്യം
ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ ചാതുര്‍ വര്‍ണ്യത്തെക്കുറിച്ച് പഠിച്ച പാഠങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ബാങ്കുകളുടെ പുതിയ നിയമങ്ങള്‍. എ.ടി.എം. കാര്‍ഡുപയോഗിക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള നീക്കത്തെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശമനുസരിച്ച് മാസത്തില്‍ അഞ്ചു തവണയേ എ.ടി.എം. കൗണ്ടറിലൂടെ സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയൂ.
തുടര്‍ന്നു നടത്തുന്ന ഓരോ ഇടപാടിലും പണം നല്‍കണം. എന്നാല്‍ എല്ലാ അക്കൗണ്ടുകാര്‍ക്കും ഇത് ഒരു പോലെയല്ല. അവിടെയാണ് ഉപഭോക്താക്കളെ സാമ്പത്തികത്തിന്റെ അടിസ്ഥാനത്തില്‍ നാലായി തിരിച്ച് പണം പിരിക്കാനുള്ള ബാങ്കുകളുടെ അണിയറയിലെ ചരടുവലിയെക്കുറിച്ച് അറിയേണ്ടത്.
ഉപഭോക്താക്കളെ നാലായി തിരിക്കുന്നു പ്ലാറ്റിനം. ഡയമണ്ട്, ഗോള്‍ഡ്, സില്‍വര്‍. ശരാശരി ഒരു ലക്ഷമോ അധിലധികമോ രൂപ ഒരു മാസം അക്കൗണ്ടില്‍ ഉള്ളവരാണ് പ്ലാറ്റിനം വിഭാഗക്കാര്‍. അമ്പതിനായിരം രൂപ ഉള്ളവര്‍ ഡയമണ്ടും ഇരുപത്തി അയ്യായിരമുള്ളവര്‍ ഗോള്‍ഡും. അതിലും താഴെ ശരാശരി അക്കൗണ്ട് ബാലന്‍സ് ഉള്ളവരാണ് സില്‍വര്‍ വിഭാഗത്തില്‍. പ്ലാറ്റിനം വിഭാഗക്കാര്‍ക്ക് ഒരു തരത്തിലുള്ള ചാര്‍ജും ഈടാക്കില്ല. ഡയമണ്ട് വിഭാഗത്തിന് പേരിന് ഒരല്‍പ്പം പണം ഈടാക്കും. ഗോള്‍ഡിനു കുറച്ചുകൂടി. സില്‍വറിന്റെ മേലെയാണ് എല്ലാ കുതിര കയറ്റവും. ഇത്തരത്തിലുള്ള തരംതിരിക്കലിന് അണിയറയില്‍ ചരടുവലികള്‍ നടക്കുകയാണ്.
പ്രതികരണങ്ങള്‍:
ജനകീയ ബാങ്കിങ്ങിന്റെ അന്ത്യം
സി.ഡി. ജോസണ്‍
ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി
പ്രധാനമന്ത്രി പോലും ജന്‍ ധന്‍ യോജനയിലൂടെ സാധാരണക്കാരായ ജനങ്ങളെ ബാങ്കിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ബാങ്കുകളുടെ ഭാഗത്തു നിന്നുള്ള ഇത്തരം നീക്കം ജനകീയ ബാങ്കിങ്ങിന്റെ അന്ത്യത്തിന് കാരണമാകുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ഡി. ജോസണ്‍. ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോള്‍ അതിനൊപ്പം എ,ടി.എം. കാര്‍ഡും സൗജന്യമായി നല്‍കുന്നുണ്ട്. എ.ടി.എം. കാര്‍ഡ് ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ എല്ലാം ചെയ്തിട്ട് ഇപ്പോള്‍ പണമീടാക്കുന്നതിന് ഒരു നീതീകരണവും ഇല്ല.
ചെറിയ ഇടപാടുകള്‍ നടത്തുന്ന സാധാരണക്കാരന് ഇരുട്ടടി കൊടുക്കുകയും വലിയ ഇടപാടുകാര്‍ക്ക് സകല സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്യുന്ന തരത്തിലാണ് പുതിയ നിയമം. ചില ഉയര്‍ന്ന ക്ലാസ്സിലെ വ്യക്തികള്‍ക്ക് ഉപകാരപ്പെടും വിധവും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുമാകുന്ന തരത്തില്‍ 'ക്ലാസ്സ് ബാങ്കി'ങ്ങിലേക്കുള്ള തിരിച്ചു പോക്കായേ ഇതിനെ കാണാന്‍ കഴിയൂ. ബാങ്ക് ജീവനക്കാര്‍ എല്ലാം തന്നെ ഈ ഉദ്യമത്തിനെതിരാണ്. എ.ടി.എം. ഉപയോഗിച്ചാലും അതല്ല, ബാങ്കില്‍ നേരിട്ടു പോയാലും പൊതുജനങ്ങളില്‍ നിന്ന് ചാര്‍ജ് ഈടാക്കിയേ അടങ്ങൂ എന്നാണ് ഇപ്പോഴത്തെ നിലപാട്. അത് ഒരിക്കലും അനുവദിക്കാനാവില്ല.
ബിന്ദു
ബാങ്കുദ്യോഗസ്ഥ (യഥാര്‍ഥ പേരല്ല)
ഉപഭോക്താക്കള്‍ വന്നു പറയുമ്പോഴാണ് പണം പോകുന്ന കാര്യം ഞങ്ങള്‍ അറിയുന്നത്. സെന്‍ട്രലൈസ്ഡ് ബാങ്കിങ് സൊല്യൂഷന്‍ (സി.ബി.എസ്.) ആയതോടെ ബാങ്കിന്റെ ആസ്ഥാനത്തുള്ളവര്‍ക്ക് സിസ്റ്റത്തിലേക്ക് കമാന്‍ഡുകള്‍ നേരിട്ടു നല്‍കാം. സിസ്റ്റം അതിനനുസരിച്ച് പണം ഈടാക്കുകയും ചെയ്യും. നമ്മള്‍ ഇതറിയുന്നത് ഉപഭോക്താക്കള്‍ വന്നു ചോദിക്കുമ്പോഴാണ്.
ഇത് നമ്മളല്ല ചെയ്യുന്നതെന്നു പറഞ്ഞാലും അവര്‍ക്ക് മനസ്സിലാകണമെന്നില്ല. ഇത്തരം ജനവിരുദ്ധ നിയമങ്ങള്‍ക്ക് ഞങ്ങളും എതിരാണ്. പക്ഷേ പണം നഷ്ടപ്പെടുമ്പോള്‍ ഉപഭോക്താക്കള്‍ നേരേ ബാങ്കിലേക്കാണ് വരിക. നമ്മള്‍ നിസ്സഹായരാണെങ്കിലും അവരുടെ വിഷമം കേള്‍ക്കേണ്ടി വരും. മുകളിലുള്ളവര്‍ എടുക്കുന്ന തീരുമാനം അറിയുക പോലും ചെയ്യാതെ ഇത്തരത്തില്‍ ആളുകളുടെ പ്രതിഷേധത്തിനിടയാവുന്നത് കഷ്ടമാണ്. എ.ടി.എം. സേവനം കുറയുന്നതോടെ ജീവനക്കാര്‍ക്ക് ഇരട്ടി ജോലിഭാരവുമാകും.
ബിനോയ്
ഐ.ടി. പ്രൊഫഷണല്‍
രാവിലെ 9 മുതല്‍ 7 വരെയാണ് വര്‍ക്കിങ് അവേഴ്‌സ്. അതിനിടയില്‍ പണമെടുക്കാന്‍ ബാങ്കില്‍ പോകാന്‍ നേരമില്ല. അഥവാ പോയാല്‍ തന്നെ എത്ര നേരമാണ് കാത്തിരിക്കേണ്ടി വരിക. എ.ടി.എം. ഇല്ലാതെ പറ്റില്ല. വല്ലാത്ത ചതിയായിപ്പോയി.
എന്തായാലും ഇതിനായി ബാങ്കില്‍ പോകാനൊന്നും സാധിക്കില്ല, എക്‌സ്ട്രാ പണം കൊടുക്കേണ്ടി വന്നാല്‍ മറ്റെന്താ ചെയ്യുക. എ.ടി.എമ്മില്‍ കയറുന്നത് കുറയ്ക്കാന്‍ നോക്കും. മറ്റെന്തെങ്കിലും ബദല്‍ സംവിധാനം വരും എന്ന് പ്രതീക്ഷിക്കുന്നു.
ഷിജോണ്‍
(കോളേജ് വിദ്യാര്‍ഥി)
കൈയില്‍ കാശ് കൊണ്ടു നടക്കണ്ടല്ലോ എന്നു കരുതിയാണ് വീട്ടുകാര്‍ അക്കൗണ്ടിലിട്ട് തരുന്നത്. നൂറും ഇരുന്നൂറുമൊക്കയൊണ് അഞ്ചാറു ദിവസം കൂടുമ്പോള്‍ വലിക്കുന്നത്. അതിനിപ്പൊ ഇത്രയും കുറച്ചു പൈസയ്ക്ക് ബാങ്കില്‍ പോകാന്‍ പറ്റുമോ? എത്രയും പെട്ടെന്ന് ഇത് വീണ്ടും സൗജന്യമാക്കട്ടെ. അല്ലെങ്കില്‍ എന്നെപ്പോലുള്ള വിദ്യാര്‍ഥികള്‍ക്ക് വലിയ ബുദ്ധിമുട്ടാകും.
ലതാ നായര്‍
(ഉദ്യോഗസ്ഥ)
ഇനിയിപ്പൊ കാശൊക്കെ കുറെ കൈയില്‍ കൊണ്ടു നടക്കേണ്ടി വരും. സമാധാനം പോകും. സാലറി നേരേ അക്കൗണ്ടിലേക്കാ വരിക. കൈയില്‍ കിട്ടില്ല. ഇനിയിപ്പൊ ആദ്യം തന്നെ കുറച്ചധികം പൈസ എ.ടി.എം. വഴി എടുത്ത് വീട്ടിലോ കൈയിലോ വെക്കേണ്ടി വരും. യാത്രയൊക്കെ പോവുമ്പോ പണവും കൊണ്ട് പോകുന്ന ശീലം ഇനി വീണ്ടും തുടങ്ങേണ്ടി വരും.
from kerala news edited
via IFTTT